മര്യാദയ്ക്ക് ഇരിക്കണം, ഇല്ലെങ്കില്‍ പുറത്തിറക്കിവിടും; മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് വി.ഡി. സതീശന്

വയനാട് നടന്ന വാര്‍ത്താ സമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകരോട് പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. രാഹുല്‍ ഗാന്ധിയുടെ ഓഫീസില്‍ ആക്രമണം നടന്ന ശേഷം ഓണ്‍ലൈനില്‍ വന്ന ദൃശ്യങ്ങളിലെല്ലാം ഗാന്ധിയുടെ ഫോട്ടോ ചുമരില്‍ തന്നെയുണ്ടായിരുന്നല്ലോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടാണ് വിഡി സതീശന് പൊട്ടിത്തെറിച്ചത്. ( VD Satheesan shouted at the media persons )
‘ ഇതുപോലുള്ള സാധനങ്ങള്‍ കൈയ്യില്‍ വെച്ചാല്മതി. ഇത്തരം ചോദ്യങ്ങള്‍ പിണറായി വിജയനോട് പോയി ചോദിച്ചാല്‍ മതി. എന്നോട് ചോദിക്കേണ്ട. അസംബന്ധം കാണിച്ചിട്ട് ചാനലുകളും പത്രങ്ങളും വഴി കലാപത്തിന് ആഹ്വാനം നല്കുന്നോ. അസംബന്ധം പറയാതെ മര്യാദയ്ക്ക് ഇരുന്നോണം, ഇല്ലെങ്കില്‍ ഞാന്‍ പുറത്തിറക്കിവിടും’ . വിഡി സതീശന് പൊട്ടിത്തെറിച്ചു.
Read Also: ഇരട്ടച്ചങ്കനല്ല, യഥാര്‍ത്ഥ ലീഡര്‍ വി.ഡി. സതീശന്; പ്രതിപക്ഷനേതാവിനെ ലീഡറായി വിശേഷിപ്പിച്ച് പടുകൂറ്റന്‍ ഫ്ലക്സ് ബോര്‍ഡുകള്‍
മുഖ്യമന്ത്രിയുടെ ഓഫീസ് ആസൂത്രണം ചെയ്ത ആക്രമണമാണ് വയനാട്ടില്‍ എസ്എഫ്ഐ നടപ്പാക്കിയത്. കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ വയനാട് സന്ദര്‍ശനത്തിന് ശേഷമാണ് രാഹുലിന്റെ ഓഫീസ് ആക്രമണത്തിന് പദ്ധതി തയ്യാറായത്. സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നാണ് പ്രകടനം തുടങ്ങിയതെന്നും, വാഴയുമായി പ്രകടനത്തിനെത്തിയ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് പൂര്‍ണമായും പൊലീസിന്റെ പിന്തുണയുണ്ടായിരുന്നുവെന്നും സതീശന് ആരോപിച്ചു.
ഇതിനിടെ ഡിസിസി പ്രസിഡന്റ് ടി സിദ്ദിഖടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ശബ്ദം കേട്ട് അകത്തേക്ക് കയറിയ പൊലീസിന് നേരെ ടി. സിദ്ദിഖ് പാഞ്ഞടുത്തു. പോയി ക്രിമിനലുകള്‍ക്ക് പ്രൊട്ടക്ഷന്‍ കൊടുക്ക്, ഞങ്ങള്‍ക്ക് നിങ്ങളുടെ പ്രൊട്ടക്ഷനൊന്നും വേണ്ടെന്നായിരുന്നു സിദ്ദിഖിന്റെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ ഓഫീസിന് സുരക്ഷയൊരുക്കാന്‍ കഴിയാതിരുന്ന പൊലീസ് തല്ക്കാലം ഇവിടെ വന്ന് സുരക്ഷ തരണ്ട എന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ വാദം. നേതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് പൊലീസ് സംഘം ഡിസിസി ഓഫീസിന് പുറത്തേക്ക് മാറുകയായിരുന്നു.