സില്‍വര്‍ ലൈന്‍ അതിരടയാള കല്ലിടല്‍ ഇന്നും തുടരും; കടുത്ത പ്രതിഷേധമുയരും, സമരക്കാര്‍ കോടതിയിലേക്കും

തിരുവനന്തപുരം: കെ റെയില്‍ (K Rail) സില്‍വര്‍ ലൈന്‍ (Silver Line) കല്ലിടല്‍ ഇന്നും തുടരുന്ന സാഹചര്യത്തില്‍ പ്രതിഷേധവും ശക്തമാകും. ചോറ്റാനിക്കര മേഖലയില്‍ സര്‍വേയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തും. മേഖലയില്‍ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നാണ് സൂചന. ഇന്നലെയും ഇവിടെ വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ശക്തമായ പ്രതിഷേധങ്ങള്‍ക്കിടെ കോഴിക്കോട് ഇന്നും കെ റെയില്‍ സര്‍വെ നടപടികളും അതിരടയാള കല്ല് സ്ഥാപിക്കലും നടക്കും. ഇന്നലെ പ്രതിഷേധം രൂക്ഷമായ പടിഞ്ഞാറെ കല്ലായി ഭാഗത്തുനിന്ന് ആവും ഇന്ന് നടപടികള്‍ തുടങ്ങുക. പ്രദേശവാസികളുടെ പ്രതിഷേധം കണക്കിലെടുത്ത് ഇന്നലെ കല്ലിടല്‍ താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു. കെ റെയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കയ്യേറ്റശ്രമം ഉണ്ടായ പശ്ചാത്തലത്തില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചാകും ഇന്നത്തെ നടപടികള്‍. മുന്‍കൂട്ടി അറിയിപ്പ് നല്‍കാതെ വീടുകളില്‍ അതിരടയാള കല്ല് ഇട്ട തിനെതിരെ കോടതിയെ സമീപിക്കാനാണ് ആണ് സമരക്കാരുടെ തീരുമാനം. അതിനിടെ മന്ത്രി സജി ചെറിയാന്റെ (Saji Cheriyan) പരാമര്‍ശങ്ങളില്‍ പ്രതിഷേധിച്ച് അദ്ദേഹത്തിന്റെ ഓഫീസിലേക്ക് ബിജെപി ഇന്ന് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
കെ റെയില്‍ കല്ല് സമരക്കാര്‍ കല്ലായി പുഴയിലെറിഞ്ഞു
അതേസമയം ഇന്നലെയും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധമാണ് കെ റെയില്‍ കല്ലിടലിനെതിരെ ഉയര്‍ന്നത്. കോഴിക്കോട് കെ റെയില്‍ കല്ല് സമരക്കാര്‍ പിഴുത് സമീപത്തൂടെ പോകുന്ന കല്ലായി പുഴയിലെറിഞ്ഞു. ചോറ്റാനിക്കരയിലും ശക്തമായ പ്രതിഷേധമുണ്ടായി. കോട്ടയത്തും മലപ്പുറത്തും സമരക്കാര്‍ ഉറച്ച നിലപാടില്‍ നിന്നു. കണ്ണൂരിലും കൊല്ലത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരവുമായി രംഗത്തുണ്ടായി.
കോട്ടയത്ത് കെ റെയില്‍ കല്ല് കൊണ്ട് വന്ന വാഹനത്തിന് മുകളില്‍ കയറി നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സമരക്കാരും പ്രതിഷേധിച്ചു. ഡിസിസി പ്രസിഡന്റിന്റെ നേതൃത്വത്തിലായിരുന്നു സമരം. ശക്തമായ പൊലീസ് സന്നാഹമാണ് സ്ഥലത്തുണ്ടായിരുന്നത്. പൊലീസ് പിന്‍വാങ്ങും വരെ സമരമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. പൊലീസ് സംയമനം പാലിച്ചതോടെ വലിയ തോതില്‍ പ്രശ്നങ്ങളുണ്ടായില്ല.
കല്ലിടല്‍ തുടരുമെന്ന് കെ റെയില്‍ എംഡി: സില്‍വര്‍ പാതയ്ക്ക് ഇരുവശവും ബഫര്‍ സോണ്‍ വരും
കോഴിക്കോട് കല്ലായിയിലാകട്ടെ സര്‍വേ പൂര്‍ണമായും തടഞ്ഞുള്ള പ്രതിഷേധമാണ് ഉണ്ടായത്. ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറും സംഘവും സ്ഥലത്ത് പ്രതിഷേധിച്ചു. മന്ത്രി സജി ചെറിയാനെതിരെ ഡിസിസി അധ്യക്ഷന്‍ പൊട്ടിത്തെറിച്ചു. വങ്കത്തരമാണ് സജി ചെറിയാന് പറയുന്നതെന്നും പിണറായി വിജയനും സിപിഎമ്മുമാണ് തീവ്രവാദികളെന്നും അദ്ദേഹം ആരോപിച്ചു. സമരത്തില്‍ നിന്ന് പിന്മാറില്ലെന്നും പ്രവീണ്‍ കുമാര്‍ വ്യക്തമാക്കി. ഇവിടെ റവന്യൂ ഭൂമിയില്‍ സ്ഥാപിച്ച കെ റെയില്‍ കല്ലുകള്‍ പറിച്ചു കളഞ്ഞു. കല്ല് പിഴുത് സമരക്കാര്‍ കല്ലായി പുഴയില്‍ ഇട്ടു. കോണ്‍ഗ്രസ് – ബിജെപി പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കല്ല് പറിച്ചത്.
