KSDLIVENEWS

Real news for everyone

മൂന്ന് പതിറ്റാണ്ടിന് ശേഷം സന്ദര്‍ശനാനുമതി; നാദാപുരം പള്ളിയിലേക്ക് ഒഴുകിയെത്തി സ്ത്രീകള്‍

SHARE THIS ON

കോഴിക്കോട്: മൂന്ന് പതിറ്റാണ്ടിന് ശേഷം നാദാപുരം വലിയ പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അനുമതി ലഭിച്ചതോടെ വന്‍ തിരക്ക് (Nadapuram Juma Masjid Women Entry). രണ്ട് ദിവസത്തെ അനുമതി ഇന്നലെയാണ് തുടങ്ങിയത്. ഇതോടെ ഇന്നലെ രാവിലെ എട്ടു മണി മുതല്‍ തന്നെ പള്ളി കാണാനായി ദൂര സ്ഥലങ്ങളില്‍ നിന്നു പോലും സ്ത്രീകളെത്തി. തിരക്ക് വര്‍ദ്ധിച്ചതോടെ നാദാപുരം ടൗണ്‍ വലിയ ഗതാഗതക്കുരുക്കിലായി. ട്രാഫിക്ക് നിയന്ത്രണത്തിന് പൊലീസ് ഏറെ ബുദ്ധിമുട്ടി. ഇതിന് പിന്നാലെ സ്ത്രീകള്‍ക്ക് സൗകര്യമൊരുക്കാന്‍ വനിത വളന്റിയര്‍മാരും രംഗത്തെത്തി.

32 വര്‍ഷങ്ങള്‍ക്കു മുമ്ബാണ് നാദാപുരം ജുമാഅത്ത് പള്ളി സന്ദര്‍ശനത്തിന് സ്ത്രീകള്‍ക്ക് അവസരം ലഭിച്ചിരുന്നത്. അന്ന് സന്ദര്‍ശിച്ച കുട്ടികള്‍ പോലും ഇന്ന് മുതിര്‍ന്നവരായി. നൂറു വര്‍ഷത്തിലധികം പഴക്കമുള്ള പള്ളിയാണിത്. നിരവധി മുന്‍കാല പണ്ഡിതരുടെ മഖ്ബറകള്‍ ഇവിടെയുണ്ട്. സുന്നി പണ്ഡിതരുടെ നേതൃത്വത്തില്‍ ഇവിടെ പ്രത്യേക പ്രാര്‍ഥന നടന്നു. സ്ത്രീകളുടെ സന്ദര്‍ശനം ഇന്ന് അവസാനിക്കും. കണ്ണൂരിലെ മട്ടന്നൂര്‍ സ്വദേശിയായ മൗലാനാ യഅ്ക്കൂബ് മുസ്‌ലിയാരുടെ നേതൃത്വത്തില്‍ പണിത പള്ളിയാണ് 120 വര്‍ഷത്തോളം പഴക്കമുള്ള നാദാപുരം പള്ളി.



വാസ്തുശില്പ കലയുടെ സവിശേഷതകളാല്‍ ശ്രദ്ധേയമാണ് ഈ പള്ളി. കേരളത്തിലെയും പേര്‍ഷ്യയിലെയും വാസ്തു വിദ്യയുടെ സമന്വയിപ്പിച്ച ഒരു രീതിയാണ് നാദാപുരം പള്ളിയുടേത്. പള്ളിയുടെ ഉള്ളില്‍ ഒരു മീറ്ററിലധികം ചുറ്റളവും നാലു മീറ്ററിലധികം ഉയരവുമുള്ള ഗ്രാനൈറ്റ് തൂണുകളുണ്ട്. വ്യത്യസ്ത വലുപ്പത്തിലുള്ള ഇത്തരം 23 ഗ്രാനൈറ്റ് തൂണുകളാണ് പള്ളിക്ക് ബലമേകുന്നത്. മൂന്നു നിലകളുള്ള പള്ളിയുടെ മുന്നാമത്തെ നില പൂര്‍ണമായും മരത്തിലാണ് നിര്‍മിച്ചിട്ടുള്ളത്. പള്ളിയുടെ നിര്‍മാണത്തിന് ഒരുപാടു വര്‍ഷങ്ങള്‍ സമയമെടുത്തെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട ഒരു രേഖയും ലഭ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!