ധ്യാന ദമ്പതികളുടെ തമ്മിലടി: എഫ്.ഐ.ആര്‍ വിവരങ്ങള്‍ പുറത്ത്; ബി.എൻ.എസ് 126 പ്രകാരം കേസെടുത്തത് ഭാര്യയുടെ പരാതിയിൽ; ഭര്‍ത്താവിന്റെ പരാതി പരിശോധിക്കുന്നു

തൃശൂർ: ചാലക്കുടിയിലെ ധ്യാന ദമ്ബതികള്‍ തമ്മിലടിച്ച സംഭവത്തില്‍ എഫ് ഐ ആർ വിവരങ്ങള്‍ പുറത്ത്. ചാലക്കുടിയിലെ ഫിലോക്കാലിയ ഫൗണ്ടേഷൻ നടത്തിപ്പുകാരായ ജീജി മാരായോയും ഭർത്താവ് മാരിയോ ജോസഫുമാണ് കുടുംബ തർക്കം തീർക്കുന്നതിനിടെ വഴക്കായതും തല്ലില്‍ കലാശിച്ചതും.
മർദ്ദിച്ചെന്ന ഭാര്യയുടെ പരാതിയില്‍ ഭർത്താവിനെതിരെയാണ് ചാലക്കുടി പൊലീസ് കേസെടുത്തിരിക്കുന്നത്. കുടുംബ ധ്യാനത്തിന്റെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ സജീവമായ ചാലക്കുടിയിലെ ഫിലോക്കാലിയോ ഫൗണ്ടേഷൻ നടത്തിപ്പുകാരാണ് ഇരുവരും. തൊഴില്‍പരമായ തർക്കം തീർക്കുന്നതിനിടെ ഉണ്ടായ വഴക്കാണ് ഇരുവരും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലായത്.
9 മാസമായി അകന്നു കഴിയുകയായിരുന്നു
ദമ്ബതികളായ മാരിയോ ജോസഫും ജിജി മാരിയോയും തൊഴില്‍ തർക്കത്തെത്തുടർന്ന് ഒമ്ബത് മാസമായി അകന്ന് കഴിയുകയായിരുന്നു. പ്രശ്നങ്ങള്‍ പരിഹരിക്കാനായി ജിജി, ഭർത്താവ് മാരിയോയുടെ വീട്ടിലെത്തിയപ്പോളാണ് അനിഷ്ട സംഭവങ്ങള്‍ ഉണ്ടായത്. കഴിഞ്ഞ മാസം 25 നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.
എഫ് ഐ ആറില്‍ പറയുന്നത്
പ്രശ്നങ്ങള്‍ സംസാരിക്കുന്നതിനിടെ ജിജിയെ മാരിയോ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പൊലീസ് എഫ് ഐ ആർ പറയുന്നത്. മാരിയോ സെറ്റ് ബോക്സ് എടുത്ത് ജിജിയുടെ തലയിലടിച്ചു. ഇടത് കൈയ്യില്‍ കടിക്കുകയും മുടിയിഴ പിടിച്ച് വലിക്കുകയും ചെയ്തുള്ള ദേഹോപദ്രവം ഏല്‍പിച്ചെന്നും എഫ് ഐ ആറിലുണ്ട്. എഴുപതിനായിരം രൂപ വിലയുള്ള ഫോണ്‍ എടുത്തെറിഞ്ഞ് പൊട്ടിച്ചെന്നും എഫ് ഐ ആർ വിവരിക്കുന്നു. ജിജിയുടെ പരാതിയില്‍ ചാലക്കുടി പൊലീസാണ് കേസെടുത്തത്. ബി എൻ എസ് 126 പ്രകാരമാണ് മാരിയോക്കെതിരെ കേസെടുത്തിട്ടുള്ളത്. ഒരു മാസം തടവും അയ്യായിരം രൂപ പിഴയും ലഭിക്കുന്ന കുറ്റമാണിത്. ജിജിക്കെതിരെ മാരിയോ ജോസഫും പരാതി നല്‍കിയിട്ടുണ്ട്. ഈ പരാതി പരിശോധിച്ചു വരികയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.

