തമിഴ്നാട്ടില്‍ നിന്ന് അയോദ്ധ്യയിലേയ്ക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു; പൊട്ടിത്തെറി നീണ്ടുനിന്നത് മൂന്ന് മണിക്കൂറോളം

ലക്നൗ: ഉത്തര്‍പ്രദേശിലെ അയോദ്ധ്യയിലേയ്ക്ക് കരിമരുന്നുമായി പോയ ട്രക്കിന് തീപിടിച്ചു. ജനുവരി 22ന് നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്കുള്ള ആവശ്യത്തിന് പടക്കങ്ങള്‍ എത്തിക്കാൻ പോയ വാഹനത്തിനാണ് തീപിടിച്ചതെന്നാണ് വിവരം. ഇന്നലെ രാത്രി ഉന്നാവോയിലെ പൂര്‍വ കോട്വാലിക്കടുത്തുള്ള ഖാര്‍ഗി ഖേദ ഗ്രാമത്തിലാണ് സംഭവം ഉണ്ടായത്.
തീപിടിത്തത്തില്‍ ട്രക്ക് പൂര്‍ണമായി കത്തിനശിച്ചു. മൂന്ന് മണിക്കൂറിലേറെയുള്ള പരിശ്രമത്തിനൊടുവിലാണ് തീ അണയ്ക്കാൻ സാധിച്ചതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. തമിഴ്നാട്ടില്‍ നിന്നാണ് ട്രക്ക് അയോദ്ധ്യയിലേയ്ക്ക് പുറപ്പെട്ടത്. അതേസമയം, രാമക്ഷേത്രത്തിലേക്കായുള്ള പടക്കങ്ങളാണോ പൊട്ടിത്തെറിച്ചതെന്നതില് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അപകടത്തിന്റെ കാരണവും വ്യക്തമല്ല.
അതേസമയം, ജനുവരി 22ന് പ്രാണപ്രതിഷ്ഠ നിശ്ചയിച്ചിരിക്കുന്ന രാമക്ഷേത്രത്തില്‍ പ്രധാനമൂര്‍ത്തിയായ രാംലല്ലയുടെ (ബാലനായ രാമൻ) വിഗ്രഹം ഇന്നെത്തിക്കും. മൈസൂരുവിലെ ശില്പി അരുണ്‍ യോഗിരാജ് കൃഷ്ണശിലയില്‍ കൊത്തിയെടുത്തതാണ് പുതിയ വിഗ്രഹം. പ്രാണപ്രതിഷ്ഠയ്ക്ക് മുന്നോടിയായുള്ള ഏഴു ദിവസത്തെ പൂജാചടങ്ങുകള്‍ക്ക് ഇന്നലെ തുടക്കം കുറിച്ചിരുന്നു. പ്രായശ്ചിത്ത പൂജ അടക്കമാണ് ഇന്നലെ നടന്നത്. സരയൂ നദിക്കരയില്‍ ഇന്നലെ രാത്രി നൂറുകണക്കിന് ചെരാതുകള്‍ ദീപ പ്രഭ തീര്‍ത്തു.

