അമ്മയ്‌ക്കൊപ്പം കിടന്നത് ആണ്സുഹൃത്തിന് ഇഷ്ടപ്പെട്ടില്ല; എളമക്കരയിൽ 12 വയസുകാരന് ക്രൂരമര്‍ദനം, പ്രതികൾ അറസ്റ്റിൽ

കൊച്ചി: എറണാകുളം എളമക്കരയില്‍ 12 വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. കുട്ടി അമ്മയ്‌ക്കൊപ്പം കിടന്നതാണ് ആണ്‍സുഹൃത്തിനെ പ്രകോപിപ്പിച്ചത് എന്ന് പോലീസ് പറയുന്നു. തലയ്ക്കും ശരീരത്തിനും സാരമായി പരിക്കേറ്റ കുട്ടിയെ പരിശോധനയ്ക്ക് എത്തിച്ച ആശുപത്രിയിലെ അധികൃതരാണ് സംഭവം പോലീസില്‍ അറിയിച്ചത്.
വ്യാഴാഴ്ച, നവംബര്‍ 13-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടിയുടെ അമ്മയും അച്ഛനും പിരിഞ്ഞാണ് കഴിഞ്ഞിരുന്നത്. ഇതിനുശേഷം അമ്മയുടെയും ആണ്‍സുഹൃത്തിന്റെയും ഒപ്പമാണ് കുട്ടി താമസിച്ചിരുന്നത്. സംഭവദിവസം ആണ്‍സുഹൃത്ത് വീട്ടിലെത്തുമ്പോള്‍ കുട്ടി അമ്മയ്‌ക്കൊപ്പം ഉറങ്ങുകയായിരുന്നു. ഇത് കണ്ട് പ്രകോപിതനായ ഇയാള്‍ കുട്ടിയുടെ ഇടതുകൈ പിടിച്ച് തിരിക്കുകയും തല ഭിത്തിയോട് ചേര്‍ത്ത് ഇടിക്കുകയുമായിരുന്നു.
പിന്നീട് ശൗചാലയത്തിന്റെ വാതിലിലും തല ഇടിപ്പിച്ചു. ഇതില്‍ കുട്ടിയുടെ തലയ്ക്ക് സാരമായ പരിക്കേറ്റു. ഇതോടെ അമ്മ കുട്ടിയേയുംകൊണ്ട് അടുത്ത മുറിയിലേക്ക് പോയി. ഇതുകണ്ട് വീണ്ടും പ്രകോപിതനായ ആണ്‍സുഹൃത്ത് ഇവരെ പിന്തുടര്‍ന്ന് ആ മുറിയിലേക്ക് എത്തുകയും കുട്ടിയെ വീണ്ടും ഉപദ്രവിക്കുകയും ചെയ്തു. കുട്ടിയെ ഉപദ്രവിക്കുന്നത് കണ്ടുനിന്ന അമ്മ ഇയാളെ തടഞ്ഞില്ലെന്ന് പോലീസ് പറയുന്നു.
തലയ്ക്ക് പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ കാണിക്കാന്‍ എത്തിയപ്പോള്‍ ആശുപത്രി അധികൃതരാണ് വിവരം പോലീസില്‍ അറിയിച്ചത്. കുട്ടിയുടെ നെഞ്ചിലുംമറ്റും നഖംകൊണ്ട് വരഞ്ഞ പാടുകളുമുണ്ടായിരുന്നു. ഇത് ചെയ്തത് കുട്ടിയുടെ അമ്മയാണ് എന്നാണ് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. അമ്മയെ ഒന്നാംപ്രതിയാക്കിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. അമ്മയുടെ ആണ്‍സുഹൃത്ത് രണ്ടാംപ്രതിയാണ്.

