അമിത് ഷായ്ക്കും സോണിയാ ഗാന്ധിയ്ക്കും സുരക്ഷയൊരുക്കാന്‍ ഇനി സി.ആര്‍.പി.എഫ്. വനിതാ കമാന്‍ഡോകളും

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവർക്കുള്ള സുരക്ഷാസേനയിൽ വനിതാ സി.ആർ.പി.എഫുകാരെക്കൂടി ഉൾപ്പെടുത്തി. ഇതാദ്യമായാണ് ഇവരുടെ സുരക്ഷാച്ചുമതലയ്ക്കായി വനിതാ ഉദ്യോഗസ്ഥരെക്കൂടി നിയോഗിക്കുന്നത്.
ജനുവരി രണ്ടാംവാരം മുതൽ സി.ആർ.പി.എഫിന്റെ വി.ഐ.പി. സുരക്ഷാവിഭാഗത്തിലേക്ക് 32 പേരെക്കൂടി നിയോഗിക്കുമെന്നും ഇവരെ സുരക്ഷ നൽകേണ്ടവരുടെ വസതികളിലും വിന്യസിക്കുമെന്നും മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എൻ.ഡി.ടി.വി. റിപ്പോർട്ട് ചെയ്തു.
ആഭ്യന്തര മന്ത്രി അമിത് ഷായുടെ വസതിയിലും മുൻപ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ വസതിയിലും വനിതാ സി.ആർ.പി.എഫുകാരെ സുരക്ഷയ്ക്കായി നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൻമോഹൻ സിങ്ങിന്റെ ഭാര്യ ഗുർശരൺ കൗറും സംരക്ഷണം നൽകേണ്ടവരുടെ പട്ടികയിലുള്ളയാളാണ്. അതിനാലാണ് അദ്ദേഹത്തിന്റെ വസതിയിലും സുരക്ഷാ പരിശോധനയ്ക്കും മറ്റുമായി വനിതാ സി.ആർ.പി.എഫുകാരെ നിയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വി.ഐ.പി. സുരക്ഷാച്ചുമതലയുമായി ബന്ധപ്പെട്ട പത്താഴ്ചത്തെ പരിശീലനം കഴിഞ്ഞ വനിതാ ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത്.
വി.ഐ.പികളുടെ വീടുകൾക്ക് സുരക്ഷ ഉറപ്പാക്കുന്ന സംഘത്തിലും ഈ ഉദ്യോസ്ഥരെ ഉൾപ്പെടുത്തും. കൂടാതെ അടുത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലും ആവശ്യമെങ്കിൽ ഇവരെ നിയോഗിക്കും

