പഞ്ചായത്ത് വിതരണം ചെയ്ത മുട്ടക്കോഴികളിൽ നിന്നു കോഴിവസന്ത, വളർത്തു കോഴികളും ചത്തൊടുങ്ങി

ബോവിക്കാനം ∙ മുളിയാർ പഞ്ചായത്തിൽ കോഴിവസന്ത പടരുന്നു. പഞ്ചായത്ത് വിതരണം ചെയ്ത മുട്ടക്കോഴികളിൽ നിന്നു രോഗം പടർന്ന് വളർത്തു കോഴികളും വ്യാപകമായി ചത്തൊടുങ്ങുകയാണ്.രോഗം കണ്ടെത്തി മൂന്നാഴ്ചയിലേറെ ആയെങ്കിലും ഇതുവരെ പ്രതിരോധ മരുന്ന് നൽകിയിട്ടില്ല. ഇതോടെ രോഗം കൂടുതൽ കോഴികളിലേക്ക് പടർന്നു കൊണ്ടിരിക്കുകയാണ്. മരുന്ന് കിട്ടാനില്ലാത്തതു കൊണ്ടാണ് പ്രതിരോധ കുത്തിവയ്പു തുടങ്ങാത്തതെന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ വിശദീകരണം. തിരുവനന്തപുരം പാലോടുള്ള വെറ്ററിനറി ബയോളജിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് പ്രതിരോധ മരുന്ന് എത്തിക്കേണ്ടത്.
ബാവിക്കരയിലെ അബ്ദുൽ റഹ്മാൻ എന്നയാളുടെ വീട്ടിൽ മാത്രം 50 നാടൻ കോഴികളാണു കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ചത്തത്. ഇന്നലെ മാത്രം 17 എണ്ണം ചത്തു. 2000 രൂപ വരെ വിലയുള്ള കോഴികളാണു ചത്തത്. പഞ്ചായത്തിൽ നിന്നു ലഭിച്ച മുട്ടക്കോഴികൾ 5 എണ്ണവും 3 ദിവസം കൊണ്ട് ചത്തിരുന്നു. ഇദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലെ 23 കോഴികളും ചത്തു.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ വിതരണം ചെയ്ത മുട്ടക്കോഴികളിൽ നിന്നാണ് രോഗം മറ്റു കോഴികളിലേക്ക് പടർന്നത്.കഴിഞ്ഞ 7 നാണ് 50% സബ്സിഡിയോടെ 45 ദിവസം പ്രായമായ മുട്ടക്കോഴികൾ നൽകിയത്. വനിതകൾക്കായിരുന്നു കോഴികൾ നൽകിയത്. ഒരാൾക്ക് 5 വീതം എന്ന തോതിൽ 2750 കോഴികളാണ് ആകെ വിതരണം ചെയ്തത്.
300 രൂപയായിരുന്നു ഗുണഭോക്തൃ വിഹിതം തൃശൂരിലെ ഒരു നഴ്സറിയിൽ നിന്നാണ് കോഴികൾ വാങ്ങിയത്.എന്നാൽ വീടുകളിലെത്തി രണ്ടാം ദിവസം തന്നെ കോഴികൾ ചാകാൻ തുടങ്ങി. ഒരാഴ്ച കൊണ്ട് ഇങ്ങനെ ലഭിച്ചവയിൽ 80 % ചത്തു. ഇതിനു പിന്നാലെയാണ് മറ്റു കോഴികൾക്കും രോഗബാധയുണ്ടായതെന്ന് കർഷകർ പറയുന്നു. കോഴികൾ ചത്തു തുടങ്ങിയപ്പോൾ തന്നെ ജില്ലാ ജന്തുരോഗ നിവാരണ വിഭാഗം വീടുകൾ സന്ദർശിച്ച് കോഴികളുടെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഇതിലാണ് കോഴിവസന്തയാണ് കാരണമെന്ന് വ്യക്തമായത്.കോഴികൾ ചത്തവർക്ക് നഷ്ടപരിഹാരം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ ഇടപെടണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. ഉപഭോക്ത്യ കോടതിയെ സമീപിക്കാനും ആലോചനയുണ്ട്.
എല്ലാ സ്ഥലങ്ങളിലും ഇടെ സംഭവം അന്ന് ഉള്ളത് (നെല്ലിക്കട്ട)

