സി.ബി.ഐ. ഡയറക്ടര്‍ നിയമനം: ബെഹ്‌റയ്ക്ക് തിരിച്ചടിയായത് ചീഫ് ജസ്റ്റിസ് എന്‍.വി. രമണയുടെ നിലപാട്

ന്യൂഡൽഹി: സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന കേരള പോലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് തിരിച്ചടിയായത് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണയുടെ നിലപാട്. വിരമിക്കാൻ ആറ് മാസത്തിലധികം ഉള്ളവരെ മാത്രമേ സി.ബി.ഐ. ഡയറക്ടറായി നിയമിക്കാവൂ എന്ന സുപ്രീം കോടതി വിധി നടപ്പിലാക്കണമെന്ന നിലപാട് ചീഫ് ജസ്റ്റിസ് രമണ ഉന്നതതല സമിതി യോഗത്തിൽ സ്വീകരിച്ചതാണ് ബെഹ്റ ഉൾപ്പടെ സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന പല ഉദ്യോഗസ്ഥർക്കും വിനയായത്. ഉന്നതതല സമിതി തയ്യാറാക്കിയ മൂന്നംഗ പട്ടികയിൽനിന്ന് പുതിയ സി.ബി.ഐ. ഡയറക്ടറെ കേന്ദ്ര സർക്കാറിന്റെ നിയമന സമിതി ഉടൻ തെരഞ്ഞെടുക്കും.
സർവീസ് കാലാവധി ആറുമാസത്തിലധികം ഉള്ളവരെ മാത്രമേ സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് നിയമിക്കാവു എന്ന സുപ്രീം കോടതി വിധി ഇതാദ്യമായാണ് കർശനമായി നടപ്പിലാക്കണമെന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഒരു ചീഫ് ജസ്റ്റിസ് ആവശ്യപ്പെടുന്നത്. നടപടിക്രമങ്ങൾ പാലിച്ചേ നിയമനം പാടുള്ളൂവെന്ന നിലപാട് ചീഫ് ജസ്റ്റിസ് സ്വീകരിച്ചതോടെയാണ് സി.ബി.ഐ. ഡയറക്ടർ സ്ഥാനത്തേക്ക് കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്ന രാകേഷ് അസ്താന, വൈ.സി. മോദി എന്നിവർ ചുരുക്കപ്പട്ടികയിൽനിന്ന് ഒഴിവായത്.
ബി.എസ്.എഫ്. മേധാവി രാകേഷ് അസ്താന ഓഗസ്റ്റ് 31-നാണ് വിരമിക്കുന്നത്. എൻ.ഐ.എ. മേധാവി വൈ.സി. മോദി മെയ് 31-നും വിരമിക്കും. 1985 ഐ. പി.എസ്. ബാച്ചിലെ സീനിയോറിറ്റിയിൽ മുൻപന്തിയിൽ ആയിരുന്നെങ്കിലും കേരള ഡി.ജി.പി. ലോക്നാഥ് ബെഹ്റയും ഒഴിവാക്കപ്പെട്ടത് ചീഫ് ജസ്റ്റിസ് എൻ.വി. രമണ മുന്നോട്ട് വച്ച നിലപാട് കാരണമാണ്. ജൂൺ 30-ന് ആണ് ഡി.ജി.പി. ബെഹ്റ സർവീസിൽ നിന്ന് വിരമിക്കുന്നത്.
സി.ബി.ഐ. ഡയറക്ടറായി തെരഞ്ഞെടുക്കുന്നതിന് സുബോധ് കുമാർ ജയ്സ്വാൾ, കുമാർ രാജേഷ് ചന്ദ്ര, വി.എസ്.കെ. കൗമുദി എന്നിവരടങ്ങുന്ന പട്ടികയാണ് പ്രധാനമന്ത്രിയുടെ അധ്യക്ഷയിലുള്ള സമിതി തയ്യാറാക്കിയത്. ഈ മൂന്നുപേരെ കുറിച്ചും വിയോജനക്കുറിപ്പ് രേഖപെടുത്തിയില്ലെങ്കിലും, പട്ടിക തയ്യാറാക്കിയതിലുള്ള നടപടിക്രമത്തിലുള്ള വിയോജിപ്പ് ലോക്സഭയിലെ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി രേഖപ്പെടുത്തി.
മഹാരാഷ്ട്ര മുൻ ഡി.ജി.പിയായ സുബോധ് കുമാർ ജയ്സ്വാൾ നിലവിൽ സി.ഐ.എസ്.എഫ്. ഡയറക്ടർ ജനറലാണ്. സശസ്ത്ര സീമാബൽ ഡയറക്ടർ ജനറലാണ് 1985 ബാച്ച് ബിഹാർ കേഡർ ഐ.പി.എസ്. ഉദ്യോഗസ്ഥനായ കുമാർ രാജേഷ് ചന്ദ്ര. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ സ്പെഷ്യൽ സെക്രട്ടറിയാണ് 1986 ബാച്ച് ആന്ധ്രാപ്രദേശ് കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ വി.കെ.എസ്. കൗമുദി

