ഇതു കേരളാ മോഡലല്ല! മൂന്നാറിൽ മുംബൈ സ്വദേശിനിക്ക് ദുരനുഭവം; 2 പൊലീസുകാർക്ക് സസ്പെൻഷന്‍, ഡ്രൈവർമാർ അറസ്റ്റിൽ

മൂന്നാർ: മൂന്നാർ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനിയായ യുവതിക്ക് ടാക്സി ഡ്രൈവർമാർ, പൊലീസ് എന്നിവരിൽനിന്നു ദുരനുഭവം നേരിട്ട സംഭവത്തിൽ ഗ്രേഡ് എസ്ഐ ഉൾപ്പെടെ 2 പൊലീസുകാർക്കു സസ്പെൻഷൻ. 3 ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു.
ടാക്സി ഡ്രൈവർമാരായ ലാക്കാട് ഫാക്ടറി ഡിവിഷനിൽ പി.വിജയകുമാർ (40), തെന്മല്ല എസ്റ്റേറ്റിൽ ന്യൂ ഡിവിഷനിൽ കെ.വിനായകൻ, മൂന്നാർ ജ്യോതി ഭവനിൽ എ.അനീഷ് കുമാർ (40) എന്നിവരാണ് അറസ്റ്റിലായത്. അകാരണമായി തടഞ്ഞുനിർത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകൾ പ്രകാരമാണു കേസ്. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സംഭവത്തിൽ മൂന്നാർ സ്‌റ്റേഷനിലെ ഗ്രേഡ് എസ്ഐ ജോർജ് കുര്യൻ, എഎസ്ഐ സാജു പൗലോസ് എന്നിവരെയാണു ജില്ലാ പൊലീസ് മേധാവി സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലത്തെത്തിയ ഇരുവരും യുവതിയെ സഹായിക്കാതെ ടാക്സി ഡ്രൈവർമാർക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി.
മുംബൈയിൽ അധ്യാപികയായ ജാൻവി എന്ന യുവതിയാണ് കഴിഞ്ഞ വ്യാഴാഴ്ച മൂന്നാർ സന്ദർശന വേളയിൽ ഓൺലൈൻ ടാക്സിൽ യാത്ര ചെയ്തപ്പോൾ പ്രദേശത്തെ ഡ്രൈവർമാരിൽനിന്നും നേരിട്ട ദുരനുഭവം സംബന്ധിച്ച് വിഡിയോ പുറത്തുവിട്ടത്. മൂന്നാറിൽ ഓൺലൈൻ ടാക്സികൾക്ക് നിരോധനമാണെന്നും കോടതി ഉത്തരവുണ്ടെന്നും പറഞ്ഞാണ് ഇവരെ തടഞ്ഞത്. യുവതി പൊലീസ് സഹായം തേടിയെങ്കിലും സ്ഥലത്തെത്തിയ എസ്ഐയും സംഘവും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തു. തുടർന്ന് മറ്റൊരു ടാക്സിയിൽ യാത്ര ചെയ്യേണ്ടിവന്നു. സുരക്ഷിതമല്ലെന്നു കണ്ട് ട്രിപ്പ് അവസാനിപ്പിച്ചു. ഇനി കേരളത്തിലേക്ക് വരില്ലെന്ന് യുവതി വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

