KSDLIVENEWS

Real news for everyone

കേരളം ഒറ്റക്കെട്ടെന്ന് പ്രതിപക്ഷം: എം.വി.ഗോവിന്ദനും രാജീവ് ചന്ദ്രശേഖര്‍ക്കും വിമര്‍ശനം

SHARE THIS ON

തിരുവനന്തപുരം: കളമശ്ശേരിയിലെ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്നുള്ള സംഭവങ്ങളില്‍ കേരളം ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് പ്രതിപക്ഷം. സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷത്തില്‍ ഭിന്നിപ്പും വിദ്വേഷവും വളര്‍ത്താന്‍ ചില ശക്തികള്‍ ശ്രമിക്കുമ്പോള്‍ കേരളം ഒറ്റക്കെട്ടാണെന്ന സന്ദേശം നല്‍കേണ്ടതുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ചില ഉത്തരവാദിത്തപ്പെട്ട നേതാക്കളില്‍ നിന്ന് ദൗര്‍ഭാഗ്യകരമായ പരാമര്‍ശങ്ങളുണ്ടായെന്നും സതീന്‍ പറഞ്ഞു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റേയും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റേയും പരാമര്‍ശങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു സതീശന്റെ പ്രതികരണം. ‘ഉത്തരവാദിത്തപ്പെട്ട പ്രതിപക്ഷമായിട്ടാണ് ഞങ്ങള്‍ പ്രവര്‍ത്തിച്ചത്. ഇത്തരം ഘട്ടത്തില്‍ ഒരുമിച്ച് നിന്ന് സംസ്ഥാനത്തിന്റെ താത്പര്യം സംരക്ഷിക്കുക എന്നതാണ് ഞങ്ങള്‍ മുന്നോട്ട് വെച്ച ആശയം. അതേ സമയം തന്നെ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് ഇന്റലിജന്‍സ് സംവിധാനം കൂറേക്കൂടി ശക്തിപ്പെടുത്തണമെന്നാവശ്യപ്പെട്ടു. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തെ കൃത്യമായി നിരീക്ഷിക്കാനും തടയിടാനുമുള്ള സംവിധാനം ഉണ്ടാകണം. ഇത്തരം കാര്യങ്ങളില്‍ പൊതുവായി കേരളം ഒരുമിച്ച് നിന്നപ്പോള്‍ ദൗര്‍ഭാഗ്യകരമായ പരാമര്‍ങ്ങള്‍ ചില ഭാഗത്ത് നിന്നുണ്ടായി. വളരെ ഉത്തരവാദിത്തപ്പെട്ട പാര്‍ട്ടിയുടെ നേതാവ് തന്നെ ആദ്യം പലസ്തീനുമായി ബന്ധപ്പെടുത്തി. ഒരു കേന്ദ്ര മന്ത്രിയും സംസ്ഥാനത്തെ അധിക്ഷേപിക്കുന്ന പരാമര്‍ശം നടത്തുകയുണ്ടായി’ സതീശന്‍ പറഞ്ഞു. ഒരു തരത്തിലുള്ള ഊഹാപോഹങ്ങളും പ്രചരിപ്പിക്കരുതെന്നാണ് പ്രതിപക്ഷം എടുത്ത നിലപാട്. എല്ലാ പഴുതുകളും അടച്ച് സമഗ്രമായ അന്വേഷണമാണ് പ്രതിപക്ഷം ആവശ്യപ്പെട്ടിരിക്കുന്നത്. എന്തടിസ്ഥാനത്തിലായിരുന്നു ആ സമയത്ത് ഈ സംഭവത്തെ പലസ്തീനുമായി ബന്ധപ്പെടുത്തിയതെന്നും സതീശന്‍ ചോദിച്ചു. മാധ്യമങ്ങളൊക്കെ ഉത്തരവാദിത്തം കാണിച്ചു. സാമൂഹിക മാധ്യമങ്ങളില്‍ വിദ്വേഷം പരത്താനുള്ള ശ്രമമുണ്ടായി. കേന്ദ്ര മന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പ്രവണയാണെന്ന് പി.കെ.കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!