KSDLIVENEWS

Real news for everyone

ഗാസ ആക്രമണം: മുസ്‌ലിം പള്ളിയിലെത്തിയ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയ്ക്കുനേരെ വന്‍ പ്രതിഷേധം / video

SHARE THIS ON

ടൊറന്റോ: ഗസ്സയിലെ ഇസ്രായേല്‍ ആക്രമണത്തിലെ നിലപാടില്‍ പ്രതിഷേധച്ചൂടറിഞ്ഞ് കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ.

കാനഡയിലെ മുസ്‌ലിം പള്ളിയില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് വിശ്വാസികള്‍ ട്രൂഡോയ്‌ക്കെതിരെ തിരിഞ്ഞത്. നാണക്കേടെന്നു പറഞ്ഞു പള്ളിയില്‍ ഒരുമിച്ചുകൂടിയവര്‍ അദ്ദേഹത്തിന്‍റെ പ്രസംഗം തടസപ്പെടുത്തുകയും ചെയ്തു.

ടൊറന്റോയിലെ എറ്റോബിക്കോയിലെ ഒരു പള്ളിയില്‍ വെള്ളിയാഴ്ചത്തെ ജുമുഅ നമസ്‌കാരത്തിനിടെയായിരുന്നു ട്രൂഡോയുടെ അപ്രതീക്ഷിത സന്ദര്‍ശനം. മാധ്യമങ്ങള്‍ക്കടക്കം വിവരം നല്‍കാതെയായിരുന്നു അദ്ദേഹം ഇവിടെയെത്തിയത്. ട്രൂഡോ പള്ളിയില്‍ പ്രസംഗിക്കാൻ എണീറ്റപ്പോഴാണു സദസില്‍നിന്ന് ബഹളം ഉയര്‍ന്നത്.

ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തില്‍ വെടിനിര്‍ത്തലിന് ഇടപെടല്‍ വേണമെന്നു ജനക്കൂട്ടത്തില്‍നിന്ന് ആവശ്യമുയര്‍ന്നു. വെടിനിര്‍ത്തല്‍ ആവശ്യപ്പെടാൻ ഇനിയും എത്ര ഫലസ്തീൻ കുഞ്ഞുങ്ങള്‍ കൊല്ലപ്പെടണമെന്നും ചോദ്യമുയര്‍ന്നു. ഗസ്സയിലെ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡുകളും പള്ളിയില്‍ ഉയര്‍ന്നു. ഇത്രയും പ്രയാസം നിറഞ്ഞൊരു ഘട്ടത്തില്‍ കൂടെ പ്രാര്‍ത്ഥിക്കാൻ അവസരം നല്‍കിയതില്‍ നന്ദിയുണ്ടെന്നായിരുന്നു ട്രൂഡോയുടെ പ്രതികരണം. പ്രസംഗം കഴിഞ്ഞു മടങ്ങുംവഴി കൂക്കുവിളിയുമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്.

പശ്ചിമേഷ്യയിലെ പുതിയ സംഭവവികാസങ്ങളില്‍ പ്രയാസമനുഭവിക്കുന്ന മുസ്‌ലിം സമൂഹത്തിനു പിന്തുണ അറിയിക്കാനാണ് ഇന്റര്‍നാഷനല്‍ മുസ്‌ലിം ഓര്‍ഗനൈസേഷൻ ഓഫ് ടൊറന്റോ കേന്ദ്രത്തില്‍ പ്രധാനമന്ത്രി എത്തിയതെന്നാണ് അദ്ദേഹത്തിന്റെ ഓഫിസ് പിന്നീട് വിശദീകരിച്ചത്. എല്ലാവര്‍ക്കും ദുഃഖവും വേദനയുമുണ്ടെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ട്രൂഡോ പ്രതികരിച്ചു.

ഹമാസ് ആക്രമണത്തെ ജസ്റ്റിൻ ട്രൂഡോ അപലപിച്ചിരുന്നു. ഇസ്രായേലിനു സ്വയം പ്രതിരോധിക്കാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ദ്വിരാഷ്ട്ര പരിഹാരത്തോടൊപ്പമാണ് ഇപ്പോഴും കാനഡ. ഹമാസ് ഫലസ്തീനികളെ പ്രതിനിധീകരിക്കുന്നില്ലെന്നും മുസ്‌ലിംകള്‍ക്കോ അറബികള്‍ക്കോ വേണ്ടിയല്ല സംസാരിക്കുന്നതെന്നും ട്രൂഡോ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!