വിമതരെ തിരിച്ചെത്തിക്കാൻ സർവ അടവും പയറ്റി ഇമ്രാൻ; സർക്കാരിനെതിരെ സൈന്യം

ഇസ്ലാമാബാദ് ∙ സൈന്യവും കൈവിട്ടതോടെ സർക്കാരിനെ രക്ഷിക്കാൻ അവസാനശ്രമം എന്ന നിലയിൽ, പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ സുപ്രീം കോടതിയെ സമീപിച്ചു. അവിശ്വാസപ്രമേയത്തെ അനുകൂലിക്കുന്ന പാർട്ടിയിലെ വിമത എംപിമാരെ ആജീവനാന്തം അയോഗ്യരാക്കുന്നതു സംബന്ധിച്ച ഭരണഘടനാ വ്യവസ്ഥയിൽ വ്യക്തത വരുത്താൻ സർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. സഭയിൽ അവർ ചെയ്യുന്ന വോട്ട് അസാധുവാക്കാനുള്ള സാധ്യതയും ആരാഞ്ഞു. അറ്റോർണി ജനറൽ ഖാലിദ് ജാവേദ് ഖാൻ ആണ് ഹർജി നൽകിയത്. പാർട്ടിക്കെതിരെ വോട്ടു ചെയ്യുന്നവരെ അയോഗ്യരാക്കാമെന്ന് ഭരണഘടനയിൽ പറയുന്നുണ്ടെങ്കിലും കാലാവധിയെപ്പറ്റി പറയുന്നില്ല. അതിനാലാണ് കോടതിയെ സമീപിച്ചത്. ആജീവനാന്ത വിലക്ക് ഭയന്ന് വിമതർ തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. വിമതരായ 24 പേരെയും തിരിച്ചെത്തിക്കാനായി സർവ അടവും പയറ്റുകയാണ് ഇമ്രാൻ. തിരിച്ചുവരണമെന്നും സ്നേഹമുള്ള പിതാവിനെപ്പോലെ താൻ എല്ലാവരോടും ക്ഷമിക്കുമെന്നുമാണ് ഇമ്രാന്റെ വാക്കുകൾ. വെള്ളിയാഴ്ച തുടങ്ങുന്ന പാർലമെന്റ് സമ്മേളനത്തിലാണ് അവിശ്വാസപ്രമേയം അവതരിപ്പിക്കുക. 28ന് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 342 അംഗ പാർലമെന്റിൽ 172 വോട്ട് ആണ് ഭൂരിപക്ഷത്തിന് വേണ്ടത്. പ്രതിപക്ഷകക്ഷിയായ പാക്കിസ്ഥാൻ മുസ്ലിം ലീഗ്– നവാസ് വിഭാഗം, പാക്കിസ്ഥാൻ പീപ്പിൾസ് പാർട്ടി (പിപിപി) എന്നിവയിലെ നൂറോളം എംപിമാരാണ് പ്രമേയത്തിനു നോട്ടിസ് നൽകിയത്. ഇമ്രാനെതിരെ സ്വന്തം പാർട്ടിയിലെ 24 വിമതർ വോട്ട് ചെയ്താൽ സർക്കാർ വീഴും. ഇമ്രാൻ ഖാന്റെ പാക്കിസ്ഥാൻ തെഹ്രികെ ഇൻസാഫ് (പിടിഐ) പാർട്ടിക്ക് 155 അംഗങ്ങളാണ് ഉള്ളത്. 6 ചെറിയ പാർട്ടികളുടെ 23 അംഗങ്ങളുടെ പിന്തുണയോടെയാണ് 2018 മുതൽ സർക്കാർ നിലനിൽക്കുന്നത്. ഇമ്രാൻ ഖാന്റെ പിടിപ്പുകേടുള്ള ഭരണം മൂലം സാമ്പത്തിക സ്ഥിതി അവതാളത്തിലായി എന്നാണ് പ്രതിപക്ഷ ആരോപണം. ഇതേസമയം, ഒരുകാരണവശാലും ഇമ്രാനെ തുടരാൻ അനുവദിക്കരുതെന്നാണ് സേനയുടെ തീരുമാനമെന്നാണ് സൂചന. ഇന്നും നാളെയുമായി പാക്കിസ്ഥാനിൽ നടക്കുന്ന ഇസ്ലാമിക രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒഐസിയുടെ സമ്മേളനത്തിനു ശേഷം സ്ഥാനമൊഴിയണമെന്ന് ഇമ്രാൻ ഖാനോട് കരസേനാ മേധാവി ലഫ്. ജനറൽ ഖമർ ജാവേദ് ബജ്വ ആവശ്യപ്പെട്ടതായാണ് പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജനറൽ ബജ്വയും മുതിർന്ന 3 ലഫ്റ്റനന്റ് ജനറൽമാരും ചേർന്നെടുത്ത തീരുമാനം രഹസ്യാന്വേഷണ തലവൻ ലഫ്. ജനറൽ നദീം അൻജും ഇമ്രാനെ അറിയിച്ചതായാണ് വിവരം. വിമർശിക്കുന്നത് യുഎസിന് താവളം ഒരുക്കാത്തതിന്: ഇമ്രാൻ അഫ്ഗാനിസ്ഥാനിലെ താലിബാനെ ആക്രമിക്കാൻ യുഎസിന് പാക്കിസ്ഥാനിൽ താവളം അനുവദിക്കാത്തതിന്റെ പേരിലാണ് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുന്നതെന്ന് ഖൈബർ പഖ്തൂഖ്വയിലെ പാർട്ടി റാലിയിൽ ഇമ്രാൻ പറഞ്ഞു. അഫ്ഗാനിലെ 20 വർഷത്തോളം നീണ്ട സൈനിക നടപടിയെ പലതവണ ഒളിഞ്ഞും തെളിഞ്ഞും വിമർശിച്ച ഇമ്രാൻ, യുഎസിന് അഭിമതനല്ല. റഷ്യ യുക്രെയ്നിൽ സൈനിക നടപടി തുടങ്ങിയ ഉടൻ ഇമ്രാൻ മോസ്കോ സന്ദർശിച്ചതും അമേരിക്കയെ ചൊടിപ്പിച്ചു. റഷ്യൻ നടപടിയെ അപലപിക്കാൻ യൂറോപ്യൻ യൂണിയൻ പാക്കിസ്ഥാനോട് ആവശ്യപ്പെടുകയും ചെയ്തു. ‘ഇന്ത്യയോട് ഇക്കാര്യം ആവശ്യപ്പെടാൻ നിങ്ങൾക്കു ധൈര്യമുണ്ടോ’ എന്ന് താൻ അവരോടു ചോദിച്ചതായും ഇമ്രാൻ മലക്കണ്ടിൽ കഴിഞ്ഞദിവസം നടന്ന റാലിയിൽ പറഞ്ഞു.

