കെജ്‌രിവാളിന്റെ വീട്ടിലേക്ക് അതിക്രമിച്ചുകയറി ബിജെപി പ്രവര്‍ത്തകര്‍; കൊല്ലാന്‍ ശ്രമമെന്ന് എഎപി

ബിജെപി പ്രകടനം അക്രമാസക്തമായപ്പോൾ |ഫോട്ടോ:ANI
ന്യൂഡല്‍ഹി: ‘കശ്മീര്‍ ഫയല്‍’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്താവനയില്‍ പ്രതിഷേധിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ വീട്ടിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ റാലി അക്രമാസക്തമായി. ബിജെപി എംപിയും യുവമോര്‍ച്ച ദേശീയ അധ്യക്ഷനുമായ തേജസ്വി സൂര്യയുടെ നേതൃത്വത്തില്‍ ഐപി കോളേജില്‍ നിന്ന് കെജ്‌രിവാളിന്റെ വസതിയിലേക്കായിരുന്നു പ്രകടനം. ബിജെപി പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ മറികടന്ന് കെജ്‌രിവാളിന്റെ വീടിനു മുന്‍വശത്തുള്ള ഗെയിറ്റ് അടിച്ചു തകര്‍ത്തു.
രാജ്യത്തെ ഹിന്ദുക്കളെ അപമാനിച്ചതിന് കെജ്‌രിവാള്‍ മാപ്പ് പറയേണ്ടിവരും. മാപ്പ് പറയുന്നതുവരെ ബിജെപിയും യുവമോര്‍ച്ചയും അദ്ദേഹത്തെ വെറുതെ വിടില്ലെന്നും തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.
കെജ് രിവാളിനെ തോല്‍പ്പിക്കാന്‍ ബിജെപിക്ക് സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെ കൊല്ലാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. ഡല്‍ഹി മുഖ്യമന്ത്രിയെ കൊലപ്പെത്താന്‍ ബിജെപിക്കുള്ള മുന്‍കൂര്‍ പദ്ധതിയായിരുന്നു ഇന്നത്തെ സംഭവമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

