അടുത്തവർഷം നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ്, മറ്റു മാര്ഗങ്ങളിലൂടെയുള്ള അഡ്മിഷന് അംഗീകാരമില്ല

തിരുവനന്തപുരം: അടുത്ത അധ്യയനവർഷം (2024-25) മുതൽ ബി.എസ്സി. നഴ്സിങ് പ്രവേശനത്തിന് എൻട്രൻസ് പരീക്ഷ നിർബന്ധമാക്കും. മുന്നൊരുക്കം തുടങ്ങാൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർദേശം നൽകി. പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് നഴ്സിങ് കോളേജ് മാനേജ്മെന്റ് അസോസിയേഷനുകളും സന്നദ്ധത അറിയിച്ചു. ഈ സാഹചര്യത്തിലാണ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറി വിളിച്ച യോഗത്തിൽ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് നിർേദശം നൽകിയത്. നഴ്സിങ് പ്രവേശനം എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിൽ നടത്തണമെന്ന് രണ്ടുവർഷമായി ദേശീയ നഴ്സിങ് കൗൺസിൽ ആവശ്യപ്പെടുന്നുണ്ട്. പ്രവേശനപരീക്ഷയിലൂടെ അല്ലാതെ അഡ്മിഷൻ നേടുന്നവരുടെ ബിരുദം അംഗീകരിച്ച് നൽകില്ലെന്നും കൗൺസിൽ എല്ലാസംസ്ഥാനങ്ങളെയും അറിയിച്ചിരുന്നു. രണ്ടുവർഷവും പ്രവേശനനടപടി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാർ ഇതിൽനിന്ന് ഒഴിഞ്ഞുമാറി. തമിഴ്നാടും പ്രവേശന പരീക്ഷ നടത്തിയിരുന്നില്ല. കർണാടകത്തിൽ ഇക്കൊല്ലം പ്രവേശന പരീക്ഷ നടത്തിയെങ്കിലും ഭാഗികമായായിരുന്നു. ഏജൻസിയുടെ കാര്യം ആലോചനയിൽ ബി.എസ്സി. നഴ്സിങ് പ്രവേശനപരീക്ഷയ്ക്ക് സംസ്ഥാനം തീരുമാനിച്ചെങ്കിലും ഏത് ഏജൻസി പരീക്ഷ നടത്തുമെന്നതടക്കമുള്ള കാര്യങ്ങൾ ആലോചനാഘട്ടത്തിലാണ്. എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയ്ക്കൊപ്പം സംസ്ഥാന പ്രവേശനപരീക്ഷാ കമ്മിഷണറേറ്റിനെ ഏൽപ്പിക്കാനാണ് ആലോചന. നിലവിൽ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയാണ് സർക്കാർ കോളേജുകളിലെയും സ്വാശ്രയകോളേജുകളിലെ പകുതിസീറ്റിലെയും പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുന്നതും പ്രവേശനനടപടി പൂർത്തിയാക്കുന്നതും. സ്വാശ്രയകോളേജുകളിലെ 50 ശതമാനം സീറ്റ് മാനേജ്മെന്റ് അസോസിയേഷനുകളാണ് നികത്തുന്നത്. ഇതിനായി അവർ പ്രത്യേകം അപേക്ഷ ക്ഷണിക്കുകയാണ്. അസോസിയേഷനുകളിലില്ലാത്ത ഏതാനും കോളേജുകൾ നേരിട്ടും ഈ സീറ്റുകളിൽ പ്രവേശനം നടത്തുന്നുണ്ട്.

