സ്വകാര്യ ബസ് സമരം; കെഎസ്‌ആര്‍ടിസി നാളെ അധിക സര്‍വ്വീസ് നടത്തും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ അധികസര്‍വ്വീസ് നടത്തുമെന്ന് കെഎസ്‌ആര്‍ടിസി (KSRTC) . സ്വകാര്യ ബസ് സമരം (Private Bus Strike) നേരിടാനാണ് കൂടുതല്‍ സര്‍വ്വീസ് നടത്താനുള്ള കെഎസ്‌ആര്‍ടിസി എം ഡി യുടെ നിര്‍ദ്ദേശം.
സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടങ്ങും. സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയാല്‍ നേരിടുമെന്നും നിരക്ക് വര്‍ദ്ധന ഉടനുണ്ടാകുമെന്നും ഗതാഗത മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലും ബസ് ചാര്‍ജ് വര്‍ദ്ധനവ് ചര്‍ച്ചയായില്ല.
നിരക്ക് വര്‍ദ്ധനവില്‍ നാളെ നാളെ നീളെ നീളെ എന്ന തരത്തിലുള്ള സര്‍ക്കാരിന്‍റെ സമീപനത്തിലാണ് സ്വകാര്യ ബസ് ഉടമകള്‍ക്ക് പ്രതിഷേധം. നിരക്ക് വര്‍ദ്ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച് തീരുമാനിച്ച അനിശ്ചിതകാല പണിമുടക്കില്‍ പിന്നോട്ട് ഇല്ലെന്ന് ബസ് ഉടമകളുടെ സംയുക്ത സമരസമിതി വ്യക്തമാക്കി.
ഒരു ഭാഗത്ത് നിരക്ക് ഉയര്‍ത്തുന്നതില്‍ ആഘാതം നേരിടേണ്ടി വരുന്ന സാധാരണ ജനങ്ങള്‍. മറുഭാഗത്ത് പ്രതിസന്ധി ഉയര്‍ത്തി സമരം ചെയ്യാന്‍ ഒരുങ്ങുന്ന സ്വകാര്യ ബസുടമകള്‍. ഇതിനിടയിലാണ് സര്‍ക്കാര്‍. നിരക്ക് വര്‍ദ്ധനവ് ഉണ്ടാകുമെന്ന് മന്ത്രി ഇന്നും ആവര്‍ത്തിച്ചു. എന്നാല്‍ എന്ന് മുതല്‍ എങ്ങനെ വേണമെന്നതില്‍ വ്യക്തത വരുത്താന്‍ മന്ത്രി ഇന്നും തയ്യാറായില്ല.
വിലക്കയറ്റത്തിലും ഇന്ധന നിരക്ക് ഉയരുന്നതിലും ജനങ്ങള്‍ നട്ടം തിരിയുമ്ബോള്‍ ബസ് ചാര്‍ജ് വര്‍ദ്ധന മന്ത്രിസഭ വൈകിപ്പിക്കുകയാണ്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ അജണ്ടയില്‍ വിഷയം ഉള്‍പ്പെട്ടില്ല. മാര്‍ച്ച് അവസാനം ചേരുന്ന എല്‍ഡിഎഫ് യോഗം വരെ തീരുമാനം നീണ്ടേക്കും. ഓട്ടോ ടാക്സി ഉടമകളും സമരത്തിലേക്ക് നീങ്ങും എന്ന് സര്‍ക്കാരിനെ അറിയിച്ച് കഴിഞ്ഞു.
‘നയാ പൈസ കൈയ്യിലില്ല, നാലരമാസം കാത്തു’, ഇനി സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ബസ് ഉടമകള്‍
ചാര്‍ജ് (Bus charge) വര്‍ധനയെന്ന ആവശ്യമുന്നയിച്ച് സ്വകാര്യ ബസ് ഉടമകള്‍ സമരത്തിലേക്ക്. ഒത്തുതീര്‍പ്പിനില്ലെന്നും സമരവുമായി മുന്നോട്ട് തന്നെ പോകുമെന്നും ബസ് കോഡിനേഷന്‍ കമ്മിറ്റി പ്രതിനിധി ടി ഗോപിനാഥ് വ്യക്തമാക്കി. സാധാരണക്കാരെ ബുദ്ധിമുട്ടിച്ചുള്ള സമരത്തിന് ബസ് ഉടമകള്‍ക്ക് താല്‍പ്പര്യമില്ലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ സ്വകാര്യ ബസ് മേഖലയെ തഴഞ്ഞതോടെയാണ് സമരത്തിനിറങ്ങേണ്ടി വന്നതെന്നും ബസ് ഉടമകള്‍ പറഞ്ഞു.
