KSDLIVENEWS

Real news for everyone

കുട്ടിയെ കാണാതായ സംഭവം: തിരച്ചിലിന്റെ ഒരു പകൽ; ദുരൂഹതയുടെ ചുരുളഴിഞ്ഞില്ല, പ്രതികൾ കാണാമറയത്ത്

SHARE THIS ON

തിരുവനന്തപുരം: മാതാപിതാക്കൾക്കും സഹോദരങ്ങൾക്കുമൊപ്പം ഉറങ്ങിക്കിടക്കവേ കാണാതായ നാടോടിക്കുടുംബത്തിലെ രണ്ടു വയസ്സുകാരിയായ മേരിയെ കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ ഒരു ഓടയുടെ വശത്തുനിന്നാണ് കണ്ടെത്തിയത്.ഇരുട്ടുവീണ ശേഷം ആളില്ലാത്ത സ്ഥലത്ത് കുഞ്ഞിനെ ഉപേക്ഷിച്ചതാകാമെന്നു കരുതുന്നു. വിവരം ലഭിച്ചതനുസരിച്ചാണോ പോലീസ് അവിടെയെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കു വിധേയമാക്കിയ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു സ്ഥിരീകരിച്ചു.

ഞായറാഴ്ച അർധരാത്രി മുതലാണ് കുഞ്ഞിനെ കാണാതായത്. ഒരു സ്കൂട്ടറിലെത്തിയ രണ്ടുപേർ കുഞ്ഞിനെ എടുത്തുകൊണ്ടുപോയെന്ന, ആറു വയസ്സുള്ള സഹോദരൻ പറഞ്ഞ വിവരം മാത്രമേ പകൽ മുഴുവൻ പോലീസിനുണ്ടായിരുന്നുള്ളൂ.ചാക്ക-ഓൾസെയ്‌ന്റ്‌സ് റോഡുവക്കിലെ ഒഴിഞ്ഞ പറമ്പിൽ തമ്പടിച്ചായിരുന്നു തെലുങ്കാന സ്വദേശികളായ അമർദീപ്-അമല ദമ്പതിമാർ നാലു മക്കൾക്കൊപ്പം ഉറങ്ങിയത്. റെയിൽപ്പാളത്തിനും റോഡിനുമിടയിലെ ഈ തുറസ്സായ സ്ഥലത്ത് ഒരുമിച്ചാണ് കിടന്നുറങ്ങിയത്. ടാർപ്പോളിനും വിരിപ്പുകളും വിരിച്ച നിലത്ത്് ചെറിയ കൊതുകുവലയ്ക്കുള്ളിലാണ് രണ്ടു വയസ്സുകാരി മേരി ഉറങ്ങിക്കിടന്നത്. കുഞ്ഞിനെ കാണാത്തതിനെത്തുടർന്ന് അച്ഛൻ അമർദീപ് തിങ്കളാഴ്ച രണ്ടുമണിയോടെ പേട്ട പോലീസ് സ്റ്റേഷനിലെത്തി വിവരമറിയിക്കുകയായിരുന്നു. അപ്പോൾ മുതൽ പോലീസ് തിരച്ചിൽ ആരംഭിച്ചു.


തേൻ ശേഖരിച്ച് വിൽപ്പന നടത്തുന്ന അമർദീപും കുടുംബവും വർഷത്തിൽ രണ്ടു മാസമാണ് കേരളത്തിലെത്തുന്നത്. 15 വർഷത്തോളമായി കേരളത്തിൽ വന്നുപോകാറുള്ള ഇവർ രണ്ടാഴ്ച മുൻപാണ് തിരുവനന്തപുരത്തെത്തിയത്. തെലങ്കാന ബാസ്തി ദേവിനഗർ സ്വദേശികളാണെന്നാണ് ഇവർ പോലീസിനെ അറിയിച്ചത്. മേരിയെക്കൂടാതെ മൂന്ന് ആൺകുട്ടികൾകൂടി ഈ ദമ്പതിമാർക്കുണ്ട്.

