KSDLIVENEWS

Real news for everyone

ആഴ്ചകളായി സാധനങ്ങളില്ലാത്ത സ്ഥിതി; മന്ത്രിയുടെ മിന്നൽ സന്ദർശനം,എല്ലാ സാധനങ്ങളും ഫുൾ സ്റ്റോക്ക്

SHARE THIS ON

കാസർകോട് ∙ ഭക്ഷ്യവകുപ്പ് മന്ത്രി ജില്ലയിൽ എത്തുന്നുവെന്നറിഞ്ഞു സപ്ലൈകോ വിൽപന കേന്ദ്രങ്ങളിൽ നിത്യോപയോഗ സാധനങ്ങൾ മുഴുവനും എത്തിച്ച് അധികൃതർ. ആഴ്ചകളായി ജില്ലയിലെ സപ്ലൈകോ ശാലകളിൽ സാധനങ്ങളില്ലാത്ത സ്ഥിതിയായിരുന്നു. എന്നാൽ മന്ത്രി ഇന്നലെ മിന്നൽ സന്ദർശനത്തിനെത്തിയപ്പോൾ എല്ലാ സാധനങ്ങളും ഫുൾ സ്റ്റോക്ക്. വകുപ്പിനു മന്ത്രിയുടെ വക ക്ലീൻ ചിറ്റ്.ജില്ലയിൽ സപ്ലൈകോയുടെ എല്ലാ വിൽപന കേന്ദ്രങ്ങളിലും മന്ത്രി എത്തുന്നതിനു 2 ദിവസം മുൻപേ തന്നെ മുഴുവൻ സാധനങ്ങളും എത്തിക്കുന്ന തിരക്കിലായിരുന്നു അധികൃതർ.

ജയ അരി, മല്ലി, മൈദ, കറുത്ത തോര, റവ, കടല തുടങ്ങിയ സാധനങ്ങൾ പലതും ദിവസങ്ങളായി ഇവിടെ ഉണ്ടായിരുന്നില്ല. ചൊവ്വാഴ്ച ഉച്ചയോടെ എല്ലാം എത്തിച്ചു. ഇന്നലെ രാവിലെ കാസർകോട് എത്തിയ മന്ത്രി ജി.ആർ.അനിൽ ഉച്ചകഴിഞ്ഞു 2ന് കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്തുള്ള സപ്ലൈകോ പീപ്പിൾസ് ബസാർ സന്ദർശിച്ചു. സാധനങ്ങൾ ഓരോന്നായി പരിശോധിച്ചു. ഉള്ള സാധനങ്ങളുടെ വിവരങ്ങൾ ചോദിച്ചു. എല്ലാം ഉണ്ടെന്നു ജീവനക്കാർ.

20 മിനിറ്റ് മന്ത്രിയും സംഘവും ഇവിടെ തങ്ങി. സാധനങ്ങൾ വാങ്ങാൻ എത്തിയ ഇടപാടുകാരുമായി സംസാരിച്ചു. അവർക്കു സന്തോഷമായി. തലേന്നു വരെ പതിവായി കേട്ട സാധനങ്ങൾ ഇല്ലെന്ന പരാതികളാണ് മന്ത്രിയുടെ വരവോടെ ഒഴിവായത്. വെല്ലം ഉണ്ടായിരുന്നില്ല. അത് റേഷൻകടകളിൽ കിറ്റ് വിതരണത്തോടെ സപ്ലൈകോ വിതരണ ശാലകളിൽ നിന്ന് ഒഴിവാക്കിയിരുന്നു. ഗുണനിലവാരം ഇല്ലെന്ന പരാതികൾ ഉയർന്നതാണു കാരണം. വെല്ലം കിട്ടാൻ ആവശ്യക്കാർ ഉണ്ടെങ്കിലും വിൽപന അനുവദിക്കുന്നതിനു നടപടികൾ ഇനിയും ഉണ്ടായില്ല.

