സ്ത്രീ ഹോട്ടലിൽ പുരുഷനൊപ്പം വരുന്നത് ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കരുത് -ബോംബെ ഹൈക്കോടതി

മുംബൈ: സ്ത്രീ ഹോട്ടലിൽ പുരുഷനൊപ്പം മുറിയിലേക്ക് വരുന്നത് ശാരീരിക ബന്ധത്തിനുള്ള സമ്മതമായി കണക്കാക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. ബലാത്സംഗക്കേസ് റദ്ദാക്കിയ വിചാരണക്കോടതിയുടെ 2021-ലെ വിധിക്കെതിരേസമർപ്പിച്ച ഹർജിയിലാണ് ബോംബെ ഹൈക്കോടതിയുടെ ഗോവ ബെഞ്ചിന്റെ ഉത്തരവ്.
2020 മാർച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതി ഗുൽഷെർ അഹമ്മദ് ഇരയായ യുവതിക്ക് വിദേശത്ത് ജോലി വാഗ്ദാനം ചെയ്തിരുന്നു. ജോലിയുടെ ഭാഗമായി ഒരു ഏജന്റുമായി സംസാരിക്കാനുണ്ടെന്നും അതിനായി മഡ്ഗാവിലെ ഹോട്ടലിൽ മുറി ബുക്ക് ചെയ്യണമെന്നും പ്രതി ആവശ്യപ്പെട്ടു. മുറിക്കുള്ളിൽ കടന്നപ്പോൾ പ്രതി തന്നെ ബലാത്സംഗം ചെയ്തതായും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പരാതിയിൽ പറഞ്ഞു.
പിന്നീട് യുവതി ഹോട്ടലിൽനിന്ന് രക്ഷപ്പെടുകയായിരുന്നു. എന്നാൽ, ഇരുവരും ചേർന്നാണ് മുറി ബുക്ക് ചെയ്തതെന്നും അതിനാൽ ശാരീരിക ബന്ധത്തിനുള്ള സമ്മതമാണ് യുവതി നൽകിയതെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ച് 2021-ൽ വിചാരണക്കോടതി പ്രതിക്കെതിരായ ബലാത്സംഗക്കുറ്റം റദ്ദാക്കി. പ്രതിയെ വെറുതെവിടുകയും ചെയ്തു. വിചാരണക്കോടതി നടപടി തെറ്റാണെന്ന് ബോംബെ ഹൈക്കോടതി നിരീക്ഷിച്ചിട്ടുണ്ട്.

