തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം; അഞ്ച് സീറ്റുകള്‍ കൂടുതല്‍, ഇടതുപക്ഷ മുന്നണിക്ക് നേട്ടം

സംസ്ഥാനത്ത് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് നേട്ടം. ഉപതിരഞ്ഞെടുപ്പ് നടന്ന 23 സീറ്റുകളില്‍ അഞ്ചെണ്ണം മാത്രമായിരുന്നു ഇടതുമുന്നണി കൈവശം വച്ചിരുന്നത്.
എന്നാല്‍ ഫലം വന്നപ്പോള്‍ അഞ്ച് സീറ്റുകള്‍ കൂടുതല്‍ നേടി ഇടതുമുന്നണി മികച്ച മുന്നേറ്റമുണ്ടാക്കി. യുഡിഎഫിൻ്റെ കൈവശമിരുന്ന നാല് സീറ്റുകളും ബിജെപിയുടെ മൂന്ന് സീറ്റുകളും ഇടതുമുന്നണി പിടിച്ചെടുത്തു. യുഡിഎഫിന് കൈവശമുണ്ടായിരുന്ന മൂന്ന് സീറ്റുകള്‍ നഷ്ടപ്പെട്ടു. നാല് സീറ്റുകള്‍ കൈവശമുണ്ടായിരുന്ന ബിജെപിക്ക് ഒരു സീറ്റ് നഷ്ടമായി. എല്‍ഡിഎഫിൻ്റെ ഓരോ സിറ്റിങ്ങ് സീറ്റില്‍ വീതം കോണ്‍ഗ്രസും ബിജെപിയും വിജയിച്ചു. ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതോടെ എറണാകുളം ജില്ലയിലെ നെടുമ്ബാശ്ശേരി പഞ്ചായത്ത് ഭരണവും എല്‍ഡിഎഫ് സ്വന്തമാക്കി. യുഡിഎഫിൻ്റെ സിറ്റിങ്ങ് വാർഡായ കല്‍പ്പക നഗറില്‍ വിജയിച്ചതോടെയാണ് പഞ്ചായത്ത് ഭരണം ഇടതുപക്ഷം സ്വന്തമാക്കിയത്. പഞ്ചായത്ത് പ്രസിഡൻ്റുമായുണ്ടായ അഭിപ്രായഭിന്നതയെ തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായിരുന്ന കോണ്‍ഗ്രസിലെ സന്ധ്യാ നാരായണപിള്ള രാജിവെച്ച ഒഴിവിലാണ് ഇവിടെ തിരഞ്ഞെടുപ്പ് നടന്നത്.
തിരുവനന്തപുരം ജില്ലയില്‍ രണ്ട് സീറ്റുകള്‍ ഇടതുമുന്നണി ബിജെപിയില്‍ നിന്നും പിടിച്ചെടുത്തു. തിരുവനന്തപുരം കോർപ്പറേഷനിലെ വെള്ളാർ വാർഡും ഒറ്റശേഖരമംഗലം പഞ്ചായത്തിലെ കുന്നനാട് വാർഡുമാണ് ഇടതുപക്ഷം ബിജെപിയില്‍ നിന്നും പിടിച്ചെടുത്തത്. കോർപ്പറേഷനിലേയ്ക്ക് സിപിഐയിലെ പനത്തുറ ബൈജുവും കുന്നാർ വാർഡില്‍ ഒ ശ്രീലജയുമാണ് വിജയിച്ചത്. കൊല്ലം ജില്ലയിലെ ചടയമംഗലം പഞ്ചായത്തിലെ കുരിയോടു വാർഡാണ് ബിജെപിയില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുത്ത മൂന്നാമത്തെ സീറ്റ്.പി എസ് സുനില്‍കുമാറാണ് ഇവിടെ വിജയിച്ചത്.
എറണാകുളം ജില്ലയിലെ എടവനക്കാട് പഞ്ചായത്തിലെ എല്‍ഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. പത്തനംതിട്ട ജില്ലയില്‍ സ്വതന്ത്രൻ വിജയിച്ച നാരങ്ങാനം പഞ്ചായത്തിലെ ഒമ്ബതാം വാർഡില്‍ ഇത്തവണ കോണ്‍ഗ്രസ് വിജയിച്ചു. ആലപ്പുഴ ജില്ലയിലെ വെളിയനാട് പഞ്ചായത്തില്‍ എല്‍ഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റില്‍ ബിജെപി വിജയം സ്വന്തമാക്കി.
തൃശൂർ ജില്ലയില്‍ യുഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന മുല്ലശ്ശേരി പഞ്ചായത്തിലെ ഊരകം വാർഡ് എല്‍ഡിഎഫ് തിരിച്ചുപിടിച്ചു. വി എം മനീഷാണ് ഇവിടെ വിജയിച്ചത്. പാലക്കാട് ജില്ലയില്‍ യുഡിഎഫിൻ്റെ സിറ്റിങ്ങ് സീറ്റായിരുന്ന എരുത്തേമ്ബതി പഞ്ചായത്തിലെ പിടാരിമേട് വാർഡിലും എല്‍ഡിഎഫ് വിജയിച്ചു. മാർട്ടിൻ ആൻ്റണിയാണ് ഇവിടെ വിജയിച്ചത്. കണ്ണൂർ ജില്ലയില്‍ മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡും യുഡിഎഫില്‍ നിന്ന് ഇടതുമുന്നണി തിരിച്ച് പിടിച്ചു. എ സി നസിയത്ത് ബീവിയാണ് ഇവിടെ വിജയിച്ചത്. മട്ടന്നൂർ മുനിസിപ്പാലിറ്റിയില്‍ യുഡിഎഫിൻ്റെ കൈവശമുണ്ടായിരുന്ന ഒരു വാർഡില്‍ ബിജെപി വിജയിച്ചു.