കണ്ടെത്തിയത് പൊന്തക്കാട്ടിൽ

കൊച്ചുവേളി റെയിൽവേ സ്റ്റേഷനു സമീപത്തെ പൊന്തക്കാട്ടിൽനിന്നാണ് രാത്രി എട്ടോടെ കുഞ്ഞിനെ കണ്ടെത്തിയത്. ട്രാക്കിനു സമീപത്ത് വെള്ളമൊഴുകാത്ത ഓടയ്ക്കുള്ളിൽനിന്നാണ് കുഞ്ഞിനെ പോലീസ് കണ്ടെടുത്തത്‌.ഇവിടം പൊന്തക്കാടാണ്. ഈ ഭാഗത്ത് ആൾത്താമസമില്ലെങ്കിലും എതിർഭാഗത്ത് വീടുകളുണ്ട്. കുഞ്ഞിനെ കാണാനില്ലെന്ന വാർത്ത വന്നപ്പോൾത്തന്നെ ഇവിടെ പലതവണ പരിശോധന നടത്തിയതാണെന്ന് നാട്ടുകാർ പറയുന്നു.


ചാക്ക ഓൾസെയ്‌ന്റ്സ് ജങ്ഷനു സമീപത്തുനിന്നു കാണാതായ മേരി എന്ന രണ്ടു വയസ്സുകാരിയെ തിരികെക്കിട്ടിയെങ്കിലും ഇത്രയും സമയം കുഞ്ഞ് എവിടെയായിരുന്നുവെന്നതിൽ ദുരൂഹത മാറുന്നില്ല.

കൊച്ചുവേളിയിലെ റെയിൽപ്പാളത്തിനു സമീപത്തെ ഓടയിൽനിന്നാണ് കുഞ്ഞിനെ പോലീസ് കണ്ടെത്തിയത്. പലതവണ നാട്ടുകാരും പോലീസുമെല്ലാം പരിശോധന നടത്തിയ സ്ഥലത്തുനിന്നാണ് അപ്രതീക്ഷിതമായി പോലീസ് കുഞ്ഞിനെ കണ്ടെത്തിയത്. കുഞ്ഞിനെ കാണാതായ സ്ഥലവും കണ്ടെത്തിയ സ്ഥലവും തമ്മിൽ കഷ്ടിച്ച് അര കിലോമീറ്റർ ദൂരമേയുള്ളൂ.


ജനറൽ ആശുപത്രിയിലെ പരിശോധനയ്ക്കുശേഷം കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് ആംബുലൻസിൽ കൊണ്ടുപോകുന്നു. അച്ഛൻ അമർദീപ് സമീപം(നീല ചെക്ക് ഷർട്ട്)
കരച്ചിൽ കേട്ട് അടുത്തെത്തിയെന്ന് പോലീസ്

പോലീസ് പല ഭാഗമായി തിരിഞ്ഞ്‌ പരിശോധന നടത്തുന്നതിനിടയിലാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നാണ് ഔദ്യോഗിക ഭാഷ്യം. മണ്ണന്തല പോലീസ് സംഘം പരിശോധന നടത്തുന്നതിനിടെ കാട്ടിൽനിന്ന് കുഞ്ഞിന്റെ കരച്ചിൽ കേട്ടെന്നാണ് പോലീസ് പറയുന്നത്. പോലീസ് സംഘം കുഞ്ഞുമായി ഓടിവരുന്നതാണു കണ്ടതെന്ന് സമീപവാസികൾ പറയുന്നു.

ആകാശം മേൽക്കൂരയാക്കി ഉറക്കം

നാടോടികളായ അമർദീപും അമലയും കുടുംബസമേതം പലതവണ തലസ്ഥാനത്തെത്തിയിരുന്നെങ്കിലും ഇത്തരത്തിലൊരു അനുഭവം ആദ്യമാണ്.ചാക്ക ഓൾ സെയ്‌ന്റ്‌സ് കോളേജിനു സമീപം ഒഴിഞ്ഞ പറമ്പിൽ ഒരു മേൽക്കൂരയുടെ തണൽപോലുമില്ലാതെയാണ് ഇവർ കഴിഞ്ഞിരുന്നത്.മുൻപും ഇതുപോലെ വഴിവക്കിൽത്തന്നെയാണ് അന്തിയുറങ്ങിയിരുന്നത്. അന്താരാഷ്ട്ര വിമാനത്താവളത്തിനടുത്തെ റോഡിൽനിന്ന് പത്ത് മീറ്റർ മാറിയാണ് കുടുംബം കഴിഞ്ഞിരുന്നത്. റെയിൽവേ പാളത്തിലേക്കു കേവലം അൻപത് മീറ്റർ മാത്രം അകലം.

