KSDLIVENEWS

Real news for everyone

പി.ടി. തോമസ് എം.എല്‍.എ അന്തരിച്ചു

SHARE THIS ON

കൊച്ചി: മുതിർന്ന കോൺഗ്രസ് നേതാവും തൃക്കാക്കര എംഎൽഎയുമായ പി.ടി. തോമസ് (70) അന്തരിച്ചു. അർബുദ ചികിത്സയ്ക്കിടെ വെല്ലൂരിലെ ആശുപത്രിയിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. കെപിസിസി വർക്കിങ് പ്രസിഡന്റാണ്. മുൻപ് തൊടുപുഴയിൽനിന്ന് രണ്ട് തവണ എംഎൽഎ ആയിട്ടുള്ള അദ്ദേഹം ഇടുക്കി എം.പിയും ആയിരുന്നു.

പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് എക്കാലവും ശക്തമായ നിലപാടുകളെടുത്തിട്ടുള്ളയാളാണ് പി.ടി.തോമസ്. ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന പി.ടി. തോമസിന്റെ നിലപാടിനെതിരെ കടുത്ത എതിർപ്പുയർന്നപ്പോഴും അദ്ദേഹം നിലപാടിൽത്തന്നെ ഉറച്ചുനിന്നു. കിറ്റെക്സ് കമ്പനിയുടെ പ്രവർത്തനം കടമ്പ്രയാർ മലിനപ്പെടുത്തിയെന്ന പി.ടി.തോമസിന്റെ ആരോപണവും തുടർന്നുണ്ടായ വിവാദങ്ങളും വാർത്തകളിൽ നിറഞ്ഞിരുന്നു.


ഇടുക്കി ഉപ്പുതോട് പുതിയപറമ്പിൽ തോമസിന്റെയും അന്നമ്മയുടേയും മകനായി 1950 ഡിസംബർ 12-നാണ് പി.ടി തോമസിന്റെ ജനനം. തൊടുപുഴ ന്യൂമാൻ കോളേജ്, തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ്, എറണാകുളം മഹാരാജാസ് കോളേജ്, കോഴിക്കോട്ടെയും എറണാകുളത്തെയും ലോ കോളേജുകൾ എന്നിവിടങ്ങളിൽനിന്ന് പഠനം പൂർത്തിയാക്കി.

കെ.എസ്.യു വഴിയാണ് പൊതുരംഗത്ത് എത്തുന്നത്. കെ.എസ്.യു യൂണിറ്റ് വൈസ് പ്രസിഡന്റ്, കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി, ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കേരള സർവകലാശാലാ സെനറ്റ് അംഗവും ആയിരുന്നു.


1980-ൽ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ തോമസ് 1980 മുതൽ കെ.പി.സി.സി, എ.ഐ.സി.സി അംഗമാണ്. 1990-ൽ ഇടുക്കി ജില്ലാ കൗൺസിൽ അംഗമായി. 1991, 2001 തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്നും 2016-ലെ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്നും നിയമസഭാംഗമായി. 2021 ൽ വീണ്ടും തൃക്കാക്കരയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടു.

1996-ലും 2006-ലും തൊടുപുഴയിൽ നിന്ന് നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പി.ജെ. ജോസഫിനോട് പരാജയപ്പെട്ടു. 2007-ൽ ഇടുക്കി ഡി.സി.സിയുടെ പ്രസിഡന്റായി. 2009-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ നിന്ന് ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.

എഡിബിയും പ്രത്യയശാസ്ത്രങ്ങളും’ എന്ന പുസ്തകം രചിച്ചിട്ടുണ്ട്. ഭാര്യ: ഉമ തോമസ്, മക്കൾ: വിഷ്ണു തോമസ്, വിവേക് തോമസ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!