രാജ്യം വൈവിധ്യങ്ങളെ തള്ളിക്കളയുന്നു; ഇത് പ്രതിലോമകരം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

തൃശൂർ ∙ ‘ഭരണഘടനയില്ലാതെ നമുക്കു സ്വാതന്ത്ര്യമില്ല, മതേതരത്വമില്ലാതെ ജനാധിപത്യമില്ല, ഇവ രണ്ടുമില്ലാതെ സ്വാതന്ത്ര്യം അനുഭവവേദ്യമാകില്ല. ഫെഡറലിസമില്ലാതെ മുന്നോട്ടു പോവാനും കഴിയില്ല’ – മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ. തൃശൂരിൽ മനോരമ ന്യൂസ് കോൺക്ലേവ് 2022 ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഓൺലൈൻ സാന്നിധ്യത്തിൽ പിണറായി വിജയൻ കോൺക്ലേവ് തിരിതെളിച്ച് ഉദ്ഘാടനം ചെയ്തു കോൺക്ലേവിന് ഉജ്വല തുടക്കം വിവിധ രാഷ്ട്രീയ സാമൂഹികവിഭാഗങ്ങൾ ഉയർത്തിയ മുദ്രാവാക്യങ്ങളുടെയും മുന്നോട്ടുവച്ച മൂല്യങ്ങളുടെയും സ്വാംശീകരണത്തിലൂടെയാണ് ഇന്ത്യൻ ദേശീയത രൂപപ്പെട്ടതെന്നു മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലായി നമ്മുടെ സ്വാതന്ത്ര്യ സമരം, മതേതരത്വം, ഫെഡറലിസം എന്നിവയിൽ ചർച്ച നടന്നു. ഈ ചർച്ചകളുടെ അടിസ്ഥാനത്തിലാണ് ഭരണഘടന രൂപപ്പെടുത്തിയത്. നാനാത്വത്തിൽ ഏകത്വം എന്ന തത്വത്തെ ഉയർത്തിപ്പിടിക്കുന്നതാണ് നമ്മുടെ ഭരണഘടന. അതിന്റെ മഹത്വം ഉയർത്തിപ്പിടിക്കുന്ന ചർച്ചകളാണ് നടക്കുന്നത്. ഇന്ത്യൻ ഭരണഘടന ചർച്ചകളിലൂടെയാണ് തയാറാക്കപ്പെട്ടത്. ഈ ഭരണഘടനയില്ലെങ്കിൽ നമ്മുടെ വൈവിധ്യങ്ങൾ സംരക്ഷിക്കപ്പെടില്ല. ഇന്ത്യൻ ജനവിഭാഗങ്ങളുടെ അസ്ഥിത്വത്തെയും ജനാധിപത്യ ഇന്ത്യയുടെ മുന്നോട്ടുള്ള പോക്കിൽ അവർക്കുള്ള അവകാശങ്ങളെയുമാണ് ഭരണഘടന സംരക്ഷിക്കുന്നത്. ഭരണഘടന നമ്മൾ ഓരോരുത്തരുടെയും സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനമാണ്. ലോകമെങ്ങും വിലയിരുത്തപ്പെടുന്ന നാടാണ് നമ്മുടെ രാജ്യം. ഇവിടെ വിവിധ മതങ്ങൾ ഉൽഭവിക്കുകയും വന്നു ചേരുകയും ചെയ്തിട്ടുണ്ട്. നൂറ്റാണ്ടുകളായി എല്ലാ മതവിഭാഗങ്ങളും സാഹോദര്യത്തോടെ കഴിഞ്ഞ ചരിത്രമാണ് നാടിന്റേത്. മതമുള്ളവർക്കും ഇല്ലാത്തവർക്കും പൗരത്വം അനുവദിച്ചതും പൗരത്വത്തിന് വ്യക്തിയുടെ വിശ്വാസം മാനദണ്ഡമാക്കാത്തതും വൈവിധ്യങ്ങളെ ഉൾക്കൊള്ളാനുള്ള വിശാലമായ കാഴ്ചപ്പാടോടെയാണ്. ഇന്ന് വൈവിധ്യങ്ങളെ ഉൾക്കൊള്ളുന്നതും മുന്നേറുന്നതുമായ നിലപാടിൽനിന്നു