തിരുവനന്തപുരത്ത് പോസിറ്റീവ്, മണിക്കൂറുകള്‍ക്കകം കൊച്ചിയിലെത്തിയപ്പോള്‍ നെഗറ്റീവ്, പ്രവാസികളോട് ചതി’

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ട് വിമാനത്താവളങ്ങളിൽ മണിക്കൂറുകൾക്കുള്ളിൽ നടത്തിയ കോവിഡ് പരിശോധനയിൽ വ്യത്യസ്ത ഫലങ്ങൾ ലഭിച്ചതിന്റെ അനുഭവം വെളിപ്പെടുത്തി ഗൾഫിലെ സാമൂഹ്യ പ്രവർത്തകൻ അഷ്റഫ് താമരശ്ശേരി. തിരുവനന്തപുരം വിമാനത്താവളത്തിൽ നടത്തിയ റാപ്പിഡ് പരിശോധനയിൽ കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരിച്ചയച്ചക്കപെടുകയും പിന്നീട് കൊച്ചി വിമാനത്താവളത്തിലെത്തി പരിശോധന നടത്തിയപ്പോൾ നെഗറ്റീവ് ഫലം ലഭ്യമായെന്നുമാണ് അഷ്റഫ് താമരശ്ശേരി പറയുന്നത്. ഏഴ് മണിക്കൂറുകൾക്കിടെയാണ് വിരുദ്ധ ഫലങ്ങൾ ലഭിച്ചത്. പരിശോധനക്ക് വൻ തുക ഈടാക്കുകയും നിലവാരമില്ലാത്ത മെഷീനുകൾ സ്ഥാപിച്ച് പരിശോധന നടത്തുകയും ചെയ്ത ശേഷം നിരവധി പ്രവാസികളുടെ യാത്ര ഇത്തരത്തിൽ മുടക്കിയിട്ടുണ്ടെന്നും ഇത് ചതിയാണെന്നും അദ്ദേഹം പറയുന്നു.
സംഭവം വിവരിച്ചുകൊണ്ട് പരിശോധന ഫലങ്ങളുടെ കോപ്പികൾ സഹിതം അദ്ദേഹം ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ഗൾഫിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ സഹായമൊരുക്കകയാണ് അഷ്റഫ് താമരശ്ശേരിയുടെ പ്രധാന സേവനം. ഇത്തരത്തിൽ ആയിരകണക്കിന് മൃതദേഹങ്ങളാണ് ഇതിനോടകം അഷ്റഫ് താമരശ്ശേരി ഉറ്റവരിലേക്ക് എത്തിച്ചത്.
അഷ്റഫ് താമരശ്ശേരിയുടെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം..
രണ്ട് ദിവസം മുമ്പ് ഒരു സ്വകാരൃ ചടങ്ങിൽ പങ്കെടുക്കുവാൻ തിരുവന്തപുരത്ത് വന്നതായിരുന്നു. ചടങ്ങ് കഴിഞ്ഞ് ഇന്നലെ (27/12/2021) രാത്രി 2.55 ന് (G9447) തിരുവനന്തപുരത്ത് നിന്ന് ഷാർജയിലേക്കുളള Air Arabia യുടെ വിമാനത്തിൽ യാത്ര ചെയ്യുവാനുളള തയ്യാറെടുപ്പിൽ 2490 രൂപ അടച്ച് Rapid Test ചെയ്തപ്പോൾ Result postive. താങ്കൾക്ക് നിയമപരമായി യാത്ര ചെയ്യുവാൻ കഴിയില്ലായെന്ന് ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്, പുറത്തേക്കുളള വഴിയും കാണിച്ച് തന്നു. സമയം നോക്കിയപ്പോൾ രാത്രി 11 മണിയായി. 24 മണിക്കൂറിന് മുമ്പ് ഷാർജ വിമാനത്താവളത്തിൽ നിന്ന് എടുത്ത RTPCR ന്റെ Result നെഗറ്റീവ് ആയിരുന്നല്ലോ. അത് കൊണ്ട് ഒന്നും കൂടി ടെസ്റ്റ് ചെയ്യാമോ എന്ന് ഉദ്യോഗസ്ഥരോട് അപേക്ഷിച്ച് നോക്കി.
