വനത്തിനുള്ളിൽ കയറി രാത്രി വീഡിയോ ഷൂട്ട്: യൂട്യൂബർമാരുടെ പേരിൽ വനംവകുപ്പ് കേസെടുത്തു

പുല്പള്ളി: വനത്തിനുള്ളിൽ രാത്രി വീഡിയോ ചിത്രീകരിച്ച യൂട്യൂബർമാർക്കെതിരേ വനംവകുപ്പ് കേസെടുത്തു. കോഴിക്കോട് ചാലപ്പുറം തിരുത്തുമ്മൽ മൂരിയാട് സ്വദേശിയായ കത്തിയൻവീട് സാഗർ (33) ഉൾപ്പെടെ ഏഴുപേരെ പ്രതിചേർത്താണ് പുല്പള്ളി ഫോറസ്റ്റ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. ഒരു വർഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണിതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ചയാണ് ചേകാടി പാതയിൽ ഉദയക്കര ഭാഗത്ത് യുറ്റ്യൂബർമാർ അതിക്രമിച്ചുകടന്ന് വീഡിയോ ചിത്രീകരിച്ചത്. അഞ്ച് ബൈക്കുകളിലായി എത്തിയ ഇവർ അനുമതിയില്ലാതെ, വന്യജീവികൾ നിറഞ്ഞ വനത്തിനുള്ളിലൂടെ വീഡിയോ ചിത്രീകരിച്ച് യാത്രചെയ്തതിനാണ് കേസെടുത്തത്.
ചിത്രീകരിച്ച വീഡിയോ സാമൂഹികമാധ്യമ പേജിൽ ഇവർ അപ്‌ലോഡ് ചെയ്തിരുന്നു. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വനംവകുപ്പ് കേസെടുത്തത്.
വന്യജീവികൾക്ക് ശല്യമാകുന്നവിധത്തിൽ റിസർവ് വനത്തിനുള്ളിൽ അനുമതിയില്ലാതെയുള്ള ഇത്തരം യാത്രകൾക്കും റീൽസ് ചിത്രീകരണത്തിനുമെതിരേ കർശന നടപടികൾ സ്വീകരിക്കുമെന്ന് സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ അറിയിച്ചു.

