KSDLIVENEWS

Real news for everyone

കപ്പടിച്ച് പയ്യന്നൂർ; സ്വന്തമായത് 20–ാം കലാ കിരീടം, തുടർച്ചയായി 10–ാം കിരീടം

SHARE THIS ON

കാസർകോട് ∙ ഒരു ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരത്തിന്റെ അവസാന ഓവറുകളിൽ ബാറ്റ് ചെയ്യുന്നതു പോലെയായിരുന്നു കലോത്സവത്തിൽ പയ്യന്നൂർ കോളജിന്റെ ഫിനിഷിങ്. പതിഞ്ഞ തുടക്കത്തിനു ശേഷം പോയിന്റ് നില കൃത്യമായി ഉയർത്തി അവസാനം എതിരാളികളേക്കാൾ ഏറെ മുന്നിലെത്തിയപ്പോൾ സ്വന്തമായത് 20–ാം കലാ കിരീടം. 23 വർഷത്തെ കലോത്സവ ചരിത്രത്തിൽ ഇതുവരെ മൂന്നു തവണ മാത്രമാണു കിരീടം പയ്യന്നൂർ കോളജിനു പുറത്തിരുന്നത്.

kasargod-meme
മൈമിൽ ഒന്നാം സ്ഥാനം നേടിയ പയ്യന്നൂർ ഗവ. കോളജ് ടീം.
2011നു ശേഷം തുടർച്ചയായ 10 വർഷം പയ്യന്നൂർ പെരുമ മാത്രം. കലോത്സവത്തിന്റെ സമാപന സമ്മളനം എൻ.എ.നെല്ലിക്കുന്ന് എംഎൽഎ ഉദ്ഘാടനം ചെയ്തു. സർവകലാശാല യൂണിയൻ ചെയർമാൻ എം.കെ.ഹസൻ അധ്യക്ഷത വഹിച്ചു. ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ പ്രേം കുമാർ മുഖ്യാതിഥിയായിരുന്നു.

സിൻഡിക്കറ്റ് അംഗങ്ങളായ ഡോ.എ.അശോകൻ, എം.സി.രാജു, ഡോ.രാഖി രാഘവൻ, ഡോ.ടി.പി.അഷ്‌റഫ്, കെ.വി.പ്രമോദ് കുമാർ, ഡോ.പി.പി.ജയകുമാർ, സെനറ്റ് അംഗങ്ങളായ ഡോ.കെ.വിജയൻ, എം.പി.എ.റഹീം, റജിസ്ട്രാർ ഡോ.ജോബി കെ.ജോസ്, വിദ്യാർഥി ക്ഷേമ വിഭാഗം ഡയറക്ടർ ഡോ.ടി.പി.നഫീസ ബേബി, ഗവ.കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ.ഹരിക്കുറുപ്പ്, ഡോ.ആസിഫ് ഇഖ്ബാൽ കാക്കശേരി, ആൽബിൻ മാത്യു, പി.ജിഷ്ണു, കെ.അപർണ, ബി.കെ.ഷൈജിന, കെ.വി.ശിൽപ, കെ.അഭിരാം എന്നിവർ പ്രസംഗിച്ചു.രചനാ മത്സരങ്ങളിൽ മാത്രമാണ് ആദ്യ ദിവസങ്ങളിൽ പയ്യന്നൂർ പിന്നിലായത്. കലോത്സവത്തിന്റെ മൂന്നാം ദിനത്തിൽ നേടിയ ലീഡ് കൈവിട്ടുപോകാതെ അവസാനം വരെ ഉയർത്താൻ പയ്യന്നൂർ കോളജിനു കഴിഞ്ഞു.


കണ്ണൂർ സർവകലാശാല കലോത്സവം തെരുവുനാടക മത്സരത്തിൽ നിന്ന്.
രണ്ടാമനാകാൻ ഇഞ്ചോടിഞ്ച്

രണ്ടാം സ്ഥാനത്തിനു വേണ്ടി കണ്ണൂർ എസ്എൻ കോളജും പടന്നക്കാട് നെഹ്റു കോളജും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടന്നു. കലോത്സവത്തിന്റെ നാലാം നാൾ മുതൽ ചെറിയ വ്യത്യാസം മാത്രമായിരുന്നു ഈ കോളജുകൾ തമ്മിലുണ്ടായിരുന്നത്.

ഓഫ് സ്റ്റേജിൽ ബ്രണ്ണൻ

കലോത്സവത്തിലെ ഓഫ് സ്റ്റേജ് ഇനങ്ങളിൽ തലശ്ശേരി ഗവ.ബ്രണ്ണൻ കോളജ് ഒന്നാമതെത്തി. 92 പോയിന്റ് നേടി. പയ്യന്നൂർ കോളജ് 90 പോയിന്റോടെ രണ്ടാമതും തളിപ്പറമ്പ് സർ സയ്ദ് കോളജ് 82 പോയിന്റോടെ മൂന്നാമതുമെത്തി.