നിലത്ത് പായയും ടാർപ്പോളിനും വിരിച്ചാണ് കിടന്നിരുന്നത്. മേരിയെ കുഞ്ഞുങ്ങൾക്കുള്ള കൊതുകുവലയ്ക്കുള്ളിലാണ് കിടത്തിയിരുന്നത്. സമീപത്തായി മാതാപിതാക്കളും അമ്മൂമ്മയും സഹോദരങ്ങളും കിടന്നിരുന്നു.കുഞ്ഞിനെ കാണാതായതിനുശേഷം അച്ഛനും അമ്മയും രണ്ടാമത്തെ സഹോദരനും പോലീസ് സ്റ്റേഷനിലേക്കു പോയതോടെ മൂത്തസഹോദരൻ സീനുവും മൂന്നാമത്തെ സഹോദരനും അമ്മൂമ്മയോടൊപ്പം തനിച്ചായി. രാവിലെ മുതൽ സ്ഥലത്തെത്തിയവർ ചോദിച്ച ചോദ്യങ്ങളോട് സീനുവാണ് മറുപടി പറഞ്ഞത്.

മേരിയെ സ്‌കൂട്ടറിൽ കൊണ്ടുപോകുന്നത് അനിയൻ കണ്ടെന്നും ഈ വിവരം മാതാപിതാക്കളെ വിളിച്ചുണർത്തി പറഞ്ഞെന്നും സീനു പറഞ്ഞു.ആളുകളെ കണ്ടതിന്റെ അമ്പരപ്പും സഹോദരിയെ കാണാതായതിന്റെ സങ്കടവും അവന്റെ വാക്കുകളിലുണ്ടായിരുന്നു. ഇടയ്ക്കു ചിലർ ഭക്ഷണവുമായി എത്തിയെങ്കിലും ഇവർ കഴിക്കാൻ തയ്യാറായില്ല. ഇതിനിടെ പോലീസ് ഇവർ നിന്നിരുന്ന സ്ഥലം സീൽ ചെയ്തു. ഉച്ചയോടെ െബംഗളൂരുവിൽനിന്ന് ഇവരുടെ ബന്ധുക്കളെത്തി.

കേരള പോലീസിന് നന്ദിപറഞ്ഞ് അമർദീപ്

രണ്ടു വയസ്സുകാരിയായ മകളെ കാണാനില്ലെന്ന പരാതിയുമായി പൊട്ടിക്കരഞ്ഞുകൊണ്ടാണ് അച്ഛൻ അമർദീപും അമ്മ അമലയും പേട്ട പോലീസ് സ്റ്റേഷനിലെത്തിയത്.19 മണിക്കൂറുകൾ ഇവർ പോലീസ് സ്റ്റേഷനിൽത്തന്നെയായിരുന്നു.വൈകീട്ട് ഏഴേമുക്കാലോടെയാണ് കുഞ്ഞിനെ തിരിച്ചുകിട്ടിയെന്ന വാർത്ത രക്ഷിതാക്കളെ പോലീസ്‌ അറിയിക്കുന്നത്. അപ്പോഴും കണ്ണീരോടെ കൈകൂപ്പി അമർദീപ് കേരള പോലീസിനു നന്ദിപറഞ്ഞു.ഉടൻതന്നെ പോലീസ് ഇവരെ കുഞ്ഞിനെ വൈദ്യപരിശോധനയ്ക്കെത്തിച്ച ജനറൽ ആശുപത്രിയിൽ എത്തിച്ചു.


കുഞ്ഞിന്റെ മാതാപിതാക്കളായ അമർദീപും അമലയും കേരള പോലീസിന് നന്ദി പറഞ്ഞ് കൈകൂപ്പുന്നു
ഉപേക്ഷിച്ചത് കൊല്ലം മോഡലിലെന്ന്‌ സംശയം

പോലീസിന്റെയും നാട്ടുകാരുടെയും അന്വേഷണം ഊർജ്ജിതമാക്കിയതോടെ കുട്ടിയെ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.കൊല്ലം ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയവരും ഇതേ മാർഗമാണ് പിന്തുടർന്നത്.സാമൂഹികമാധ്യമങ്ങളിലൂടെ കുട്ടിയുടെ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ടായിരുന്നു. പിടിക്കപ്പെടുന്നതിനു മുൻപ്‌ കുട്ടിയെ തിരികെനൽകാനായിരുന്നു ശ്രമം. തട്ടിക്കൊണ്ടുപോകൽ സംബന്ധിച്ച് വിശദമായി പരിശോധിച്ച ശേഷം പറയാമെന്നാണ്‌ ഡി.സി.പി. നിതിൻ രാജ് പറഞ്ഞത്.

