വീടിന്റെ ചവിട്ടുപടിയിൽ പത്തിവിടർത്തി രാജവെമ്പാല; അകത്തേക്ക് കയറ്റിവിടാതെ കുക്കുറുവും

വെള്ളരിക്കുണ്ട്∙ രാജവെമ്പാലയുടെ മുന്നിൽ പെടാതെ നാരായണിയും മക്കളും രക്ഷപ്പെട്ടതിന്റെ ക്രഡിറ്റ് കുക്കുറുവിനാണ്. കുരച്ചു മുന്നറിയിപ്പു നൽകിയ കുക്കുറു ഇന്നലെ മുതൽ ഈ കുടുംബത്തിന് ഹീറോയാണ്. മാലോ പുഞ്ച ചെത്തിപുഴതട്ട് പട്ടികവർഗ്ഗ കോളനിയിലെ പേരടുത്ത് വീട്ടിൽ നാരായണിയുടെ വീട്ടു മുറ്റത്തെത്തിയ രാജവെമ്പാലയെ പിന്നീട് വനംവകുപ്പ് അധികൃതരെത്തി പിടികൂടി. ഇന്നലെ രാവിലെ പതിവിലും വിപരീതമായി കുക്കുറു എന്ന വളർത്തു നായയുടെ നിർത്താതെയുള്ള കുരകേട്ടാണ് നാരായണിയും രണ്ടു മക്കളും വാതിൽ തുറന്നത്. നോക്കുമ്പോൾ മുറ്റത്തെ ചവിട്ടു പടിയിൽ പത്തിവിടർത്തി നിൽക്കുന്ന രാജവെമ്പാല. വീടിനകത്തേക്ക് രാജവെമ്പാലയെ അടുപ്പിക്കാതെ കുക്കുറുവും. ഉടനെ വാതിൽ അടച്ച് വീടിനകത്തു കയറിയ നാരായണിയും മകനും അടുക്കള ഭാഗത്തുകൂടി പുറത്തേക്ക് ഓടി. വീടിനോട് ചേർന്നുള്ള വളർത്തു മുയലിന്റെ കൂടിനടുത്തേക്ക് നീങ്ങിയ പാമ്പിനെ നായ കുരച്ചു ചാടി വഴി തിരിച്ച് അടുത്തുള്ള കൈതക്കാട്ടിലേക്ക് ഓടിച്ചു. വിവരമറിഞ്ഞ് വാർഡ് മെംബർ കൂടിയായ ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയവും സ്ഥിരംസമിതി അംഗം അലക്സ് നെടിയ കാലയും എത്തി. വനം വകുപ്പിനെ വിവരമറിയിച്ചു. പാമ്പ് പിടിത്തത്തിൽ പരിശീലനം നേടിയ വനം വകുപ്പ് ഉദ്യോഗസ്ഥൻ സുജേഷ് കരിവെള്ളൂർ എത്തി ജീവനോടെ പിടികൂടി.