തെരുവു മാറ്റി തെരുവു നാടകം

കാസർകോട് ∙ ലോക നാടക ദിനത്തിൽ തെരുവു നാടകവേദി തെരുവിലേക്കിറക്കിയപ്പോൾ വെയിലത്ത് വാടി മത്സരാർഥികൾ. കാണികളിൽ ഏറെ ആവേശം ജനിപ്പിക്കുന്ന തെരുവുനാടകം കാസർകോട് ബസ് സ്റ്റാൻഡിൽ നടത്താനായിരുന്നു സംഘാടകരുടെ തീരുമാനം. ഇന്നലെ രാവിലെ 10 മണിക്ക് മത്സരാർഥികൾ വേദിയായ ബസ് സ്റ്റാൻഡിൽ എത്തിച്ചേർന്നെങ്കിലും സംഘാടകരെത്താനും വൈകി. 16 ടീമുകളാണ് തെരുവുനാടക മത്സരത്തിൽ മാറ്റുരയ്ക്കാനെത്തിയത്. 10.30ഓടെ സംഘാടകരെത്തി റജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും കത്തിജ്വലിച്ച സൂര്യൻ മത്സരാർഥികൾക്ക് പ്രതിസന്ധിയായി.

കാണികൾക്കായി സജ്ജീകരിച്ച ഇരിപ്പിടങ്ങളും കാലി! വെയിലേറ്റു വാടിയ മത്സരാർഥികളും ഒപ്പമെത്തിയ കോളജ് അധികൃതരും വേദി മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു. സംഘാടകർ ആദ്യം ഇതിനു തയാറായില്ലെങ്കിലും ‘വെയിലത്തു മത്സരിക്കാൻ ഞങ്ങളില്ലെന്നു’ പറഞ്ഞ് മത്സരാർഥികളിൽ പലരും മുൻപോട്ടു വന്നതോടെ വേദി മാറ്റാൻ സംഘാടകർ നിർബന്ധിതരാവുകയായിരുന്നു. പിന്നീട്, ബസ് സ്റ്റാൻഡ് ്രപവേശന കവാടത്തിനു സമീപത്തു തണലുള്ള സ്ഥലത്തേക്കു മത്സരം മാറ്റി. 2 മണിക്കൂറിലേറെ വൈകി 12.10നാണു തെരുവുനാടകം ആരംഭിച്ചത്.

സംഘഗാനം ഒരുക്കിയത് പൂർവ വിദ്യാർഥി

നിർമലഗിരി കോളജിലെ ഗായകർ സംഘഗാനത്തിൽ ‘എ’ ഗ്രേഡോടെ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത് അതേ കോളജിലെ പൂർവ വിദ്യാർഥി തയാറാക്കിയ സംഘഗാനം ആലപിച്ച്. നിർമലഗിരിയിലെ പൂർവ വിദ്യാർഥിയും ഇപ്പോൾ തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലിഷ് അധ്യാപകനുമായ ബൈജു മാത്യുവാണ് ‘ശ്രുതിലയമോഹന നാദങ്ങളായി’ എന്നാരംഭിക്കുന്ന ഗാനം ഒരുക്കിയത്.

കഴിഞ്ഞ സർവകലാശാലാ കലോത്സവത്തിന്റെ സ്വാഗത ഗാനം ഈണമിട്ട ബൈജു മാത്യു തയാറാക്കിയ ടീം സംസ്ഥാന സ്കൂൾ കലോത്സവത്തിലും എ ഗ്രേഡ് നേടിയിട്ടുണ്ട്.കേളകം സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ ധർമടത്ത് സ്ഥിര താമസമാണ്. തലശ്ശേരി ഗവ.ബ്രണ്ണൻ കോളജിൽ കെമിസ്ട്രി അധ്യാപികയായ ഡോ.ജാസ്മിൻ മരിയ ജോസഫാണു ഭാര്യ. മക്കൾ നഥാനിയേൽ, ഫെയ്ത്ത് ലിസ്ബത്ത്.

പ്രതിഭാപോരാട്ടത്തിൽ ഷിയാസ് രണ്ടാമത്

അവസാന നിമിഷം കലാപ്രതിഭാ പട്ടം നേരിയ വ്യത്യാസത്തിൽ നഷ്ടമായെങ്കിലും തലയുയർത്തിത്തന്നെയാണു ഷിയാസ് മടങ്ങുന്നത്. 22 പോയിന്റോടെ കലാപ്രതിഭാ മത്സരത്തിൽ രണ്ടാമതെത്താൻ ആദ്യമായി കലോത്സവത്തിനെത്തിയ ഷിയാസിനു കഴിഞ്ഞു. ജാമിയ മിലിയ സർവകലാശാലയിൽ നിന്നു പിഎച്ച്ഡി നേടിയ ശേഷമാണ് കെ.പി.ഷിയാസ് ഗവ.ബ്രണ്ണൻ കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ ബിഎഡ് ചെയ്യാനെത്തുന്നത്. അറബികിൽ അവസാന വർഷ വിദ്യാർഥി. മലപ്പുറം പോരൂർ താളിയംകുണ്ട് സ്വദേശിയാണ്. അറബിക് കഥാരചന, പ്രബന്ധരചന ഇനങ്ങളിൽ ഒന്നാം സ്ഥാനവും അറബിക് കവിതാരചനയിൽ രണ്ടാം സ്ഥാനവും നേടി. കലകപ്പാറയിൽ അബ്ദുല്ലയുടെയും റുബിയയുടെയും മകനാണ്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!