വൈവിധ്യങ്ങളെ തള്ളിക്കളയുന്ന പ്രതിലോമകരമായ ആശയങ്ങളിലേയ്ക്കു ചുരുങ്ങുന്നതിനെ പലരും ആശങ്കപ്പെടുന്നു. വൈവിധ്യം തിരസ്കരിക്കപ്പെട്ടാൽ സ്വാതന്ത്യവും ജനാധിപത്യവും അനുഭവിക്കാനാവാതെ വരും. അതു രാജ്യത്തിന്റെ നിലനിൽപ്പിനുതന്നെ ഭീഷണിയാകും. മതങ്ങൾക്ക് അതീതമായി ചിന്തിച്ച് നയങ്ങൾ രൂപീകരിക്കപ്പെടുന്ന രാജ്യങ്ങളാണ് വികസനമുണ്ടാക്കിയിട്ടുള്ളത്. വികസിത രാജ്യങ്ങൾ മതനിരപേക്ഷത ഉയർത്തിപ്പിടിക്കുന്നവരാണ്. അല്ലാത്തവർ വർഗീയതയാൽ, വംശീയതയിൽ പൊരുതി നശിക്കുന്നു. അതുകൊണ്ടുതന്നെ ഇന്ത്യ മതനിരപേക്ഷമായി നിലനിൽക്കേണ്ടത് സാധാരണക്കാരുടെ ജീവിത നിലനിൽപിന് അനിവാര്യമാണ്. ഫെഡറലിസം ഇല്ലാതെ നമുക്കു മുന്നോട്ടു പോകാനാവില്ല. ഇന്ത്യയെ യൂണിയൻ ഓഫ് സ്റ്റേറ്റ്സ് ആയാണ് നിർവചിച്ചിരിക്കുന്നത്. വൈവിധ്യങ്ങളെ ഉൾക്കൊണ്ടാണ് യൂണിയന്റെ ഭാഗമാക്കിയിരിക്കുന്നത്. ഫെഡറൽ ഘടനയോടു കൂടിയ ജനാധിപത്യമാണ് ഇന്ത്യയിൽ. അത് ഓരോ പ്രദേശങ്ങളുടെ പ്രത്യേകതകൾ അനുസരിച്ചു മുന്നോട്ടു കൊണ്ടു പോകാൻ ചുമതലയുള്ള സംസ്ഥാന സർക്കാരുകൾ സഹായിക്കും. അതുകൊണ്ടാണ് ഫെഡറൽ സംവിധാനം ഭരണഘടനയിൽ ഉൾപ്പെടുത്തിയത്. ഫെഡറലിസം എന്നത് വിവിധ തട്ടുകളിലുള്ള സർക്കാരുകളുടെയും സഹകരണത്തിന്റെയും പങ്കാളിത്തത്തിന്റെയും മാതൃകയാണ് മുന്നോട്ടു വയ്ക്കുന്നത്. അതു പാലിക്കപ്പെടാതെ പോയാൽ വികസന പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള സംവിധാനം ഇല്ലാതാകും. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നാടിന്റെയും പ്രദേശത്തിന്റെയും പുരോഗതിക്കു തടസ്സമാകും. അതിനാലാണ് ഫെഡറലിസം ഇല്ലാതെ മുന്നോട്ടു പോകാനാവില്ല എന്നു പറയുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മലയാള മനോരമ എക്സിക്യുട്ടീവ് എഡിറ്റർ ജയന്ത് മാമ്മൻ മാത്യു വിശിഷ്ടാതിഥികളെ സ്വാഗതം ചെയ്തു. കോവിഡിനെതിരെ നാം നേടിയ വിജയം സ്വാതന്ത്ര്യത്തിനു തുല്യമെന്നു ജയന്ത് മാമ്മൻ മാത്യു പറഞ്ഞു. സ്വാതന്ത്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ കോൺക്ലേവ് സംഘടിപ്പിച്ചിരിക്കുന്നു എന്നത് സന്തോഷകരമായ കാര്യമാണ്. കേരളത്തിന്റെ സാംസ്കാരിക കലണ്ടറിലെ ഏറ്റവും തിളക്കമുള്ള ഒന്നായി കോൺക്ലേവ് മാറിയെന്നും അദ്ദേഹം പറഞ്ഞു. ”

