KSDLIVENEWS

Real news for everyone

ബാലബുദ്ധി, പരാന്നഭോജി’; രാഹുലിനെയും കോൺഗ്രസിനെയും പരിഹസിച്ച് മോദിയുടെ 2.15 മണിക്കൂർ പ്രസംഗം

SHARE THIS ON

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി പറഞ്ഞത് രണ്ടേകാല്‍ മണിക്കൂര്‍ നീണ്ട പ്രസംഗത്തില്‍. കഴിഞ്ഞദിവസം ഒന്നരമണിക്കൂറിലേറെ ദൈർഘ്യമുള്ള പ്രസംഗമായിരുന്നു പ്രതിപക്ഷനേതാവ് രാഹുല്‍ഗാന്ധി സഭയില്‍ നടത്തിയത്. രാഹുല്‍ഗാന്ധിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കുമെതിരേ കടുത്ത പരിഹാസവും വിമര്‍ശനങ്ങളുമായിരുന്നു മോദിയുടെ പ്രസംഗത്തിൽ ഏറെയും.


രാഹുല്‍ഗാന്ധിയെ ‘ബാലക് ബുദ്ധി’യെന്ന് പേരെടുത്തുപറയാതെ മോദി പരിഹസിച്ചു. ബോളിവുഡ് ചിത്രം ‘ഷോലെ’യിലെ സംഭാഷണങ്ങള്‍ പരാമര്‍ശിച്ചും തിരഞ്ഞെടുപ്പിൽ ലഭിച്ച സീറ്റുകളുടെ എണ്ണം ചൂണ്ടിക്കാട്ടിയുമായിരുന്നു മോദിയുടെ പരിഹാസം. സഖ്യകക്ഷികളുടെ വോട്ടു തിന്നുന്ന പരാന്നഭോജിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് ബി.ജെ.പിയുമായി നേരിട്ട് ഏറ്റുമുട്ടിയ ഇടങ്ങളില്‍ 26 ശതമാനമാണ് സ്‌ട്രൈക്ക് റേറ്റ്. എന്നാല്‍, സഖ്യകക്ഷികള്‍ ഉള്ളിടത്ത് 50-ല്‍ കൂടുതലാണിത്. കോണ്‍ഗ്രസ് ജയിച്ച 99 സീറ്റുകളില്‍ ഭൂരിഭാഗവും സഖ്യകക്ഷികളുടെ പ്രയത്‌നത്തിലാണ് ജയിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടത്തിയതിന് ജാമ്യത്തിലുള്ളവരും ഒ.ബി.സി. വിഭാഗത്തെ കള്ളന്മാരെന്ന് വിളിച്ചതിന് ശിക്ഷിക്കപ്പെട്ടവരും മാപ്പ് പറഞ്ഞവരുമാണ് അവര്‍. സഭയില്‍ താങ്ങുവിലയെക്കുറിച്ചും അഗ്നിപഥ് പദ്ധതിയെക്കുറിച്ചും നുണകള്‍ പറഞ്ഞു. വ്യക്തിപരമായ രാഷ്ട്രീയനേട്ടങ്ങള്‍ക്കുവേണ്ടി തങ്ങളുടെ ദൈവങ്ങളുടെ ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും മോദി സഭയില്‍ പറഞ്ഞു.

ഹിന്ദു തീവ്രവാദം പോലെയുള്ള വാക്കുകള്‍ അവര്‍ ഉപയോഗിച്ചു. സമുദായത്തെ ഡെങ്കിയുമായി താരതമ്യപ്പെടുത്തി. അവര്‍ക്ക് രാജ്യം ഒരിക്കലും മാപ്പുനല്‍കില്ല. ഹിന്ദുക്കള്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കാന്‍ ഗൂഢാലോചന നടത്തുന്നത് ഗൗരവമേറിയ കാര്യമാണ്. കഴിഞ്ഞദിവസം പാര്‍ലമെന്റില്‍ നുണകള്‍ പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.

error: Content is protected !!