ഒരു രക്ഷയുമില്ല എന്നതായിരുന്നു മറുപടി. ഗൾഫിൽ പോയി കൊറോണ ഒക്കെ കൊണ്ട് വന്നിട്ട് ഇപ്പോൾ ഇവിടെത്തെ മെഷീനാണോ കുഴപ്പം എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. സമയം കളയാതെ ഇവിടെ നിന്ന് പൊയക്കോ എന്ന ദാർഷ്ഠ്യം കലർന്ന മറുപടിയും. രണ്ട് മയ്യത്തുകളാണ് എന്റെ വരവും കാത്ത് മോർച്ചറിയിൽ കിടക്കുന്നത് എന്ന് ടാക്സി സ്റ്റാൻഡിൽ നിന്നും ഞാൻ ആലോചിക്കുകയായിരുന്നു. തീരെ ഒഴിവാക്കുവാൻ കഴിയാത്തത് കൊണ്ടാണ് ഈ ചടങ്ങിലേക്ക് വന്നതും. ജീവിച്ചിരിക്കുന്നവരോട് പോലും ഒട്ടും ബഹുമാനമില്ലാത്ത ഈ ഉദ്യോഗസ്ഥന്മാരോട് മയ്യത്തിന്റെ കാര്യം പറയുന്നതിൽ എന്ത് അർഥം. ഒരു വഴിയും മുന്നിൽ കാണുന്നില്ലല്ലോ പടച്ചവനേ എന്ന് ചിന്തിക്കുമ്പോഴാണ് ഒരു ആശയം തോന്നിയത്. നെടുമ്പാശ്ശേരി വഴി ഒന്ന് പോയി നോക്കാം എന്ന് കരുതി തിരുവനന്തപുരത്ത് നിന്നും ടാക്സിയിൽ നേരെ വെച്ച് പിടിച്ചു. രാവിലെ 10.10 ന് കൊച്ചിയിൽ നിന്നും ഷാർജയിലേക്ക് പോകുന്ന കത 413 Air india express ന്റെ ടിക്കറ്റ് online ൽ എടുക്കുകയും ചെയ്തു.
വെളുപ്പിന് 4.45 ന് നെടുമ്പാശ്ശേരിയിൽ എത്തുകയും അവിടെയും 2490 രൂപ അടച്ച് Rapid Test ന് വിധേയമായി. അരമണിക്കൂർ കഴിഞ്ഞ് Result വന്നപ്പോൾ ഫലം നെഗറ്റീവ്. നോക്കൂ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് വന്നപ്പോൾ എന്റെ കോവിഡ് മാറിയോ. വെറും 7 മണിക്കൂർ കൊണ്ട് കോവിഡ് മാറാനുളള മരുന്ന് ഞാൻ കഴിച്ചോ…? പിന്നെ എന്താണ് ഇവിടെ സംഭവിച്ചത്. നിങ്ങളുടെ സംവിധാനങ്ങൾ ഇപ്പോഴും പഴയത് തന്നെയാണ്. അതുപോലെ നിങ്ങളുടെ മനോഭാവവും. ഇത് രണ്ടും മാറിയാലെ നമ്മുടെ സമൂഹം രക്ഷപ്പെടൂ. കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഒന്ന് ആലോചിക്കണം. ഈ നിലവാരമില്ലാത്ത മെഷീനും വെച്ച് Rapid Test ചെയ്യുവാൻ ഇരിക്കുന്ന സ്വകാര്യ കമ്പനികളെ നിങ്ങൾ ഒഴിവാക്കണം. എത്രയോ പാവപ്പെട്ട പ്രവാസികളെയാണ് Result postive ആണെന്ന് പറഞ്ഞ് ഇവർ തിരിച്ച് അയക്കുന്നത്. ഇത് മൂലം അവർക്കുണ്ടാകുന്ന നഷ്ടങ്ങൾ ആര് തിരിച്ച് നൽകും…?. ഇന്നലെ തന്നെ എനിക്ക് സമയവും പോയത് കൂടാതെ സാമ്പത്തികമായി വലിയ നഷ്ടവും സംഭവിച്ചു. അധികാരികൾ ഇത്തരം കാര്യങ്ങൾക്ക് നേരെ കണ്ണടക്കരുത്. പ്രവാസികളെ ചൂക്ഷണം ചെയ്യുന്ന ഇത്തരം കാര്യങ്ങൾ അവസാനിപ്പിക്കണം……
ഒടുവിൽ ഷാർജ വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ നടത്തിയ ടെസ്റ്റിലും ഫലം നെഗറ്റീവ് ആയിരുന്നു.

