തളിപ്പറമ്പില്‍ വന്‍തീപിടിത്തം: വെളിച്ചെണ്ണ ഫാക്ടറിയും അനുബന്ധസ്ഥാപനങ്ങളും കത്തിനശിച്ചു; കോടികളുടെ നഷ്ടം

തളിപ്പറമ്പ്: വെളിച്ചെണ്ണ ഫാക്ടറിയും അനുബന്ധ സ്ഥാപനങ്ങളും കത്തിനശിച്ച് കോടികളുടെ നഷ്ടം. വായാട്ടുപറമ്പ് സെൻ്റ് ജോസഫ്സ് പള്ളിക്ക് എതിർവശത്തെ ഗ്രാമിക കോക്കനട്ട് ഓയിൽ മില്ലാണ് കത്തിനശിച്ചത്. ശനിയാഴ്ച രാവിലെയാണ് സംഭവം. വായാട്ടുപറമ്പിലെ പുളിയൻമാക്കൽ ഫ്രെഡി സെബാസ്റ്റ്യന്റേതാണ് സ്ഥാപനം. കരുവൻചാൽ- വായാട്ടുപറമ്പ് മലയോര ഹൈവേക്ക് സമീപത്തായാണ് ഓയിൽമില്ല് പ്രവർത്തിക്കുന്നത്. ശനിയാഴ്ച രാവിലെ ആറ് മണിയോടെ മില്ലിൽ നിന്ന് അസാധാരണമായ വിധത്തിൽ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് നാട്ടുകാർ നോക്കിയപ്പോഴാണ് തീ പിടിച്ചതാണെന്ന് അറിയുന്നത്. നാട്ടുകാർ ഉടൻ സ്ഥാപന ഉടമകളെ വിവരമറിയിച്ചു. തുടർന്ന് എസ്.ഐ. റജികുമാറിന്റെ നേതൃത്വത്തിൽ ആലക്കോട് പൊലീസും തളിപ്പറമ്പ്, പെരിങ്ങോം, കണ്ണൂർ, എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ടുനിന്ന രക്ഷാപ്രവർത്തനത്തിലൂടെയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഇതിനകം മില്ലിലുണ്ടായിരുന്ന വെളിച്ചെണ്ണയും കൊപ്രയും ഓഫീസിലെ കമ്പ്യൂട്ടറുകളും അടക്കം പൂർണമായും കത്തിനശിച്ചിരുന്നു.
പതിനായിരം ലിറ്റർ വെളിച്ചെണ്ണ, മുപ്പത് ടൺ കൊപ്ര, നാല് ടൺ തേങ്ങ, നാല് ടൺ തേൻ, ക്വിൻ്റൽ കണക്കിന് പിണ്ണാക്ക്, ഓയിൽ ടാങ്കുകൾ, ബോയിലറുകൾ, ലക്ഷങ്ങൾ വിലമതിക്കുന്ന മെഷീനുകൾ, ഫാക്ടറിയോടുചേർന്നുള്ള ഓഫീസിലെ നാല് കമ്പ്യൂട്ടറുകൾ, ലാപ്പ്ടോപ്പ് മറ്റ് ഓഫീസ് സാമഗ്രികൾ തുടങ്ങിയവയാണ് കത്തിനശിച്ചത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തളിപ്പറമ്പ് ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൻ. കുര്യാക്കോസ്, അസി. സ്റ്റേഷൻ ഓഫീസർ ഹരിനാരായണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘമാണ് തീ അണയ്ക്കലിന് നേതൃത്വം നൽകിയത്.
സേനാംഗങ്ങളായ അനുരൂപ്, സി. അഭിനേഷ്, അഭിനവ്, വിനോദ്, രജീഷ്, ജയൻ, മാത്യു എന്നിവരും തളിപ്പറമ്പ ഫയർഫോഴ്സ് സംഘത്തിലുണ്ടായിരുന്നു. സീനിയർ ഫയർ ഓഫീസർ ശ്യാമിൻ്റെ നേതൃത്വത്തിൽ പെരിങ്ങോത്ത് നിന്നും, ഷിജോയുടെ നേതൃത്വത്തിൽ കണ്ണൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തിയിരുന്നു. 12,000ലിറ്റർ വെള്ളം കൊള്ളുന്ന വാട്ടർ ബ്രൗസറുമായാണ് ഫയർഫോഴ്സ് തീയണക്കാൻ എത്തിയത്.
ഓയിൽ മില്ലിനോട് ചേർന്നാണ് തൊഴിലാളികളും താമസിക്കുന്നത്. ഭാഗ്യം കൊണ്ടാണ് ഇവർ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.

