KSDLIVENEWS

Real news for everyone

സമ്മര്‍ദ്ദ തന്ത്രം വേണ്ട, പി.സി. ജോര്‍ജിന് താക്കീതുമായി ബിജെ.പി കേന്ദ്ര നേതൃത്വം; അനുനയവുമായി അനില്‍

SHARE THIS ON

പത്തനംതിട്ട: പി.സി. ജോര്‍ജിന് താക്കീതുമായി ബി.ജെ.പി. കേന്ദ്ര നേതൃത്വം. സമ്മര്‍ദ്ദ തന്ത്രം വേണ്ടെന്നാണ് കേന്ദ്ര നേതൃത്വം പി.സി. ജോര്‍ജിന് താക്കീത് നല്‍കിയത്. അതേസമയം പി.സിയെ അനുനയിപ്പാക്കാനുള്ള നീക്കവുമായി അനില്‍ ആന്റണിയും കളത്തിലെത്തിയിട്ടുണ്ട്. തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിക്ക് പൂഞ്ഞാറിലെ വീട്ടിലെത്തി പി.സി. ജോര്‍ജിനെ നേരിട്ട് കണ്ട് സംസാരിക്കുമെന്ന് അനില്‍ ആന്റണി അറിയിച്ചു. ഇതിനിടെ പി.സി. ജോര്‍ജിനെതിരെ തുഷാര്‍ വെള്ളാപ്പള്ളി ഡല്‍ഹിയില്‍ എത്തി ബിജെപി നേതൃത്വത്തെ അതൃപ്തി അറിയിച്ചിരുന്നു തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സമ്മര്‍ദ്ദ തന്ത്രങ്ങളും പരസ്യ വിലക്കുകളും ആരും നടത്തരുത് എന്നായിരുന്നു നേതൃത്വത്തിന്റെ നിര്‍ദേശം. അതിനിടെയാണ് പത്തനംതിട്ട സീറ്റിനെ ചൊല്ലി പി.സി.ജോര്‍ജ് ഇടഞ്ഞത്. പത്തനംതിട്ടയില്‍ തന്നെ സ്ഥാനാര്‍ഥിയാകാത്തത് കേരളത്തിലൂടനീളം ബിജെപിക്ക് പ്രതിസന്ധിയാകുമെന്നായിരുന്നു പി.സി.ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. താന്‍ സ്ഥാനാര്‍ഥിയായാല്‍ കേരളത്തിലുടനീളം ബിജെപിക്ക് ലഭിക്കാവുന്ന വോട്ടുകളെയാണ് തീരുമാനം ബാധിച്ചിരിക്കുന്നതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ‘എന്റെ ബിജെപി പ്രവേശനം ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്ന് ബിജെപിയിലേക്ക് ഒരു ഒഴുക്കുണ്ടാക്കാന്‍ സാധിച്ചിരുന്നു. അത് വേറെയൊരാള്‍ക്കും കഴിഞ്ഞിട്ടില്ല. പത്തനംതിട്ട പാര്‍ലമെന്റ് സീറ്റില്‍ പി.സി.ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് അവരെല്ലാവരും വിചാരിച്ചിരുന്നത്. കാസയുള്‍പ്പടെയുള്ള ക്രിസ്ത്യന്‍ സംഘടനകള്‍ മുഴുവനും കൂടാതെ ബിഷപ്പുമാരും എന്നെ പത്തനംതിട്ടയില്‍ മത്സരിപ്പിച്ചാല്‍ മറ്റു മണ്ഡലങ്ങളില്‍ ബിജെപി സ്ഥാനാര്‍ഥിക്ക് വോട്ട് ചെയ്യാമെന്ന് തീരുമാനം എടുത്തിരുന്നു. അതെല്ലാം തകിടംമറിഞ്ഞു. അത് എനിക്ക് നിയന്ത്രിക്കാന്‍ പറ്റുന്നതല്ല. എനിക്ക് അനുകൂലമായി