വിദ്യാനഗറിലെ എൻഎഫ്എസ്എ ഗോഡൗണിലും എത്തിയ മന്ത്രി ഗോഡൗൺ മുഴുവൻ നടന്നു കണ്ടു. ഇവിടത്തെ കയറ്റിറക്ക് തൊഴിലാളികളിൽ നിന്നും റേഷൻ സാധനങ്ങൾ എത്തുന്നതും ശുചീകരണമുൾപ്പെടെയുള്ള വിവരങ്ങൾ ആരാഞ്ഞു. തുടർന്ന് സമീപം പ്രവർത്തിക്കുന്ന റേഷൻ കടയിലും മന്ത്രി എത്തി. കടയിലെ ഭക്ഷ്യധാന്യങ്ങൾ പരിശോധിച്ച ശേഷം ഭക്ഷ്യധാന്യങ്ങൾ കൃത്യമായി ലഭിക്കുന്നുണ്ടെന്നും ഉറപ്പ് വരുത്തിയാണ് മടങ്ങിയത്. സിവിൽ സപ്ലൈസ് ഡയറക്ടർ ഡി.സജിത് ബാബു, റേഷനിങ് ഡപ്യുട്ടി കൺട്രോളർ കെ. മനോജ്കുമാർ, ജില്ലാ സപ്ലൈ ഓഫിസർ കെ.പി. അനിൽകുമാർ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, സപ്ലൈകോ ജീവനക്കാർ തുടങ്ങിയവരും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

റേഷൻ കടകളുടെ മുഖഛായ മാറണം: മന്ത്രി ജി.ആർ.അനിൽ

റേഷൻ കടകൾ സാധാരണക്കാരുടെ ആശ്രയ കേന്ദ്രമാകണമെന്നും മുഖഛായ മാറണമെന്നും മന്ത്രി ജി.ആർ.അനിൽ. താൽക്കാലികമായി റദ്ദാക്കിയ റേഷൻ കടകൾ സംബന്ധിച്ച ഫയലുകൾ തീർപ്പാക്കുന്നതിനായി നടത്തിയ അദാലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.അനർഹമായി കൈവശം വെക്കുന്ന മുൻഗണനാ കാർഡുകൾ തിരിച്ചു പിടിക്കുന്നതിനുള്ള നടപടിയിലൂടെ 1.62 ലക്ഷം കാർഡുകൾ തിരിച്ചെത്തിയിട്ടുണ്ട്. ഇനിയും കാർഡുകൾ തിരിച്ചേൽപ്പിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കും. ഒരാൾ പോലും പട്ടിണി കിടക്കരുതെന്ന കാഴ്ചപ്പാടിലാണ് സംസ്ഥാനത്തെ പൊതുവിതരണ രംഗത്ത് ശുദ്ധീകരണ പ്രക്രിയ ആരംഭിച്ചത്.– മന്ത്രി പറഞ്ഞു.

പൊതുവിതരണ വകുപ്പ് ഡയറക്ടർ ഡി.സജിത് ബാബു അധ്യക്ഷത വഹിച്ചു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ്, റേഷനിങ് ഡപ്യൂട്ടി കൺട്രോളർ കെ.മനോജ് കുമാർ, ജില്ലാ സപ്ലൈ ഓഫിസർ കെ.പി.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു.അദാലത്തിൽ പരിഗണിച്ച 27 ഫയലുകളും തീർപ്പാക്കിയതായി മന്ത്രി ‌‍പറഞ്ഞു. അനന്തരാവകാശവുമായി ബന്ധപ്പെട്ട് 4 കടകൾ പുനഃസ്ഥാപിക്കാൻ അദാലത്തിൽ തീരുമാനമായി. 2 കടകൾക്ക് പിഴയീടാക്കാനും ഒരു കടയ്ക്ക് വേഗത്തിൽ ലൈസൻസ് നൽകാനും തീരുമാനിച്ചു.

അനന്തരാവകാശികൾ ഇല്ലാത്തതിനാൽ 6 കടകൾ റദ്ദ് ചെയ്യാനും നിർദേശിച്ചു. ഗുരുതര ക്രമക്കേടുകൾ കണ്ടെത്തി 7 കടകൾ റദ്ദാക്കാനും 5 കടകളിൽ നിന്നും പിഴയീടാക്കാനും നിർദേശിച്ചു. ഒരു റേഷൻകട റവന്യു റിക്കവറിയിലാണ്. ലൈസൻസിയുള്ളയാൾ ഗുരുതര രോഗം ബാധിച്ച് കഴിയുന്നതിനാൽ സാഹചര്യം പരിഗണിച്ച് പിഴയൊഴിവാക്കി. സംസ്ഥാനത്ത് പുതുതായി 599 റേഷൻ കടകളുടെ വിജ്ഞാപനമിറങ്ങിയതായും താത്കാലികമായി റദ്ദ് ചെയ്യപ്പെട്ട 686 കടകൾ പ്രശ്‌നങ്ങൾ പരിഹരിച്ച് ഉടനെ തുറക്കുമെന്നും ഇതോടെ റേഷൻ മേഖലയിൽ പുതുതായി 1285 കടകൾ വരുമെന്നും സിവിൽ സപ്ലൈസ് ഡയറക്ടർ ഡി.സജിത് ബാബു പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!