”കഴിഞ്ഞ നവംബറില്‍ ബസ് സമരം പ്രഖ്യാപിച്ചതാണ്. ഗതാഗതമന്ത്രിയുമായി അതിന് ശേഷം നടത്തിയ ചര്‍ച്ചയില്‍ ചാര്‍ജ് കൂട്ടാമെന്ന ഉറപ്പ് നല്‍കി. എന്നാല്‍ നാലരമാസത്തിന് ശേഷവും കൂട്ടിയില്ല. ശബരിമല മകരവിളക്ക്, വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച, മുഖ്യമന്ത്രി വിദേശത്ത് പോയി തിരികെ വരട്ടെ തുടങ്ങി ന്യായങ്ങള്‍ പറഞ്ഞാണ് ഉറപ്പ് പാലിക്കാതെ സര്‍ക്കാര്‍ ഒഴിഞ്ഞു മാറിയത്. ബജറ്റിലും ആനുകൂല്യമുണ്ടായില്ല. അതേ സമയം കെ എസ് ആര്‍ ടിസി ക്ക് വേണ്ടി 1000 കോടിയാണ് സര്‍ക്കാര്‍ നല്‍കിയത്. ഡീസല്‍ വില വര്‍ധിച്ചപ്പോള്‍ കെ എസ് ആര്‍ടിസിക്ക് വേണ്ടി സര്‍ക്കാര്‍ കോടതി കയറി. ഇന്ധനവില ദിവസേനെ കൂടുന്ന സാഹചര്യത്തില്‍ സ്വകാര്യ മേഖല വലിയ പ്രതിസന്ധിയെ നേരിടുന്നു. ബസ് ഉടമകളെ സംബന്ധിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിയാണെന്നും ചാര്‍ജ് വര്‍ധനയല്ലാതെ മറ്റൊരു മാര്‍ഗം മുന്നിലില്ലെന്നും ബസ് ഉടമകള്‍ വ്യക്തമാക്കി.
മിനിമം ചാര്‍ജ് 12 രൂപയാക്കണം
മിനിമം ചാര്‍ജ് 12രൂപയാക്കണം, കിലോമീറ്റര്‍ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയര്‍ത്തണം, വിദ്യാര്‍ഥികളുടെ നിരക്ക് ആറ് രൂപയാക്കണം ഇതെല്ലാമാണ് ബസുടമകളുടെ പ്രധാന ആവശ്യങ്ങള്‍.
കൊവിഡ് കാലത്തെ വാഹന നികുതി ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാര്‍ശയുണ്ടായിട്ടും നടപ്പാകാത്തതിലും സ്വകാര്യ ബസുടമകള്‍ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. നവംബര്‍ മാസം തന്നെ മിനിമം ചാര്‍ജ് 10 രൂപായാക്കാന്‍ ഗതാഗത വകുപ്പ് ആലോചിച്ചെങ്കിലും പ്രഖ്യാപനം ഉണ്ടായില്ല. രാമചന്ദ്രന്‍ നായര്‍ ശുപാര്‍ശ പരിഗണിച്ചുള്ള മാറ്റം ഉണ്ടാകുമെന്ന സൂചന നല്‍കുമ്ബോഴും എപ്പോള്‍ മുതല്‍ എന്നതില്‍ തീരുമാനം വൈകുന്നു. വിലക്കയറ്റത്തിനിടയില്‍ ബസ് ചാര്‍ജ് വര്‍ധന സാധാരണക്കാര്‍ക്ക് ഇരട്ട പ്രഹരമാകുമെന്ന വിലയിരുത്തലാണ് സര്‍ക്കാരിനെ കുഴപ്പിച്ചത്.