ജലപാനമില്ലാതെ 19 മണിക്കൂറെന്ന് ഡോക്ടർമാർ

തട്ടിക്കൊണ്ടുപോയവർ പത്തൊൻപത് മണിക്കൂർ കുഞ്ഞിന് ആഹാരമോ വെള്ളമോ നൽകിയില്ല. ഈ വിവരം ആശുപത്രി അധികൃതരെ കുഞ്ഞ് അറിയിച്ചു. ഇപ്പോൾ ആരോഗ്യവതിയാണ്. ദേഹോപദ്രവമേല്പിച്ചതിന്റെ ലക്ഷണമൊന്നും കാണാനില്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. എസ്.എ.ടി. ആശുപത്രിയിലെത്തിയപ്പോൾ ശീതളപാനീയവും ബിസ്‌കറ്റും നൽകി. ഇതായിരുന്നു കഴിഞ്ഞ 19 മണിക്കൂറിൽ കുഞ്ഞിനു ലഭിച്ച ആഹാരം.ആശുപത്രിയിലെത്തിച്ചപ്പോൾ ക്ഷീണമുണ്ടായിരുന്നു. അച്ഛനോടും അമ്മയോടും സംസാരിച്ചെന്നും വിശദമായി പരിശോധിക്കുന്നുണ്ടെന്നും ആരോഗ്യനില തൃപ്‌തികരമാണെന്നും എസ്.എ.ടി. ആശുപത്രി സൂപ്രണ്ട് ഡോ.ബിന്ദു പറഞ്ഞു.

പ്രതികൾ കാണാമറയത്ത്; ചോദ്യങ്ങൾ ബാക്കി

എന്തിനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയതെന്നാണ് കുട്ടിയെ തിരികെക്കിട്ടിയ ശേഷം ഉയരുന്ന പ്രധാന ചോദ്യം. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയത് ഭിക്ഷാടന മാഫിയയാവാം എന്നതായിരുന്നു തുടക്കംമുതൽ പോലീസിന്റെ നിഗമനം.കുഞ്ഞുങ്ങളെ വളർത്താനോ വില്പനയ്‌ക്കോ വേണ്ടി തട്ടിയെടുത്തതാവാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.രാവിലെമുതൽ ഈ ഭാഗത്തുള്ള സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. എന്നാൽ, കടത്തിക്കൊണ്ടുപോകാൻ സാധ്യതയുള്ള വാഹനങ്ങളെക്കുറിച്ച് പോലീസിനു സൂചനകൾ ലഭിച്ചിരുന്നില്ല.

കുഞ്ഞ് 500 മീറ്ററിനപ്പുറത്തേക്കു പോയിട്ടില്ലെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. പ്രതികളെക്കുറിച്ച് ചില സൂചനകൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. കുഞ്ഞിനെ കണ്ടെത്തിയ സ്ഥലത്ത് പോലീസ് പരിശോധന നടത്തി.പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയുള്ളവരാവാം തട്ടിക്കൊണ്ടുപോകലിനു പിന്നിലെന്നും പോലീസ് സംശയിക്കുന്നുണ്ട്. പകൽ ഈ ഭാഗത്ത് പരിശോധിച്ചെങ്കിലും കുഞ്ഞ് ഇവിടെ ഉണ്ടായിരുന്നിെല്ലന്ന് ഡി.സി.പി. നിതിൻരാജും സ്ഥിരീകരിച്ചിരുന്നു. വാഹനങ്ങൾ ഉപയോഗിക്കാതെ കുഞ്ഞിനെ റെയിൽവേ ട്രാക്കിന്റെ ഭാഗത്തുകൂടി എടുത്തുകൊണ്ടുപോകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല.

