പ്രതിഷേധം അണയാതെ പുല്‍പ്പള്ളി; രാഹുല്‍ വൈകിട്ടെത്തും, നഷ്ടപരിഹാരം 50 ലക്ഷംവേണമെന്ന് പ്രതിഷേധക്കാര്‍

പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയിലെ പ്രതിഷേധം ആളിക്കത്തുന്നു. കുറുവാ ദ്വീപ് ഇക്കോ ടൂറിസം ജീവനക്കാരന്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടതാണ് ജനങ്ങളുടെ പ്രതിഷേധത്തിന് വഴിവെച്ചത്. ടി.സിദ്ദിഖ് എം.എല്‍.എ. അടക്കമുള്ളവരുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരുമായി അനുനയ ചര്‍ച്ചകള്‍ നടത്തിയെങ്കിലും പ്രതിഷേധത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന നിലപാടിലാണ് ജനങ്ങള്‍. പ്രതിഷേധക്കാരുടെ ആവശ്യങ്ങള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെടുത്താന്‍ വേണ്ടിയുള്ള യോഗങ്ങളടക്കം നടന്നു. യോഗത്തില്‍ ചില വാഗ്ദാനങ്ങളും സര്‍ക്കാര്‍ മുമ്പോട്ട് വെച്ചിട്ടുണ്ട്. അതേസമയം വയനാട് എം.പി. രാഹുല്‍ ഗാന്ധി, ശനിയാഴ്ച വൈകിട്ട് മണ്ഡലത്തിലെത്തും. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ആണ് ഇക്കാര്യം എക്‌സിലൂടെ അറിയിച്ചത്. നിലവില്‍ ഭാരത് ജോഡോ ന്യായ് യാത്രയിലാണ് രാഹുല്‍. വാരണാസിയില്‍നിന്ന് ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് അദ്ദേഹം വയനാട്ടിലേക്ക് തിരിക്കും. ശേഷം ഞായറാഴ്ച പ്രയാഗ് രാജില്‍ നടക്കുന്ന ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ അദ്ദേഹം തിരികെ പോകും. വയനാട്ടിലെ ജനങ്ങള്‍ ഗുരുതര പ്രശ്‌നം നേരിടുമ്പോള്‍ മണ്ഡലത്തിലെ എം.പി. എവിടെ എന്ന ചോദ്യങ്ങളും വിവിധ കോണില്‍നിന്ന് ഉയര്‍ന്നിരുന്നു. മരിച്ച പോളിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം അടിയന്തരമായി നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഭാര്യയ്ക്ക് ജോലി, കുട്ടിയുടെ പഠന ചെലവുമായി ബന്ധപ്പെട്ട കാര്യങ്ങളിലും സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ട്. എന്നാല്‍ രേഖാമൂലമുള്ള മറുപടിയാണ് വേണ്ടത് എന്ന് പോളിന്റെ ബന്ധുക്കള്‍ പറഞ്ഞു. പുല്‍പ്പള്ളിയിലെ യോഗതീരുമാനം മാത്രം പോര, രേഖാമൂലം അറിയിക്കണം എന്നായിരുന്നു കുടുംബാംഗങ്ങളുടെ ആവശ്യം. തുടര്‍ന്ന് എ.ഡി.എം. ദേവകി സ്ഥലത്തെത്തി മൈക്കില്‍ കൂടി തീരുമാനങ്ങള്‍ വായിച്ചു. ആദ്യഘട്ട നഷ്ടപരിഹാരമെന്നോണം 10 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. ഇതില്‍ അഞ്ച് ലക്ഷം ഇന്നുതന്നെ കൈമാറുമെന്നും ബാക്കി അഞ്ചുലക്ഷം പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാകുന്ന മുറയ്ക്ക് കൈമാറുമെന്നും അറിയിച്ചു. എന്നാല്‍ പ്രതിഷേധക്കാര്‍ ഇതിന് തയ്യാറായില്ല. 50 ലക്ഷം രൂപയാണ് പ്രതിഷേധക്കാരുടെ ആവശ്യം. എന്നാല്‍ മന്ത്രിസഭാ തീരുമാനമില്ലാതെ ഇത് സാധ്യമല്ല. അതുകൊണ്ട് സര്‍ക്കാരിലേക്ക് ഇത് ശുപാര്‍ശ ചെയ്യും. ഭാര്യയ്ക്ക് വനംവകുപ്പില്‍ താത്കാലിക ജോലി ഉടന്‍ നല്‍കും. സ്ഥിരം ജോലിക്കായി സര്‍ക്കാരിന് ശുപാര്‍ശ നല്‍കും. മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും- തുടങ്ങിയ തീരുമാനങ്ങള്‍ വായിച്ചെങ്കിലും ജനം സ്വീകരിക്കാന്‍ തയ്യാറായില്ല. പള്ളിവികാരി ഉള്‍പ്പെടെയുള്ളവര്‍ അഭ്യര്‍ഥിച്ചിട്ടും പ്രതിഷേധം തുടരുകയാണ്. 10 ലക്ഷം രൂപ ഇന്ന് തന്നെ പണമായി നല്‍കണമെന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.

