വിശ്വാസികള്‍ കൊണ്ടുവന്നിരുന്നത് വീട്ടില്‍ നിന്നുള്ള ഭക്ഷണം; യഹോവ സാക്ഷി സമ്മേളനരീതി അറിഞ്ഞ് സ്ഫോടനം

കൊച്ചി: യഹോവയുടെ സാക്ഷികളുടെ സമ്മേളനവേദിയില്‍ സ്ഫോടനത്തിനുപയോഗിച്ചത് ടിഫിന്‍ ബോക്സാണെന്ന കണ്ടെത്തല്‍ തുടരന്വേഷണത്തില്‍ നിര്‍ണായകമാകും. യഹോവയുടെ സാക്ഷികളുടെ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ക്കുള്ള ഭക്ഷണം അവിടെ തയ്യാറാക്കിയിരുന്നില്ല. സമ്മേളനത്തിനെത്തുന്നവരെല്ലാം അവരവരുടെ വീടുകളില്‍നിന്ന് ഭക്ഷണം കൊണ്ടുവരുന്നതായിരുന്നു യഹോവ വിശ്വാസികളുടെ രീതി. അതുകൊണ്ടുതന്നെ ഇവരുടെ രീതികള്‍ കൃത്യമായി അറിയാമായിരുന്ന മാര്ട്ടിന് ഡൊമിനിക് ടിഫിന്‍ ബോക്സില്‍ തന്നെ സ്ഫോടനം നടത്താന്‍ പദ്ധതിയിട്ടതെന്നാണ് അന്വേഷണ സംഘത്തിനു ലഭിക്കുന്ന പ്രാഥമിക സൂചന. അങ്കമാലി, കാലടി, പെരുമ്പാവൂര്‍, ആലുവ, ഇടപ്പള്ളി, വരാപ്പുഴ ഭാഗങ്ങളില്‍നിന്നുള്ള വിശ്വാസികളാണ് മേഖലാതല സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. വെള്ളിയാഴ്ച തുടങ്ങിയ സമ്മേളനത്തില്‍ പങ്കെടുത്തവരെല്ലാം അവരവരുടെ ഭക്ഷണം കരുതിയിരുന്നു. ഹാളില്‍ കുടിവെള്ളം മാത്രമാണ് സംഘാടകരുടെ വകയായി ഒരുക്കിയിരുന്നത്.ഉച്ചഭക്ഷണം മിക്കവരും ടിഫിന്‍ ബോക്സുകളില്ത്തന്നെയാണ് കൊണ്ടുവന്നിരുന്നത്. അത്തരമൊരു ബോക്സില്‍ത്തന്നെ സ്ഫോടകവസ്തുക്കള്‍ ഘടിപ്പിച്ച് സ്ഫോടനം നടത്തിയപ്പോള്‍ ഡൊമിനിക്കിനും മറ്റുള്ളവരുടെ സംശയത്തില്പ്പെടാതെ കാര്യങ്ങള്‍ നടത്താന്‍ കഴിഞ്ഞെന്നാണ് സൂചന. യഹോവയുടെ സാക്ഷികളുടെ സമ്മേളനങ്ങള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ ഇപ്പോള്‍ നടക്കുകയാണ്. അതിന്റെ ഭാഗമായാണ് കേരളത്തില്‍ കളമശ്ശേരി അടക്കമുള്ള ഇടങ്ങളില്‍ മേഖലാ സമ്മേളനങ്ങളും നടത്തിയത്. യഹോവയുടെ സാക്ഷികള്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കും കണ്‍വെന്‍ഷനില്‍ പ്രവേശനമുണ്ടായിരുന്നു. ഇക്കാര്യം അവരുടെ സമ്മേളന നോട്ടീസിലും പറഞ്ഞിരുന്നു. ഇക്കാര്യവും ഡൊമിനിക്കിന്റെ ആസൂത്രണത്തിന് ഏറെ സഹായകരമായെന്നാണ് നിഗമനം. ചോറ്റുപാത്രത്തിലെ ഐ.ഇ.ഡി. എളുപ്പത്തില്‍ ഒരു ബോംബ് സ്ഫോടനം സാധ്യമാക്കുന്നതാണ് ചോറ്റുപാത്രത്തിനുള്ളിലെ ബോംബുകള്‍. ഇന്ത്യ-പാക് അതിര്‍ത്തി, ജമ്മുകശ്മീര്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ സ്ഥിരമായി ഇത്തരം സ്ഫോടനങ്ങള്‍ ഉണ്ടാവുകയും ബോംബുകള്‍ കണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്. നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍ (എന്‍.