കോട്ടയം പെരുമ്ബായിക്കാട് വില്ലേജിലെ കുഴിയാലിപ്പടിയില്‍ കെ റെയിലിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. എറണാകുളത്ത് ചോറ്റാനിക്കരയില്‍ പ്രതിഷേധത്തില്‍ അനൂപ് ജേക്കബ് എംഎല്‍എയും ചേര്‍ന്നു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കല്ല് പിഴുതെറിഞ്ഞു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ നേതൃത്വത്തിലായിരുന്നു കല്ല് പിഴുതെറിഞ്ഞത്. ഇവിടെ നെല്‍പ്പാടത്ത് സ്ഥാപിച്ച കല്ലുകള്‍ നീക്കി. കല്ല് കൊണ്ടുവന്ന വാഹനം സമരക്കാര്‍ നീക്കുകയും ചെയ്തു.
കണ്ണൂര്‍ കളക്ട്രേറ്റില്‍ കെ റെയില്‍ കല്ലിടാനെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. കളക്ട്രേറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുറ്റി സ്ഥാപിച്ചു. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉള്‍പെടെ 12 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം പെരിമ്ബായിക്കാട് കുഴിയാലപ്പടിയില്‍ കെ റെയില്‍ കല്ല് കൊണ്ടുവന്ന വാഹനത്തെ സമരപ്പന്തലാക്കി പ്രവര്‍ത്തകര്‍ സമരം ചെയ്തു. വാഹനം മാറ്റാന്‍ അനുവദിക്കില്ലെന്ന് സമരസമിതി പ്രവര്‍ത്തകര്‍ പറഞ്ഞു.
ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ കെ റെയില്‍ വിരുദ്ധ കണ്‍വന്‍ഷനില്‍ സംസാരിച്ച മുന്‍ മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന് സര്‍ക്കാരിന്റെ കീശ വികസിക്കുന്നതാണ് വികസനം എന്ന് കരുതുന്ന മുഖ്യമന്ത്രിയാണ് ഭരിക്കുന്നതെന്ന് കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടെ ഹൃദയം ഇടുങ്ങിയതാണെന്നും മുഖ്യമന്ത്രി ജനങ്ങളുടെ പ്രശനങ്ങള്‍ മനസ് തുറന്നു കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തെ രണ്ടായി വെട്ടി മുറിക്കുന്ന പദ്ധതിയാണ് സില്‍വര്‍ ലൈന്‍. സിപിഎം നേതാക്കളോട് ഒപ്പമിരുന്ന് ആറന്മുളയില് നെല്‍വയല്‍ സംരക്ഷിക്കാന്‍ വിമാനത്താവളത്തിന് എതിരെ സമരം ചെയ്ത പാര്‍ട്ടിയാണ് ബിജെപി. അന്ന് ഉമ്മന്‍ ചാണ്ടി സിപിഎം ബിജെപി കൂട്ടുകെട്ടെന്ന് പറഞ്ഞു. ഇന്ന് പിണറായി കോണ്‍ഗ്രസ്-ബിജെപി കൂട്ടുകെട്ട് ആരോപിക്കുന്നു. സിപിമ്മിന്റെ ശവക്കല്ലറക്കുള്ള കല്ലുകളാണ് കേരളത്തില്‍ ഇപ്പോള്‍ ഇടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തിരുവനന്തപുരം ജില്ലയില്‍ കെ റയിലിനായി ഇട്ടിരിക്കുന്ന എല്ലാ കല്ലുകളും പുഴുതുകളയുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് വിവി രാജേഷ് പറഞ്ഞു. കെ റെയില്‍ കല്ലുകള്‍ ക്ലിഫ് ഹൗസില്‍ കൊണ്ടിടുമെന്നും ഈ സമരം ചെയ്യുന്ന വനിതാ പ്രവര്‍ത്തകരെ തടയാനോ ഉപദ്രവിക്കാനോ പൊലീസ് ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസിന്റെ കുറ്റി ജനം പിഴുതെറിയും -മന്ത്രി എം എം മണി
കെ റെയിലിന്റെ കുറ്റി പറിക്കുന്ന കോണ്‍ഗ്രസിന്റെ കുറ്റി, ഉടന്‍ തന്നെ ജനങ്ങള്‍ പിഴുതെറിയുമെന്ന് മുന്‍ മന്ത്രി എം എം മണി. 2025ലും കാളവണ്ടി യുഗത്തില്‍ ജീവിക്കണമെന്നാണ് കോണ്‍ഗ്രസ് പറയുന്നത്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാക്കിയ അതിവേഗ റെയില്‍ പദ്ധതി നടപ്പാക്കാനാണ്
എല്‍ ഡി എഫ് സര്‍ക്കാര്‍ തീരുമാനിച്ചത്. അത് നടപ്പാക്കുക തന്നെ ചെയ്യുമെന്നും എം എം മണി പറഞ്ഞു
‘ജനകീയസമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താമെന്ന് കരുതണ്ട’; മുഖ്യമന്ത്രി മൂഢസ്വര്‍ഗത്തിലെന്നും കെ സുധാകരന്

