KSDLIVENEWS

Real news for everyone

കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്‌ക്കെടുത്ത് നൽകും, ഭക്ഷണത്തിന് ഇന്ദിര കന്റീൻ; വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടന പത്രിക

SHARE THIS ON

കൊച്ചി: എല്ലാവർ‍ക്കും വീട്, വന്യജീവി ആക്രമണങ്ങളിൽനിന്ന് സംരക്ഷണം, തെരുവുനായ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം തുടങ്ങിയ ജനകീയ വിഷയങ്ങൾ മുൻനിർത്തി തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. ആശാ വർക്കർമാര്‍ക്ക് 2000 രൂപ പ്രത്യേക പ്രതിമാസ അലവൻസ് നൽകുമെന്നും അടുത്ത 5 വർഷത്തിനുള്ളിൽ 5 ലക്ഷം വീടുകൾ നിർമിക്കുമെന്നും വാഗ്ദാനം ചെയ്യുന്നതാണ് പ്രകടനപത്രിക. കൊച്ചിയിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രകടന പത്രിക അവതരിപ്പിച്ചു. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, ഘടകക്ഷി നേതാക്കളായ പി.കെ.കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, ഷിബു ബേബി ജോൺ, എ.എൻ.രാജൻ ബാബു, മാണി സി.കാപ്പൻ, ജി.ദേവരാജൻ തുടങ്ങിയവരും പങ്കെടുത്തു. 

∙ ക്ഷേമപെൻഷൻ ഗുണഭോക്താക്കൾ എല്ലാവർഷവും മസ്റ്ററിങ്, പുനർവിവാഹിതയല്ല എന്ന സാക്ഷ്യപത്രം, വരുമാന സർട്ടിഫിക്കറ്റ് എന്നിവ രണ്ടു വർഷത്തിലൊരിക്കൽ എന്ന രീതിയിലേക്കു മാറ്റം വരുത്തും.
∙ ആശ്രയ 2.0: എൽഡിഎഫ് സർക്കാർ തമസ്‌കരിച്ച ആശ്രയ പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിക്കും.
∙ മഞ്ഞ, പിങ്ക് റേഷൻ കാർഡ് ഉടമകളുടെ ദാരിദ്ര്യം ലഘൂകരിക്കാൻ പ്രത്യേക കർമ്മ പദ്ധതി.
∙ കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കാൻ ഇന്ദിര കന്റീൻ പോലുള്ള മികച്ച കന്റീനുകൾ സ്ഥാപിക്കും.
∙ കുറഞ്ഞ വരുമാനമുള്ളവർക്ക് വീട് വാടകയ്‌ക്കെടുത്ത് നൽകും.
∙ ഭവന പദ്ധതി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരിഷ്‌കരിച്ച് ഗ്രാമസഭകൾ വഴി പ്രാദേശികമായി കണ്ടെത്തും.
∙ വാടക വീടുകളിൽ താമസിക്കുന്നവർക്ക് രേഖകളും ആനുകൂല്യങ്ങളും ഉറപ്പാക്കാൻ പ്രത്യേക ക്യാംപെയ്‌ൻ
∙ തൊഴിലുറപ്പ് പദ്ധതികൾ (മഹാത്മാഗാന്ധി, അയ്യങ്കാളി) കൂടുതൽ കാര്യക്ഷമമാക്കും; മുള, വൃക്ഷം വച്ചുപിടിപ്പിക്കൽ, ക്ഷീരവികസനം, ഭവനനിർമാണം എന്നിവ ഉൾപ്പെടുത്തി പരിഷ്‌കരിക്കും. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിക്ക് തുല്യമായി 100 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കും.
∙ യുവശക്തി നാടിന്റെ സമ്പത്ത്: യുവാക്കൾക്ക് പ്രത്യേക ഘടക പദ്ധതി, പ്രത്യേക ഫണ്ട് നീക്കിവച്ച് തൊഴിൽ രഹിതരില്ലാത്ത തദ്ദേശ സ്ഥാപനങ്ങൾ ലക്ഷ്യമിടും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!