ബി.ഡി.സി.) ആണ് ഇത്തരം ബോംബുകള്‍ ധാരാളമായി കണ്ടെടുക്കുന്ന സ്ഥലത്ത് അന്വേഷണത്തിന് എത്താറുള്ളത്. കളമശ്ശേരി ബോംബ് സ്ഫോടനത്തില്‍ ദൃക്സാക്ഷികളില്‍നിന്നും ലഭിച്ച വിവരത്തില്ത്തന്നെ ഇതൊരു ഷോര്‍ട്ട് സര്‍ക്യൂട്ടല്ല എന്ന് ഉറപ്പിച്ചിരുന്നു. സ്ഫോടനമുണ്ടായിട്ടും വൈദ്യുതിബന്ധം നിലച്ചിരുന്നില്ല എന്നതാണ് കാരണം. ബാറ്ററിയുടെ അവശിഷ്ടങ്ങള്‍ കിട്ടിയതാണ് ടിഫിന്‍ബോക്സ് ബോംബ് എന്നതിലേക്ക് അന്വേഷണ ഏജന്‍സികള്‍ എത്താന്‍ കാരണം. 1970-ല്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി രാസവളമിശ്രിതങ്ങളും മറ്റുചില സ്ഫോടകവസ്തുക്കളും ഉപയോഗിച്ച് ബ്രിട്ടീഷ് പട്ടാളത്തിനെതിരേ പ്രയോഗിക്കാന്‍ തുടങ്ങിയതോടെയാണ് ഐ.ഇ.ഡി. എന്ന പദം ആദ്യമായി ഉപയോഗിച്ചത്. ആണികള്‍, ബോള്‍ബെയറിങ്ങുകള്‍ പോലുള്ളവ ബോംബില്‍ ചേര്‍ത്താല്‍ ഇവ ചിതറിത്തെറിച്ച് ആളുകള്‍ക്ക് വ്യാപകമായി പരിക്കേല്‍ക്കും. ഇത്തരമൊന്ന് കളമശ്ശേരിയിലെ സ്ഫോടനത്തില്‍ ഉപയോഗിച്ചിട്ടില്ല. സ്ഫോടനത്തിനൊപ്പം തീയുണ്ടാക്കുകയെന്നത് മാത്രമായിരുന്നു ഉദ്ദേശ്യമെന്ന് സംശയിക്കേണ്ടിവരും. അല്ലെങ്കില്‍ ബോംബുണ്ടാക്കിയ വ്യക്തിക്ക് കാര്യമായ ധാരണ ഇക്കാര്യത്തില്‍ ഇല്ല എന്നും സംശയിക്കാം. നാഷണല്‍ ബോംബ് ഡേറ്റ സെന്റര്‍ ആണ് ഇത്തരം ബോംബുകള്‍ കണ്ടെടുക്കുന്ന സ്ഥലത്ത് അന്വേഷണത്തിന് എത്താറുള്ളത് ബോംബെന്ന് സ്ഥിരീകരിച്ചത് രണ്ടുമണിക്കൂറിനുള്ളില്‍ കളമശ്ശേരിയിലെ കണ്വെന്ഷന് സെന്ററില്‍ സ്ഫോടനമുണ്ടായി രണ്ടു മണിക്കൂറിനുള്ളില്‍ ബോംബാണ് പൊട്ടിയതെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസ് മേധാവി ഷേക്ക് ദര്‍വേഷ് സാഹേബാണ് മാധ്യമങ്ങളോട് ഇക്കാര്യം അറിയിച്ചത്. കൊച്ചിയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുമായും മറ്റും അദ്ദേഹം ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഐ.ഇ.ഡി.യെന്ന് സ്ഥിരീകരിക്കുന്ന തെളിവുകള്‍ ലഭിച്ചശേഷമാണ് കാര്യങ്ങള്‍ വിശദീകരിച്ചത്. ഇതിനിടെ പോലീസ് മേധാവി മുഖ്യമന്ത്രി പിണറായി വിജയനെയും വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു. മാധ്യമങ്ങളുടെ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ പോലീസ് മേധാവി തയ്യാറായില്ല.

