KSDLIVENEWS

Real news for everyone

മുസ്ലിം പുരുഷന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം തേടണം: ഹൈക്കോടതി

SHARE THIS ON

കൊച്ചി: മുസ്ലിം വ്യക്തിനിയമം പുരുഷന് ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടപ്രകാരം തദ്ദേശസ്ഥാപനങ്ങളില്‍ വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ആരായണമെന്ന് ഹൈക്കോടതി. ആദ്യ ഭാര്യ എതിര്‍പ്പ് ഉന്നയിച്ചാല്‍ വിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കരുത്. വിവാഹ രജിസ്‌ട്രേഷന്റെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സിവില്‍ കോടതിയെ സമീപിക്കാന്‍ നിര്‍ദേശിക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.

രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്തുനല്‍കാത്ത കാസര്‍കോട് തൃക്കരിപ്പൂര്‍ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യംചെയ്ത് മുസ്ലിം ദമ്പതിമാര്‍ ഫയല്‍ചെയ്ത ഹര്‍ജിയില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഹൈക്കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

മുസ്ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളില്‍ ഒന്നിലേറെ വിവാഹം അനുവദിക്കുന്നുണ്ടെങ്കിലും രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യ ഭാര്യയെ മൂകസാക്ഷിയാക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

രണ്ടാംവിവാഹം രജിസ്റ്റര്‍ ചെയ്യുംമുന്‍പ് ആദ്യ ഭാര്യക്ക് പറയാനുള്ളത് കേള്‍ക്കണം. ഇക്കാര്യത്തില്‍ മതനിയമത്തിനു മുകളിലാണ് രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും. 2008-ലെ വിവാഹ രജിസ്‌ട്രേഷന്‍ ചട്ടത്തില്‍ രണ്ടാം വിവാഹം രജിസ്റ്റര്‍ചെയ്യാന്‍ ആദ്യ ഭാര്യയുടെ അഭിപ്രായം ബന്ധപ്പെട്ട ഓഫീസര്‍ ആരായണമെന്നുണ്ട്. ഭര്‍ത്താവിന്റെ രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യുമ്പോള്‍ ആദ്യഭാര്യ അനുഭവിക്കുന്ന മാനസികാവസ്ഥയെ കോടതിക്കു അവഗണിക്കാനാകില്ല. അതിനാല്‍ വിവാഹബന്ധം നിലനില്‍ക്കേ ആദ്യ ഭാര്യയെ മറികടന്ന് രണ്ടാംവിവാഹം രജിസ്റ്റര്‍ചെയ്യാനാകില്ല. ആദ്യവിവാഹം തലാഖിലൂടെ വേര്‍പെടുത്തിയതാണെങ്കില്‍ ഇത് ബാധകമാകില്ല.

രണ്ടാമത് വിവാഹം കഴിക്കുമ്പോള്‍ ആദ്യ ഭാര്യയുടെ അനുമതി വേണമെന്ന് ഖുര്‍ആന്‍ നിര്‍ദേശിക്കുന്നില്ലെങ്കിലും അറിയിക്കണം എന്നത് എതിര്‍ക്കുന്നില്ല. ലിംഗസമത്വം സ്ത്രീയുടെ പ്രശ്‌നമല്ല, മാനുഷികപ്രശ്‌നമാണെന്നും കോടതി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!