KSDLIVENEWS

Real news for everyone

കളമശേരി സ്ഫോടനം; യൂട്യൂബ് നോക്കി മാര്‍ട്ടിൻ ബോംബ് തയ്യാറാക്കിയത് വീടിന്റെ ടെറസിലിരുന്ന്, കണ്‍വെൻഷൻ സെന്ററില്‍ സ്‌ഫോടക വസ്‌തു സ്ഥാപിച്ചത് ആറിടത്ത്

SHARE THIS ON

കൊച്ചി: രാജ്യം മുഴുവനായി ആശങ്കയുണ്ടാക്കിയ കളമശേരി സ്‌ഫോടനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ചുരുളഴിയുന്നു. ഇന്നലെ പൊലീസിന് കീഴടങ്ങിയ കൊച്ചി സ്വദേശിയായ ഡോമിനിക് മാര്‍ട്ടിൻ തന്നെയാണ് സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന്റെ ചോദ്യം ചെയ്യലില്‍ വ്യക്തമാകുന്നത്. യൂട്യൂബ് നോക്കി ഐ.ഇ.ഡി തയ്യാറാക്കാൻ പഠിച്ച മാ‌ര്‍ട്ടിന് ബോംബ് തനിയെ തയ്യാറാക്കാനുള്ള സാങ്കേതിക ജ്ഞാനമുണ്ടെന്നാണ് വിവരം. ഇയാള്‍ ഫോര്‍മാനായി ജോലി നോക്കിയ സമയത്തെ അറിവാണ് ഇതിന് സഹായമായത്. എട്ട് ലിറ്റര്‍ പെട്രോളാണ് ഇതിനായി ഉപയോഗിച്ചത്. തൃപ്പൂണിത്തുറയില്‍ നിന്നാണ് പെട്രോള്‍ വാങ്ങിയത്. ഒപ്പം ബോംബിനാവശ്യമായ സാധനങ്ങളും ഗുണ്ടും വാങ്ങിയതിനെ സംബന്ധിച്ച വിവരങ്ങളും ഇയാള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയെന്നാണ് വിവരം പുറത്തുവരുന്നത്. രാവിലെ ഏഴ് മണിയോടെ കണ്‍വെൻഷൻ സെന്ററിലെ കസേരകളുടെ അടിയില്‍ ബോംബുവച്ചു. ഈ സമയം ഹാളില്‍ മൂന്നുപേരെ ഉണ്ടായിരുന്നുള്ളു എന്നാണ് സൂചന. സ്ഫോടനത്തിനായി 50ഓളം ഗുണ്ടുകള്‍ പ്രതി ഉപയോഗിച്ചതായാണ് ലഭ്യമായ വിവരം. പ്ളാസ്‌റ്റിക് കവറുകളില്‍ പെട്രോള്‍ നിറച്ച്‌ കണ്‍വെൻഷൻ സെന്ററില്‍ ആറിടത്തായി വച്ചു. ഇതിനോട് ചേര്‍ത്ത് ബോംബ് ഘടിപ്പിച്ചിരുന്നു. ശേഷം റിമോട്ട് കണ്‍ട്രോളിലൂടെ സ്ഫോടനം നടത്തി. മൂന്ന് ബോംബുകളാണ് പൊട്ടിയത്.സംഭവത്തിന്റെ ദൃശ്യങ്ങളും പ്രതി തത്സമയം പകര്‍ത്തി.തന്റെ തറവാട് വീട്ടില്‍ വച്ച്‌ ബോംബ് തയ്യാറാക്കിയ ശേഷം മാര്‍ട്ടിൻ ഇത് പരീക്ഷിച്ച്‌ നോക്കിയിരുന്നില്ല. ശരിയായി പ്രവര്‍ത്തിക്കും എന്ന ആത്മവിശ്വാസം ഇയാള്‍ക്കുണ്ടായിരുന്നു എന്നാണ് സൂചന. രണ്ടു സ്ത്രീകളും ഒരു കുട്ടിയുമാണ് കളമശേരി സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്.തൊടുപുഴ കാളിയാര്‍കുളത്തില്‍ പരേതനായ പുഷ്പന്റെ ഭാര്യ കുമാരി (53) കുറുപ്പംപടി സ്വദേശി ലയോണ പൗലോസ് (60), കാലടി മലയാറ്റൂര്‍ സ്വദേശി ലിബിന (12) എന്നിവരാണ് ഇന്നലെ രാവിലെ 9.40 നുണ്ടായ സ്ഫോടനത്തെ തുടര്‍ന്ന് മരിച്ചത്. മരിച്ച കുമാരിയുടെ മക്കള്‍: ശ്രീരാഗ്, ശ്രീരാജ്. മരുമകള്‍: ദിവ്യ. സംഭവത്തില്‍ 52 പേര്‍ക്കാണ് പരിക്കേറ്റത്. 18 പേര്‍ ഐ.സി.യുവിലാണ്. ആറുപേരുടെ നില അതീവ ഗുരുതരമാണ്. ഉത്തരവാദിത്വം ഏറ്റെടുത്ത കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിൻ കൊടകര പൊലീസിലാണ് കീഴടങ്ങിയത്. മുൻപ് യഹോവ സാക്ഷി വിഭാഗത്തില്‍ ആയിരുന്നു ഇയാള്‍. ബോംബ് പൊട്ടിക്കാൻ ഉപയോഗിച്ച റിമോട്ട്, മാര്‍ട്ടിൻ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. പൊട്ടിക്കുന്ന ദൃശ്യം പകര്‍ത്തിയതും കൈമാറി. സ്‌ഫോടനശേഷമാണ് ഇയാള്‍ സ്‌കൂട്ടറില്‍ ഇവിടെനിന്ന് സ്ഥലംവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!