മൂന്ന് മാസം മുന്‍പ് വളര്‍ത്തുനായ മാന്തി: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു

തൃപ്രയാര്‍: പേവിഷബാധയേറ്റ് രണ്ടാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു. വലപ്പാട് അഞ്ചങ്ങാടി കിഴക്കന്‍ വീട്ടില്‍ ദിനേഷിന്റെയും ചിത്തിരയുടെയും ഏക മകന്‍ ഏഴുവയസുകാരന്‍ ആകര്‍ഷ് ആണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് ആകര്‍ഷിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അസ്വസ്ഥത കാണിച്ചപ്പോഴാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. അവിടെ നടത്തിയ പരിശോധനയിലാണ് പേവിഷബാധയേറ്റതാണെന്ന് മനസ്സിലാക്കിയത്. തിങ്കളാഴ്ച രാവിലെ ആകര്‍ഷ് മരിച്ചു.
മൂന്ന് മാസം മുമ്ബ് വീട്ടിലെ വളര്‍ത്തുനായ ആകര്‍ഷിനെ മാന്തിയിരുന്നു. രണ്ട് ദിവസമായി കുട്ടി വെള്ളം കുടിക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. അതിന് മുമ്ബ് യാതൊരു പ്രശ്നവും കുട്ടിക്ക് ഉണ്ടായിരുന്നില്ല.
പേ വിഷബാധയുടെ അപകടങ്ങളും രോഗവഴികളും വിശദീകരിച്ച് ഡോ. ഷിംന അസീസിന്റെ കുറിപ്പ് ഇവിടെ പങ്കുവയ്ക്കുന്നു. മൃഗങ്ങള്‍ മാന്തുകയോ കടിക്കുകയോ ചെയ്‌താല്‍ ആദ്യം ചെയ്യേണ്ടത് മുതല്‍ എല്ലാ വിവരങ്ങളും സെക്കന്‍ഡ് ഒപ്പീനിയന്‍ എന്ന തലക്കെട്ട് നല്‍കിയാണ് ഡോക്ടര്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
സെക്കന്‍ഡ് ഒപീനിയന്‍ – 013
പട്ടി, പൂച്ച, മരപ്പട്ടി, കുരങ്ങന്‍, പെരുച്ചാഴി, കുറുക്കന്‍ തുടങ്ങി നാട്ടുമൃഗങ്ങളും കാട്ടുമൃഗങ്ങളും നമുക്ക് കൊണ്ടു വന്നു തരുന്ന സൂക്കേടാണ് പേവിഷബാധ. പേവിഷബാധ വെറും വിഷബാധയല്ല, അല്‍-വിഷബാധയാണ്. വേറൊന്നും കൊണ്ടല്ല, പേയുള്ള മൃഗം കടിച്ച ശേഷം രോഗാണു ശരീരത്തില്‍ പണി തുടങ്ങിക്കഴിഞ്ഞാല്‍ മരണം ഉറപ്പാണ്. ലോകത്ത് ഇന്ന് വരെ പേവിഷബാധക്ക് ഫലപ്രദമായ ചികിത്സയില്ല. അപ്പോ നമുക്കിന്ന് വഴീക്കൂടെ പോണ പട്ടിയുടെ പിന്നില്‍ നിന്നും മാറി നിന്നു കൊണ്ട് #SecondOpinion വായിക്കാം. എല്ലാരും ഇവിടെ കമോണ്‍.
ഏതൊരു മൃഗവും മാന്തുകയോ കടിക്കുകയോ ചെയ്‌താല്‍ ആദ്യം ചെയ്യേണ്ടത് ആ ഭാഗം വൃത്തിയായി സോപ്പിട്ട് കഴുകുകയാണ്. പേവിഷബാധയുണ്ടാക്കുന്ന റാബീസ് വൈറസുകള്‍ ഒരു പരിധി വരെ ഈ ഒഴുകുന്ന വെള്ളത്തില്‍ ഒലിച്ച് പോകും. ശരീരഭാഗം കടിച്ചുപറിച്ച് മൃഗം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ടെങ്കില്‍ വൃത്തിയുള്ള തുണി കൊണ്ട് കെട്ടി രക്‌തപ്രവാഹം നിയന്ത്രിക്കാവുന്നതാണ്. ഒട്ടും കാത്ത് നില്‍ക്കാതെ ഉടന്‍ തന്നെ ആശുപത്രിയിലേക്ക് പോകുക. ബാക്കി കാര്യപരിപാടികള്‍ അവിടെ നിന്നാണ്. മുറിവ് ക്ലീന്‍ ചെയ്യല്‍, പേവിഷബാധക്ക് എതിരെയുള്ള കുത്തിവെപ്പ്, ടിടി വാക്‌സിന്‍ നല്‍കല്‍ തുടങ്ങിയ കാര്യങ്ങളാണ് അവിടെ ചെയ്യുക.
