ഇബ്രാഹിം കുഞ്ഞിന്റെ ജാമ്യാപേക്ഷയിൽ കോടതി വിധി ഇന്ന് ; ആശുപത്രിയിൽ വച്ച് ചോദ്യം ചെയ്യാൻ അനുമതി വേണമെന്ന് വിജിലൻസ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ ജാമ്യാപേക്ഷയിലും കസ്റ്റഡി അപേക്ഷയിലും കോടതി ഇന്ന് വിധി പറയും. മൂവാറ്റുപുഴ വിജിലന്‍സ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.
ഇബ്രാഹിംകുഞ്ഞിന്‍റെ ആരോഗ്യസ്ഥിതി മോശമാണെന്ന് ചൂണ്ടിക്കാണിച്ച് മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ട് കോടതിക്ക് നല്‍കിയിരുന്നു. അര്‍ബുദ ബാധിതനായ ഇബ്രാഹിംകുഞ്ഞിന് നിലവില്‍ ചികില്‍സയിലിരിക്കുന്ന ആശുപത്രിയില്‍ തന്നെ ചികില്‍സ തുടരണം. ആശുപത്രി മാറ്റുന്നത് അണുബാധയ്ക്ക് കാരണമാകുമെന്നും ഡോക്ടര്‍മാര്‍ സൂചിപ്പിച്ചിട്ടുണ്ട്.
ഇതിന്‍റെ അടിസ്ഥാനത്തില്‍ ഇബ്രാഹിംകുഞ്ഞിനെ തുടര്‍ചികിത്സയ്ക്കായി സര്‍ക്കാര്‍ ആശുപത്രിയിലക്ക് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് വിജിലന്‍സ് പിന്മാറി. ഇബ്രാഹിംകുഞ്ഞ് നിലവില്‍ ചികില്‍സയില്‍ കഴിയുന്ന ലേക് ഷോര്‍ ആശുപത്രിയില്‍ വച്ച് ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിലും കോടതി ഇന്ന് തീരുമാനമെടുക്കും.