ബന്ധുക്കൾ പറന്നെത്തി

തിരുവനന്തപുരം : പ്രദേശത്തെ സി.സി.ടി.വി.കളെല്ലാം അരിച്ചുപെറുക്കി പരിശോധിച്ചിട്ടും നാടോടി കുടുംബത്തിലെ കാണാതായ രണ്ടുവയസ്സുകാരിയെക്കുറിച്ച് മണിക്കൂറുകളോളം വിവരം ലഭിക്കാതെ പോലീസ്. ബന്ധുക്കൾ പരാതിപ്പെട്ടതനുസരിച്ച് അർധരാത്രി 12-നും ഒന്നരയ്ക്കുമിടെയാണ് കുട്ടിയെ കാണാതായത്. ഈ സമയം കേന്ദ്രീകരിച്ചാണ് ചാക്ക, ഈഞ്ചയ്ക്കൽ, ബൈപ്പാസ് പ്രദേശങ്ങളിലെ നിരീക്ഷണ ക്യാമറകൾ പോലീസ് പരിശോധിച്ചത്. അതേസമയം സംശയകരമായി ഒരു സ്കൂട്ടർ കടന്നുപോകുന്നതായി കണ്ടെങ്കിലും ദൃശ്യം വ്യക്തമായില്ല.

നാടോടി കുടുംബം തമ്പടിച്ചിരുന്ന തുറസ്സായ സ്ഥലം റെയിൽവ ട്രാക്കിനും ചതുപ്പിനുമടുത്താണ്. ഇവിടമാകെ പോലീസ് പരിശോധിച്ചു.കുട്ടിയെ ഭിക്ഷാടന മാഫിയ തട്ടിക്കൊണ്ടുപോയതാകാമെന്ന നിഗമനത്തിലും അന്വേഷണം നടക്കുന്നുണ്ട്. ഇവിടെനിന്ന്‌ തമിഴ്‌നാട് ഭാഗത്തേക്കു കടക്കാനും മണിക്കൂറുകൾ മതി. സമീപ ജില്ലകളിലെയും തമിഴ്‌നാട്ടിലെയും പോലീസും കുട്ടിക്കായി തിരച്ചിൽ നടത്തി. കുട്ടിയെ കാണാതായ വിവരം ലഭിച്ചതിനു പിന്നാലെ കുട്ടിയുടെ അച്ഛൻ അമർദീപിന്റെ ബന്ധുക്കൾ ബെംഗളൂരുവിൽനിന്നു വിമാനമാർഗം തിരുവനന്തപുരത്തെത്തി. തിങ്കളാഴ്ച ഉച്ചയോടെയാണ് നാടോടി കുടുംബത്തിലെ ബന്ധുക്കൾ എത്തിയത്. അമർദീപിന്റെ അമ്മ ഗജനി, സഹോദരങ്ങളായ ഭാരതി, പുനീത്, ഗൗതം എന്നിവരുൾപ്പെടെ കണ്ണീരൊഴുക്കിയാണ് പേട്ട പോലീസ് സ്റ്റേഷനിലെത്തിയത്.

സ്വയം നടന്നുപോയതാകാൻ സാധ്യതയില്ലെന്ന് കമ്മിഷണർ

കുഞ്ഞ് സ്വയം നടന്നുപോകാൻ സാധ്യതയില്ലെന്നും ആരോ ഉപേക്ഷിച്ചതായിരിക്കുമെന്നും സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്.നാഗരാജു പറഞ്ഞു.കുഞ്ഞിനെ കണ്ടെത്തുന്നതിൽ ഡ്രോൺ വഴിയുള്ള പരിശോധനയാണ് നിർണായകമായത്. ഇതുവഴിയുള്ള പരിശോധനയിലാണ് കുഞ്ഞ് കിടക്കുന്ന സ്ഥലത്തെ സംബന്ധിച്ച സൂചന ലഭിച്ചതും പോലീസ് അങ്ങോട്ടേക്കു ചെന്നതും.കുട്ടിയുടെ ബന്ധുക്കളുമായി സംസാരിച്ച് ഒരാളുടെ രേഖാചിത്രം തയ്യാറാക്കിയിട്ടുണ്ട്.എന്നാൽ, ഇതിനെപ്പറ്റി ഒന്നും പറയാറായിട്ടില്ല. ചൂടുകാരണം വളരെ ക്ഷീണിച്ചനിലയിലാണ് കുഞ്ഞിനെ കിട്ടിയതെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!