അയ്യപ്പഭക്തർ സഞ്ചരിച്ച വാൻ ലോറിക്ക് പിന്നിൽ ഇടിച്ചുകയറി; 16 പേർക്ക് പരുക്ക്…

കൊച്ചി∙ വൈറ്റിലയിൽ പുതിയറോഡ് ജംക്ഷനു സമീപം അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന വാൻ, ലോറിക്കു പിന്നിൽ ഇടിച്ചുകയറി വാൻ യാത്രക്കാരായ 16 പേർക്ക് പരുക്ക്. വാനിന്റെ ഡ്രൈവർ ഉൾപ്പെടെ അഞ്ച് പേരുടെ നില ഗുരുതരമാണ്. തമിഴ്നാട് വില്ലുപുരം കല്ലകുറിച്ചി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ഇവർ ആന്ധ്രയിൽ ജോലിചെയ്യുന്നവരാണ്.
ഇന്നലെ അര്ധരാത്രി 12 മണിയോടെയാണ് അപകടം. അപകടത്തിൽപ്പെട്ട വാനിൽ കുടുങ്ങിയവരെ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് പുറത്തെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പരുക്കേറ്റ രണ്ടു കുട്ടികളടക്കം 15 പേരെ സമീപത്തെ മെഡിക്കൽ സെന്റർ ആശുപത്രിയിലും ഒരാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഡ്രൈവർ ഉൾപ്പെടെ 16 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. ആന്ധ്ര സ്വദേശിയാണ് ഡ്രൈവർ. സംഘം 19നാണ് ശബരിമല ദർശനത്തിനായി പുറപ്പെട്ടത്.
Van-Lorry-Vyttila-Accident-2
വൈറ്റിലയ്ക്കു സമീപം ലോറിക്കു പിന്നിൽ വാൻ ഇടിച്ചുകയറിയുണ്ടായ അപകടത്തിന്റെ രക്ഷാപ്രവർത്തനം. ചിത്രം: ടോണി ഡൊമിനിക് ∙ മനോരമ
ഇടിയുടെ ആഘാതത്തിൽ, വാനിന്റെ ഒന്നാംനിര സീറ്റു വരെയുള്ള ഭാഗം തകർന്നു. വാനിന്റെ വശങ്ങൾ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തതെന്ന് പ്രദേശവാസിയായ കെ.ബിലാൽ മനോരമയോടു പറഞ്ഞു. ഒന്നര മീറ്ററോളം വാനിന്റെ മുൻഭാഗം ലോറിയുടെ പിന്നിലേയ്ക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. ക്രെയിൻ എത്തിച്ചാണ് ലോറിയിൽനിന്നു വാൻ വേർപെടുത്തിയത്. വാഹനത്തിനുള്ളിൽ കുടുങ്ങിയ രണ്ടു പേരെ രാത്രി രണ്ടു മണിക്കു ശേഷമാണ് പുറത്തെടുക്കാനായത്.
ഇടപ്പള്ളി ഭാഗത്തുനിന്നു വൈറ്റില ഭാഗത്തേയ്ക്കു പോകുകയായിരുന്നു അപകടത്തിൽപ്പെട്ട രണ്ടു വാഹനങ്ങളും. ഗോവയിൽനിന്നു ഗ്ലൂക്കോസ് ലോഡുമായി എത്തിയ ലോറി, പുതിയ റോഡിലേയ്ക്കു തിരിയാനായി വേഗം കുറച്ചപ്പോൾ തൊട്ടുപിന്നിൽ ബ്രേക്കിട്ട കാറിൽ തട്ടി നിയന്ത്രണംവിട്ടാണ് വാൻ ലോറിയിലേയ്ക്ക് ഇടിച്ചു കയറിയതെന്നു ദൃക്സാക്ഷികൾ പറഞ്ഞു.