എന്‍എസ്എസും ശക്തമായ നിലപാട് എടുത്തു. അതിനും ഇപ്പോള്‍ വലിയ മാറ്റംവരാം. പത്തനംതിട്ട മാത്രമല്ല, കേരളത്തിലുടനീളം ഈ പ്രശ്നംവരാം. പത്തനംതിട്ടയില്‍ എനിക്ക് ഓടിനടന്ന് പരിഹരിക്കാമായിരുന്നു. കേരളംമുഴുവന്‍ ഈ പ്രശ്നം വരുമ്പോള്‍ എന്ത് ചെയ്യണമെന്ന് എനിക്കറിയില്ല. വരട്ടെ, വരുംപോലെ കാണാം’ ജോര്‍ജ് പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനായി കഴിഞ്ഞ ദിവസം ബിജെപി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ പത്തനംതിട്ടയില്‍ അനില്‍ ആന്റണിയെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അനില്‍ ആന്റണി തന്റെ ഒപ്പംഇരുന്നിട്ടും സ്ഥാനാര്‍ഥിയാകുന്ന കാര്യം തന്നോട് പറഞ്ഞില്ലെന്നും പി.സി.ജോര്‍ജ് പറഞ്ഞിരുന്നു. ‘കേരളവുമായി ബന്ധമില്ലാത്ത ആളാണ് അനില്‍ ആന്റണി. ബന്ധമില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലെങ്കിലും എ.കെ.ആന്റണിയുടെ മകനാണ്. എ.കെ.ആന്റണിയുടെ മകന്‍ എന്ന നിലയില്‍ നമുക്കൊരു ബന്ധമായി. പ്രധാനമന്ത്രി തിരുവനന്തപുരത്ത് വന്നപ്പോള്‍ ഞാനും അനില്‍ ആന്റണിയും അടുത്തടുത്താണ് ഇരുന്നത്. ഞങ്ങള്‍ സംസാരിച്ചിരുന്നു. പക്ഷേ അന്നൊന്നും സ്ഥാനാര്‍ഥിയാകുമെന്ന് അനില്‍ ആന്റണി പറഞ്ഞില്ല. അദ്ദേഹത്തിന് ഇഷ്ടപ്പെട്ട ഒരു സ്ഥലമായത് കൊണ്ടാണല്ലോ പത്തനംതിട്ടയിലേക്ക് വന്നത്. അദ്ദേഹം ആവശ്യപ്പെട്ടിട്ടാണല്ലോ പത്തനംതിട്ട കൊടുത്തതും. തിരഞ്ഞെടുപ്പ് വരട്ടെ, ജയിപ്പാക്കാനുള്ള പരമാധി ശ്രമം നടത്താം എന്നേ എനിക്ക് പറയാനുള്ളൂ’ പി.സി.ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ബിജെപിയില്‍ ചേരുമ്പോള്‍ എന്തെങ്കിലും ഡിമാന്‍ഡുകളുണ്ടോയെന്ന് ചോദിച്ചിരുന്നു. ഒരു ഡിമാന്‍ഡും ഇല്ലെന്ന് പറഞ്ഞു, എനിക്ക് സ്ഥാനാര്‍ഥിയാകണമെന്ന് ആരോടും പറഞ്ഞിട്ടില്ല. എന്നാല്‍ ഓരോ മണ്ഡലത്തിലും ബിജെപി സ്ഥാനാര്‍ഥികളെ കുറിച്ച് ഒരു സര്‍വേ നടത്തിയിരുന്നു. അഭിപ്രായ സര്‍വേയില്‍ പത്തനംതിട്ടയില്‍ 95 ശതമാനം ആളുകളും പറഞ്ഞത് തന്റെ പേരായിരുന്നുവെന്നും പി.സി.ജോര്‍ജ് പറഞ്ഞു. അങ്ങനെയാണ് തന്റെ പേര് പുറത്ത് വന്നതെന്നും സ്ഥാനത്തിന് വേണ്ടി ആരുടേയും പുറകെ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!