KSDLIVENEWS

Real news for everyone

ആഞ്ഞടിച്ച് നിവാര്‍ ; ചെന്നൈയില്‍ 2015-ലെ ഓര്‍മയില്‍ കാറുകള്‍ മേല്‍പ്പാലങ്ങളില്‍ പാർക്ക് ചെയ്തു

SHARE THIS ON

ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട നിവാർ ചുഴലിക്കാറ്റ് തീരം തൊട്ടു. തമിഴ്നാട്ടിലെയും പുതുച്ചേരിയിലെയും തീരത്ത് വീശിയടിച്ച ചുഴലിക്കാറ്റ് കനത്ത നാശനഷ്ടമുണ്ടാക്കി. 2015-ലെ വെള്ളപ്പൊക്കത്തിന്റെ ഓർമയിൽ ചെന്നൈയിലെ താഴ്ന്ന ഭാഗത്ത് താമസിക്കുന്നവർ തങ്ങളുടെ കാറുകൾ മേൽപ്പാലങ്ങളിലും മറ്റു സുരക്ഷിതമായി പാർക്ക് ചെയ്തു.

2015-ലെ വെള്ളപ്പൊക്കത്തിൽ നിരവധി കാറുകൾ വെള്ളത്തിൽ ഒഴുകിയ സാഹചര്യം ഇത്തവണ ഒഴിവാക്കാനായി പ്രദേശവാസികൾ ഏറെ മുന്നൊരുക്കങ്ങൾ നടത്തിയിരുന്നു. മേൽ പാലങ്ങളുടെ ഇരുവശത്തും കാറുകൾ നിരനിരയായി കിടക്കുന്നത് മുമ്പൊരിക്കലും ഇവിടെ കണ്ടിട്ടില്ലാത്ത കാഴ്ചയാണെന്ന് തദ്ദേശവാസികൾ പറഞ്ഞു.

2015 ൽ, നഗര പ്രദേശങ്ങളായ മഡിപാക്കം, കോട്ടൂർപുരം എന്നിവിടങ്ങളിൽ പാർക്ക് ചെയ്തിരുന്ന നിരവധി കാറുകൾ വെള്ളത്തിൽ മുങ്ങിയിരുന്നു. അതേ സമയം നഗരത്തിലെ 22 സബ് വേകളിലും വെള്ളംകെട്ടി നിൽക്കുന്നില്ലെന്ന് ഉറപ്പാക്കിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നത് ഹെവിഡ്യൂട്ടി മോട്ടോറുകൾ ഉപയോഗിച്ച് ഒഴിവാക്കുകയാണ്. 52 ഇടങ്ങളിൽ മരങ്ങൾ വേരോടെ മറിഞ്ഞ് വീണിട്ടുണ്ട്. ഇതെല്ലാം നീക്കം ചെയ്തതായും ചെന്നൈ കോർപ്പറേഷൻ വ്യക്തമാക്കി.

ചെന്നൈ, ചെങ്കൽപ്പേട്ട്, കാഞ്ചീപുരം പുതുച്ചേരി, കടലൂർ, വിഴുപുരം തുടങ്ങിയിടങ്ങളിൽ കനത്ത നാശനഷ്ടമുണ്ടായി. 155 കിലോമീറ്റർവരെ വേഗം ആർജിച്ച കാറ്റ് വ്യാഴാഴ്ച പുലർച്ചെയോടെയാണ് പൂർണമായും കരയിൽ കടന്നത്.

നിരവധി മരങ്ങൾ പിഴുതെറിഞ്ഞ ചുഴലിക്കാറ്റിൽ ജീവൻ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ ഇല്ല. മതിലുകൾ തകർന്ന സംഭവങ്ങൾ തമിഴ്നാട്ടിലെ ചില ഭാഗങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്തതായി സംസ്ഥാന റവന്യൂ മന്ത്രി ആർ ബി ഉദയകുമാർ പറഞ്ഞു. ‘തമിഴ്നാട്ടിൽ ആർക്കും ജീവഹാനി ഉണ്ടായിട്ടില്ല. ജനങ്ങൾ ഞങ്ങൾക്ക് പൂർണ്ണ സഹകരണം നൽകിയിട്ടുണ്ട്,’ അദ്ദേഹം പറഞ്ഞു. ‘അനാവശ്യമായ ഒന്നും സംഭവിച്ചിട്ടില്ലെന്നും ചുഴലിക്കാറ്റ് ദുർബലമാകുന്നത് ഒരു സന്തോഷവാർത്തയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രക്ഷാപ്രവർത്തനങ്ങൾക്കായി കരസേന എത്തിയിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേനയെയും ദുരിതബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിരിക്കുകയാണ്. തമിഴ്നാട്ടിൽ 13 കടലോരജില്ലകളിൽ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്താകെ രണ്ടരലക്ഷത്തോളം ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ചെന്നൈയിൽ മാത്രം 169 ക്യാമ്പുകൾ ആരംഭിച്ചു. തെക്കൻ തമിഴ്നാട്ടിലൂടെ സർവീസ് നടത്തുന്നതടക്കം 30-ഓളം തീവണ്ടി സർവീസുകളും ചെന്നൈ വിമാനത്താവളത്തിലൂടെയുള്ള 70 വിമാനസർവീസുകളും റദ്ദാക്കി. ചെന്നൈ സബർബൻ, മെട്രോ തീവണ്ടി സർവീസുകൾ മുടങ്ങി.

12 മണിക്കൂർ അടച്ചിട്ടതിന് ശേഷം ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനഃരാരംഭിച്ചിട്ടുണ്ട്. പുതുച്ചേരിയിൽ ആളാപായം സംഭവിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി വി.നാരായണസ്വാമി പറഞ്ഞു. രണ്ടായിരത്തോളം ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!