ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മളബന്ധം ഉണ്ടാക്കണം; എ.ഡി.ജി.പി.യുടെ സര്‍ക്കുലര്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുമായി പോലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്ന് സർക്കുലർ. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടൽ സൗഹൃദപരമാകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.
കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടുപോകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പോലീസുകാർക്കായി സർക്കുലർ ഇറക്കിയിരിക്കുന്നത്. ഡിവൈ.എസ്.പി.മാരും എസ്.എച്ച്.ഒ.മാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം. എന്തെങ്കിലും മോശം സംഭവമുണ്ടായാൽ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പോലീസിന്റെ ഹെൽപ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്. ഇതരസംസ്ഥാന തൊഴിലാളികളുടെ സേവനം കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ആവശ്യമാണെന്നും സർക്കുലറിൽ പറയുന്നു. ക്യാമ്പുകൾ സന്ദർശിച്ചതിന് ശേഷം അതിന്റെ വിശദാംശങ്ങൾ രേഖപ്പെടുത്താൻ പ്രത്യേക ഫോമും സർക്കുലറിനൊപ്പം നൽകിയിട്ടുണ്ട്.
അതിനിടെ, കിഴക്കമ്പലം സംഭവത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽകാന്ത് ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ചൊവ്വാഴ്ച ഉച്ചയ്ക്ക് നടക്കുന്ന യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥരും എസ്.പി.മാരും ഓൺലൈൻ വഴിയും പങ്കെടുക്കും. കിഴക്കമ്പലത്ത് അക്രമത്തിനിരയായ പോലീസുകാരുടെ ചികിത്സാചെലവ് സംസ്ഥാന പോലീസ് വഹിക്കുമെന്നും ഡി.ജി.പി. അറിയിച്ചിട്ടുണ്ട്.

