ദേശീയപാത NH 66: കാസർകോട് മുതൽ തൃശ്ശൂർ വരെ സ്ഥിരം 40 അപകടമേഖലകൾ, കാരണംതേടി ദേശീയപാതാ വിഭാഗം, അന്വേഷണം ആരംഭിച്ചു

തിരുവനന്തപുരം: നിർമാണം പുരോഗമിക്കുന്നതിനിടെ ഗതാഗതത്തിന് തുറന്നുകൊടുത്ത ആറുവരി ദേശീയപാതയിൽ കാസർകോട്-തൃശ്ശൂർ ഭാഗത്ത് 40-ലധികം അപകടമേഖലകൾ. സ്ഥിരമായി വാഹനങ്ങൾ അപകടത്തിൽപ്പെട്ടതോടെ കാരണംതേടി ദേശീയപാതാ വിഭാഗം അന്വേഷണം ആരംഭിച്ചു.
നിർമാണപ്പിഴവുമുതൽ ഡ്രൈവിങ്ങിലെ അശ്രദ്ധവരെ അപകടത്തിനിടയാക്കുന്നുവെന്നാണ് നിഗമനം. ഇതിൽ രൂപകല്പനയിലെ പിഴവ് എങ്ങനെ പരിഹരിക്കണമെന്ന് അറിയാതെ അധികൃതർ കുഴയുകയാണ്.
സ്ഥലമേറ്റെടുക്കുന്നതിലെ പരിമിതികാരണം ചില സ്ഥലങ്ങളിൽ ഒത്തുതീർപ്പിനുവഴങ്ങി പാത അലൈൻമെന്റിൽ മാറ്റംവരുത്തിയിരുന്നു. ഇറക്കം, കൊടുംവളവ് തുടങ്ങി അപകടമുണ്ടാക്കാനുള്ള സാഹചര്യങ്ങളെല്ലാം ചില സ്ഥലങ്ങളിൽ ഒത്തുവന്നിട്ടുണ്ട്.
കോടികൾ മുടക്കി ദേശീയപാത നിർമിക്കുമ്പോൾ അപകടം ഒഴിവാക്കാനുള്ള സുരക്ഷാ മുൻകരുതൽ നിർമാണവേളയിൽത്തന്നെ സ്വീകരിക്കേണ്ടതാണ്. ഇതിൽ പിഴവ് സംഭവിച്ചെന്നാണ് സൂചന. പ്ലാൻ തയ്യാറാക്കുമ്പോഴും നിർമാണ വേളയിലും പൂർത്തിയാകുമ്പോഴും റോഡ് സേഫ്റ്റി ഓഡിറ്റ് നിർബന്ധമാണ്. രണ്ടാംഘട്ട ഓഡിറ്റിൽ പിഴവുകൾ കണ്ടെത്തിയിട്ടുണ്ട്.
സ്വതന്ത്ര ഓഡിറ്റർമാരെ നിയോഗിക്കണമെന്നാണ് ചട്ടമെങ്കിലും ഇവർ മിക്കപ്പോഴും നിർമാണക്കമ്പനികൾക്ക് അനുകൂലമായാണ് റിപ്പോർട്ട് നൽകുക.
അതേസമയം, അതിവേഗം, ഡ്രൈവർമാരുടെ അപരിചിതത്വം, ലൈൻ ട്രാഫിക്കിലെ പിഴവ്, മുന്നറിയിപ്പ് ബോർഡുകളുടെ അഭാവം എന്നിവയും അപകടങ്ങൾക്ക് ഇടയാക്കുന്നുവെന്നാണ് ദേശീയപാതാ വിഭാഗത്തിന്റെ വിലയിരുത്തൽ. ലൈനുകൾ, ബോർഡറുകൾ എന്നിവയെല്ലാം റിഫ്ലക്ടീവ് പെയിന്റിൽ തെളിയിച്ച് ഇലുമിനേറ്റഡ് റോഡുകളാക്കുമ്പോൾ അപകടം കുറയുമെന്നാണ് നിഗമനം.
രൂപകല്പനയിലെ പിഴവ് പിന്നീട് പരിഹരിക്കുക ബുദ്ധിമുട്ടാണ്.പുതിയ പാതകളിൽ അപകടം കൂടുന്നത് സംസ്ഥാനത്ത് ആദ്യമല്ല. കൊല്ലം ബൈപ്പാസ് ഉദ്ഘാടനം ചെയ്തതിന് പിന്നാലെയുണ്ടായ അപകടങ്ങൾക്ക് കാരണം റോഡ് സേഫ്റ്റി ഓഡിറ്റിലെ പിഴവായിരുന്നു. സിഗ്നലുകളും അപകടമുന്നറിയിപ്പ് ബോർഡുകളും ഏറെ അപകടം നടന്നശേഷമാണ് സ്ഥാപിച്ചത്.
ദേശീയപാതാ നിർമാണത്തിൽ വടക്കൻ ജില്ലകളിലാണ് കാര്യമായ പുരോഗതി. വിവിധ സ്ട്രെച്ചുകളിലായി പൂർത്തിയായ ഭാഗം തുറന്നുകൊടുത്തിട്ടുണ്ട്
വില്ലൻ പഴയപാതയിലെ വികസനം
നിലവിലുള്ള പാത ആറുവരിയാക്കുമ്പോൾ സ്ഥലമേറ്റെടുക്കുന്നതിന് പരിമിതിയുണ്ടെങ്കിൽ ഇന്ത്യൻ റോഡ് കോൺഗ്രസ് നിർദേശിക്കുന്ന സുരക്ഷാ നിർദേശം അതേപടി പാലിക്കാൻ കഴില്ലെന്നതാണ് പ്രധാന ന്യൂനത. സംസ്ഥാനത്തെ ദേശീയപാതാ വികസനത്തിന് 25 വർഷത്തെ പഴക്കമുണ്ട്.
ആദ്യപാതയുടെ അലൈൻമെന്റിൽനിന്ന് കാര്യമായ മാറ്റമില്ലാതെ ഇരുവശത്തും സ്ഥലമേറ്റെടുത്താണ് നിർമാണം. അതേസമയം പൂർണമായും പുതിയ പാതയാണെങ്കിൽ റോഡ് സുരക്ഷാമാനദണ്ഡം പൂർണമായും പാലിച്ച് അലൈൻമെന്റ് തയ്യാറാക്കാനാകും.

