KSDLIVENEWS

Real news for everyone

എംപിമാരുടെ സസ്‌പെന്‍ഷൻ: പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ധർണയിരിക്കും

SHARE THIS ON

ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിന് സസ്പെൻഡ് ചെയ്തതിനെതിരേ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം. സസ്പെൻഡ് ചെയ്യപ്പെട്ട പ്രതിപക്ഷ എംപിമാർ പാർലമെന്റ് വളപ്പിൽ ധർണ നടത്തും ബുധനാഴ്ച മുതൽ 10 മുതൽ വൈകിട്ട് ആറ് വരെ ഗാന്ധിപ്രതിമക്ക് മുന്നിലാണ് പ്രതിഷേധം. സസ്പെൻഷനെ നിയമപരമയി നേരിടുമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി.

ബുധനാഴ്ച മുതൽ സഭാ സമ്മേളനം തീരും വരെയാണ് എംപിമാർ പാർലമെന്റ് വളുപ്പിലെ ഗാന്ധി പ്രതിമക്ക് മുന്നിൽ ധർണ ഇരിക്കുക. ധർണ തുടങ്ങുമ്പോൾ മറ്റ് പ്രതിപക്ഷ എംപിമാർ ഇതിന്റെ ഭാഗമായും. സഭ തുടങ്ങുമ്പോൾ അവർ സഭയിലേക്ക് പോകും. ഇതോടൊപ്പം കോടതിയിൽ ചോദ്യം ചെയ്യാനാണ് നീക്കം. ഇക്കാര്യത്തിൽ ചട്ടലംഘനം ഉണ്ടായിട്ടുണ്ടെന്നാണ് പ്രതിപക്ഷ നേതാക്കൾക്ക് കിട്ടിയ ഉപദേശം. സഭക്കുള്ളിൽ നടന്ന കാര്യങ്ങളിൽ കോടതിക്ക് ഇടപെടാൻ സാധിക്കുമോ എന്ന ആശയക്കുഴപ്പമുള്ളതിനാൽ ഇക്കാര്യത്തിൽ നിയമോപദേശം തേടും. അതിന്റെ അടിസ്ഥാനത്തിൽ കോടതിയെ സമീപിക്കും.

ഇതിനിടെ വിഷയത്തിൽ കോടതിയെ സമീപിക്കാൻ കഴിയുമോയെന്ന് ആലോചിക്കുകയാണെന്ന് ബിനോയ് വിശ്വം എംപി മാധ്യമപ്രവർത്തകരോട് പറഞ്ഞു. സംഭവത്തിന്റെ പേരിൽ മാപ്പ് പറയാൻ തങ്ങൾ സവർക്കറല്ല. മുട്ടുകുത്തി മൂന്ന് മാപ്പപേക്ഷ എഴുതിയ പാരമ്പര്യം തങ്ങളുടേതല്ല. ആ പാരമ്പര്യത്തിന്റെ ബന്ധുക്കൾക്ക് മാത്രമേ മാപ്പ് ഇരക്കാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

ഒരു സഭാ സമ്മേളനത്തിലുണ്ടായ പ്രതിഷേധത്തിന് അടുത്ത സമ്മേളനത്തിൽ നടപടി എടുക്കാൻ സാധിക്കില്ലെന്ന് എളമരം കരീം എംപിയും പറഞ്ഞു. ചട്ടവിരുദ്ധമായ നടപടിക്കെതിരേ പ്രതിഷേധം കടുപ്പിക്കുമെന്നും. തിരഞ്ഞുപിടിച്ച് ചില ആളുകളുടെ പേരിൽ നടപടി സ്വീകരിക്കുകയാണ്. ഇത് രാഷ്ട്രീയമാണ്, അതിനെ രാഷ്ട്രീയമായി നേരിടും. ഒരു തരത്തിലും സർക്കാരിന് മുന്നിൽ കീഴടങ്ങില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രാജ്യസഭയുടെ കഴിഞ്ഞ സമ്മേളനത്തിൽ ഇൻഷുറൻസ് ബിൽ ചർച്ചയ്ക്കെടുത്തപ്പോൾ കാർഷിക നിയമങ്ങൾ പിൻവലിക്കാൻ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചതിനാണ് 12 പ്രതിപക്ഷ എം.പി.മാർക്ക് സസ്പെൻഷൻ ലഭിച്ചത്. സി.പി.എം. രാജ്യസഭാകക്ഷി നേതാവ് എളമരം കരീം, സി.പി.ഐ. രാജ്യസഭാകക്ഷി നേതാവ് ബിനോയ് വിശ്വം എന്നിവരുൾപ്പെടെയുള്ളവർക്കാണ് ശീതകാലസമ്മേളനത്തിന്റെ ബാക്കിയുള്ള ദിവസങ്ങളിൽ വിലക്ക്. കോൺഗ്രസിൽനിന്ന് ആറുപേരും തൃണമൂൽ കോൺഗ്രസിലും ശിവസേനയിലുംനിന്ന് രണ്ടുപേർ വീതവും സസ്പെൻഷനിലായി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!