വ്യവസായിയില്‍നിന്ന് തട്ടിയത് 59 ലക്ഷം, മര്‍ദനവും നഗ്നചിത്രമെടുത്ത് ഭീഷണിയും; മൂന്നുപേര്‍ പിടിയില്‍

കോഴിക്കോട്: വ്യാപാരത്തിൽ പങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി കോഴിക്കോട് സ്വദേശിയായ ഗൾഫ് വ്യവസായിയെ കബളിപ്പിച്ച് 59 ലക്ഷം രൂപ തട്ടിയെടുത്ത സ്ത്രീ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ. കണ്ണൂർ സ്വദേശിയും കാരപ്പറമ്പിലെ ഫ്ളാറ്റിൽ താമസക്കാരിയുമായ ഒ. സിന്ധു(46), പെരുമണ്ണ കളത്തിങ്ങൽ കെ. ഷനൂബ് (39), ഫാറൂഖ് കോളേജ് അനുഗ്രഹയിൽ എം. ശരത്കുമാർ (27) എന്നിവരെയാണ് നടക്കാവ് പോലീസ് അറസ്റ്റ് ചെയ്തത്.
2019 ഒക്ടോബർ 25 മുതൽ വിവിധ കാലങ്ങളിലായി വ്യാപാരപങ്കാളിയാക്കാമെന്ന് വാഗ്ദാനം നൽകി പണവും അഞ്ച് പവൻ സ്വർണവും വ്യവസായിയുടെ ഭാര്യയുടെ പേരിലുള്ള നാല് ലക്ഷം രൂപയുടെ കാറും തട്ടിയെടുക്കുകയായിരുന്നു. എന്നാൽ, വ്യവസായത്തിൽ പങ്കാളിയാക്കാതെയും ലാഭവിഹിതം നൽകാതെയും പ്രതികൾ ഇയാളെ കബളിപ്പിക്കുകയായിരുന്നു. ഇതിനെത്തുടർന്ന്
പണം തിരികെ ആവശ്യപ്പെട്ടപ്പോൾ 2021 ഫെബ്രുവരി 23-ന് കാരപ്പറമ്പിലെ സിന്ധുവിന്റെ ഫ്ളാറ്റിലേക്ക് വ്യാപാരക്കരാർ ഉണ്ടാക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയും അവിടെ വെച്ച് സിന്ധു ഉൾപ്പെടെ ഒമ്പത് പേർ ചേർന്ന് വ്യവസായിയെ മർദിച്ച് അവശനാക്കുകയും സ്വർണമാല കവരുകയും ചെയ്തു.
കൂടാതെ സിന്ധുവിനെ ഒപ്പം നിർത്തി വ്യവസായിയുടെ നഗ്നചിത്രമെടുത്തു. ഈ ഫോട്ടോ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നും പോലീസിൽ പരാതി നൽകിയാൽ കൊല്ലുമെന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് പരാതി. കേസിൽ ഇനിയും ആറ് പേരെക്കൂടി പിടികൂടാനുണ്ടെന്ന് പോലീസ് പറഞ്ഞു. നടക്കാവ് ഇൻസ്പെക്ടർ എൻ. ബിശ്വാസ്, എസ്.ഐ. എസ്.ബി. കൈലാസ്നാഥ് എന്നിവരുൾപ്പെട്ട അന്വേഷണസംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