പലരും കരുതും പോലെ പേവിഷബാധക്കെതിരെയുള്ള കുത്തിവെപ്പ് പേ ഇല്ലാതാക്കാനുള്ള മരുന്നല്ല, മറിച്ച് പേ വരാതിരിക്കാനുള്ള വാക്‌സിനാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞ് എന്ത് കൊണ്ടാണ് വാക്‌സിന്‍ നല്‍കുന്നത് എന്നതല്ലേ ക്വസ്‌റ്റ്യന്‍? പറഞ്ഞു തരാം. റാബീസ് വൈറസ് മുറിവില്‍ നിന്നും വളരെ പതുക്കെ ഞരമ്ബുകളുടെ ആവരണം വഴി തലച്ചോറിലെത്തി ജീവാപായം വരുത്തുന്ന ഒന്നാണ്. തലച്ചോറില്‍ നിന്ന് എത്ര ദൂരെയാണോ മുറിവേറ്റ ഭാഗം, അത്രയും പതുക്കെയേ റാബീസ് വൈറസ് തലച്ചോറിലെത്തൂ.
അതായത് പട്ടിക്കുട്ടി മുഖം കടിച്ചു കീറിയാല്‍ കാലില്‍ പറ്റുന്ന മുറിവിനേക്കാള്‍ കാര്യം സീരിയസാണ്. അതില്‍ തന്നെ, മാന്തലിനും കടിക്കുന്നതിനുമെല്ലാം മുറിവിന്റെ സങ്കീര്‍ണത നേരിട്ട് നിര്‍ണയിക്കേണ്ടത് പരിശോധിക്കുന്ന ഡോക്‌ടറാണ്. വൈറസ് തലച്ചോറിലെത്തും മുന്‍പേ വാക്‌സിന്‍ ദേഹത്ത് കയറണം. കൂടാതെ, സാരമായ മുറിവുകള്‍ക്ക് റാബീസ് ഇമ്യൂണോഗ്ലോബുലിന്‍ എന്നൊരു സംഗതി നല്‍കി റെഡിമെയ്‌ഡ് പ്രതിരോധം നല്‍കാനാകും. എങ്ങനെയും റാബീസ് വൈറസിനെ നശിപ്പിച്ചേ മതിയാകൂ, കാരണം രോഗബാധ ഉണ്ടായാല്‍ മരണം സുനിശ്‌ചിതമാണ്. അതുകൊണ്ട് തന്നെ കൃത്യമായി ഡോക്‌ടര്‍ പറയുന്ന നാലു ദിവസവും വന്ന് കൈയിന് കുത്ത് മേടിക്കുക, പത്തു ദിവസത്തേക്ക് ആ മൃഗത്തിന് വല്ല മാറ്റവുമുണ്ടോ, അത് മൃതിയടയുന്നുണ്ടോ എന്ന് നിരീക്ഷിക്കുക. ഇത്രയേ വേണ്ടൂ.
പിന്നെ, ഇരുട്ടത്ത് കടിച്ചോടിപ്പോയത് പട്ടിയാണോ പശുവാണോ എന്ന് ബോധമില്ലാത്ത, എലിയേയും പെരുച്ചാഴിയേയും കണ്ടാല്‍ ഒന്നാണെന്ന് തോന്നുന്ന ആളുകള്‍ കടി കിട്ടി കുത്തിവെപ്പ് എടുക്കണോന്ന് സംശയിച്ച് നില്‍ക്കുന്നതിലും നല്ലത് റാബീസ് വാക്‌സിന്‍ എടുക്കുന്നതാണ്. അണുബാധ വന്നു കഴിഞ്ഞ് ജീവന്‍ പോകുന്നതിലും നല്ലത് കുത്ത് മേടിക്കുന്നത് തന്നെയാണേ…
.
വാല്‍ക്കഷ്‌ണം: എലി, അണ്ണാന്‍, മുയല്‍ തുടങ്ങിയ ജീവികള്‍ക്ക് റാബീസ് പരത്താനുള്ള ശേഷിയില്ല. കാഴ്ചയില്‍ എലിയുടെ അമ്മാവനായ പെരുച്ചാഴി പക്ഷേ പരത്തുകയും ചെയ്യും. പക്ഷികള്‍ക്കും റാബീസ് പരത്താന്‍ കഴിയില്ല. അത് കൊണ്ട് തന്നെ, ”കോഴിയെ പേപ്പട്ടി കടിച്ചു, കോഴിയിട്ട മുട്ട അറിയാതെ കഴിച്ചു. ഞാന്‍ മരിച്ചു പോകുമോ ഡോക്‌ടര്‍?” എന്നൊന്നും ചോദിച്ച് വരേണ്ടതില്ല. അതുപോലെ, പേയുള്ള ജീവി കടിച്ചാല്‍ അച്ചാര്‍ ഉപേക്ഷിക്കണോ, പുളി കഴിക്കാമോ, കുമ്ബളങ്ങ കഴിക്കാമോ എന്നൊക്കെ സ്‌ഥിരമായി രോഗികള്‍ ചോദിക്കാറുണ്ട്. കുമ്ബളങ്ങ പുളിയൊഴിച്ച് വെച്ചത് തൊട്ട്‌കൂട്ടിയല്ല വൈറസ് തലച്ചോറില്‍ പോണത്, നിങ്ങളെന്തേലുമൊക്കെ കഴി.
– Dr. Shimna Azeez

