KSDLIVENEWS

Real news for everyone

മോദിക്കാലം ഇന്ത്യയ്ക്ക് നഷ്‌ടമാക്കിയത് 28 ലക്ഷം കോടി: പി. ചിദംബരം

SHARE THIS ON

തൃശ്ശൂർ: നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള 10 വർഷത്തെ ഭരണം രാജ്യത്തിനുണ്ടാക്കിയത് 28 ലക്ഷം കോടി രൂപയുടെ നഷ്ടമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരം. മോദി അധികാരമേറ്റെടുത്തപ്പോൾ ഇന്ത്യയുടെ ജി.ഡി.പി. 100 ലക്ഷം കോടിയുടേതായിരുന്നു. മുൻ പതിവനുസരിച്ച് 10 വർഷത്തിൽ ഇരട്ടിയാകണം. എന്നാൽ, പുതിയ ബജറ്റിലെ വിവരമനുസരിച്ച് നിലവിലെ ആഭ്യന്തരോത്പാദനം 178 ലക്ഷം കോടി രൂപയുടേത് മാത്രമാണെന്നും മുൻ ധനകാര്യമന്ത്രികൂടിയായ ചിദംബരം ചൂണ്ടിക്കാട്ടി. കെ.പി.സി.സി.യുടെ ‘സമരാഗ്നി’ ജാഥയുടെ ജില്ലയിലെ പര്യടനത്തിന്റെ ഉദ്ഘാടനം തേക്കിൻകാട് മൈതാനത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. 1990-91-ൽ ജി.ഡി.പി. 25 ലക്ഷം കോടിയായിരുന്നു. അടുത്ത 12 വർഷം നരസിംഹറാവു, ദേവഗൗഡ, ഗുജ്‌റാൾ, വാജ്‌പേയ് എന്നിവരാണ് ഭരിച്ചത്. ഇക്കാലയളവിൽ 50 ലക്ഷം കോടിയായി. പത്തുവർഷത്തെ യു.പി.എ. ഭരണം കഴിയുമ്പോൾ 100 ലക്ഷം കോടിയായിരുന്നു. അധികാരത്തിൽ വന്നപ്പോൾ എന്തൊക്കെ വാഗ്‌ദാനങ്ങളാണ് മോദി നൽകിയത്. രണ്ടുകോടി തൊഴിൽ, ഇന്ധനം 35 രൂപ നിരക്കിൽ, കർഷകരുടെ വരുമാനം ഇരട്ടിയാക്കൽ, 2022-ൽ എല്ലാവർക്കും വീട് എന്നിങ്ങനെ… എന്നിട്ടെന്തായി?. ആരും മോദിയുടെ ഗ്യാരന്റിയിൽ വിശ്വസിക്കുന്നില്ല. തൊഴിലില്ലായ്‌മയും വിലക്കയറ്റവുമാണ് രാജ്യത്തെ വലിയ പ്രശ്‌നങ്ങൾ. തൊഴിലില്ലായ്‌മ 10 ശതമാനമെന്നാണ് ഔദ്യോഗിക കണക്ക്. ബിരുദധാരികളിൽ 40 ശതമാനത്തിന് തൊഴിലില്ല. നാണയപ്പെരുപ്പം രണ്ടക്കത്തിലാണ്. വിലക്കയറ്റം എല്ലാ ദിവസവും നാം അനുഭവിക്കുന്നുണ്ട്. മധ്യവർഗം ബുദ്ധിമുട്ടിലാണെങ്കിൽ ദരിദ്രജനതയുടെ സ്ഥിതിയെന്താണ്. യു.പി.എ. ഭരണകാലത്ത് 27 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽനിന്നുയർത്താൻ കഴിഞ്ഞതായി യു.എൻ. കണക്കുകൾ കാണിക്കുന്നു. കോൺഗ്രസ് വാക്കുതരുകയാണ് 10 വർഷം കിട്ടിയാൽ രാജ്യത്തെ ദാരിദ്ര്യമുക്തമാക്കാനാകുമെന്ന്. കോൺഗ്രസ് ഭരണത്തിൽ വേഗത്തിലുള്ള വികസനവും തൊഴിലും വിലക്കുറവും ഉറപ്പാണ്. ഇതിനായി കേരളത്തിലെ 20 സീറ്റുകളും തരാൻ തയ്യാറാകണമെന്ന് ചിദംബരം അഭ്യർഥിച്ചു. കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, എം.പി.മാരായ ടി.എൻ. പ്രതാപൻ, ബെന്നി ബഹനാൻ, രമ്യാ ഹരിദാസ് തുടങ്ങിയ നേതാക്കൾ പ്രസംഗിച്ചു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂർ അധ്യക്ഷനായി. പാറമേക്കാവ് ക്ഷേത്രത്തിനു മുന്നിൽനിന്ന്‌ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് ജാഥയെ ആനയിച്ച് സമ്മേളനവേദിയിലെത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!