മ്യാൻമറിൽ ബുദ്ധവിഹാരത്തിനുനേരെ സൈന്യത്തിന്റെ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു

നേപ്യിഡോ: മ്യൻമറിൽ സൈന്യം ബുദ്ധവിഹാരത്തിന് നേർക്ക് നടത്തിയ വ്യോമാക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. ഇരുപതോളംപേർക്ക് പരിക്കേറ്റു. സെൻട്രൽ സഗയിങ് മേഖലയിലെ സ്വെൽ ലേ ഓ ഗ്രാമത്തിലെ ബുദ്ധവിഹാരത്തിന് നേർക്കാണ് ആക്രമണമുണ്ടായത്. പ്രാദേശിക സമയം രാവിലെ ഒൻപതുമണിയോടെ ആയിരുന്നു സംഭവം. നൂറിലധികം പേർ ഒരാഴ്ച നീണ്ടുനിൽക്കുന്ന ധ്യാനപരിപാടിയിൽ പങ്കെടുക്കുന്നിടത്തേക്കായിരുന്നു സൈന്യം ബോംബിട്ടത്.
ബുദ്ധവിഹാരത്തിന്റെ മതിലിനുള്ളിലേക്ക് യുദ്ധവിമാനം ഒരു ബോംബ് ഇടുകയായിരുന്നെന്നും പതിനാലുപേർ കൊല്ലപ്പെട്ടതിൽ മൂന്നുപേർ സ്ത്രീകളാണെന്നും മ്യായുങ് ടൗൺഷിപ്പിന്റെ സിവിൽ ഡിഫൻസ് ആൻഡ് സെക്യൂരിറ്റി ഓർഗനൈസേഷന്റെ വക്താവ് വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസിനോടു പറഞ്ഞു.
പതിഞ്ചുമിനിറ്റ് വ്യത്യാസത്തിൽ സൈന്യം രണ്ട് ബോംബുകളാണ് ഇട്ടതെന്നും അതിൽ രണ്ടാമത്തേത് ബുദ്ധവിഹാരത്തിന് സമീപത്തെ വീടുകളിലൊന്ന് തകർത്തെന്നും പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു.
ജനാധിപത്യവാദികൾക്കും സായുധ ഗോത്ര സംഘങ്ങൾക്കും നേരെ മ്യാൻമർ സൈന്യം നടത്തിവരുന്ന ആക്രമണ പരമ്പരകളുടെ ഭാഗമാണ് ആക്രമണം. ഇത്തരം ആക്രമണങ്ങളിൽ സാധാരണക്കാർക്ക് പരിക്കേൽക്കുന്നതും ജീവൻ നഷ്ടപ്പെടുന്നതും പതിവാണ്.
സൈന്യം സിവിലിയൻ കേന്ദ്രങ്ങളെ കരുതിക്കൂട്ടി ലക്ഷ്യമിടുന്നെന്ന ആരോപണം മനുഷ്യാവകാശസംഘടനകളും അന്താരാഷ്ട്ര ഏജൻസികളും ഉന്നയിക്കുന്നുണ്ട്. 2021 ഫെബ്രുവരിയിൽ അട്ടിമറി നടത്തി പട്ടാളം അധികാരം പിടിച്ചതിൽപിന്നെ മ്യാൻമറിൽ ആഭ്യന്തരസംഘർഷം രൂക്ഷമാണ്.

