മൂന്നാംഘട്ട പരീക്ഷണം: കോവിഡ് വാക്‌സിന്‍ 94.5 ശതമാനം ഫലപ്രദമെന്ന് മോഡേണ

വാഷിങ്ടൺ: അമേരിക്കൻ ബയോടെക്നോളജി കമ്പനിയായ മൊഡേണയുടെ പരീക്ഷണാത്മക കോവിഡ് 19 പ്രതിരോധ വാക്സിൻ 94.5 ശതമാനം ഫലപ്രദമെന്ന് റിപ്പോർട്ട്. മൊഡേണ തന്നെയാണ് തിങ്കളാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. മൂന്നാംഘട്ട പഠനത്തിന്റെ ഇടക്കാല അവലോകനറിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് വാക്സിന് കോവിഡ് പ്രതിരോധത്തിന് കഴിയുമെന്ന് മൊഡേണ അവകാശപ്പെട്ടിരിക്കുന്നത്. മൂന്നാംഘട്ട പഠനത്തിൽ നിന്നുളള പോസിറ്റീവായ ഈ ഇടക്കാല വിശകലനം ഞങ്ങളുടെ വാക്സിന് ഗുരുതര കേസുൾപ്പടെയളള കോവിഡ് 19
പ്രതിരോധിക്കാൻ കഴിയുമെന്ന ആദ്യ ക്ലിനിക്കൽ സാധൂകരണമാണ് നൽകിയിരിക്കുന്നത്.’ മോഡേണയുടെ സി.ഇ.ഒ. സ്റ്റീഫൻ ബൻസെൽ പറഞ്ഞു. ആഴ്ചകൾക്കുള്ളിൽ യുഎസിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും വാക്സിന് അടിയന്തര അംഗീകാരത്തിനുളള അപേക്ഷ സമർപ്പിക്കാനുളള തീരുമാനത്തിലാണ് കമ്പനി. വർഷാവസാനത്തോടെ 20 ദശലക്ഷം ഡോസുകൾ കയറ്റി അയയ്ക്കാൻ സാധിക്കുമെന്നാണ് കമ്പനി പ്രതീക്ഷിക്കുന്നത്. യുഎസ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്തിന്റെ സഹകരണത്തോടെ ഉല്പാദിപ്പിച്ച മൊഡേണ വാക്സിൻ 28 ദിവസത്തെ ഇടവേളയിൽ രണ്ടുതവണയാണ് നൽകുന്നത്. വാക്സിൻ നൽകിയ 30,000 കോവിഡ് ബാധിതരിൽ 95 പേരുടെ ഡേറ്റകളുടെ അടിസ്ഥാനത്തിലാണ് പ്രാഥമിക ഫലം തയ്യാറാക്കിയിരിക്കുന്നത്. മൊഡേണയുടെ പ്രഖ്യാപനത്തെ ആവേശത്തോടെയാണ് വൈദ്യശാസ്ത്രലോകം സ്വീകരിച്ചത്. മൊഡേണയിൽ നിന്നുളള വാർത്ത വളരെയധികം ഉത്സാഹമുണർത്തുന്നതാണെന്നും അടുത്ത കുറച്ചുമാസങ്ങൾക്കുള്ളിൽ വാക്സിൻ ലഭ്യമാകുമെന്ന ശുഭാപ്തി വിശ്വാസം ഉയർത്തുന്നതാണെന്നും ലണ്ടൻ ഇംപീരിയൽ കോളേജിലെ പ്രൊഫസർ പീറ്റർ ഓപൺഷാ പറഞ്ഞു. ‘പ്രായപൂർത്തിയായ, വെല്ലുവിളികൾ നേരിടുന്ന, വയോധികരുൾപ്പടെയുളള യുഎസിലെ 30,000 പേരിൽ നടത്തിയ ട്രയലുകളുടെ അടിസ്ഥാനത്തിലുളളതാണ് മൊഡേണയുടെ പ്രസ് റിലീസ്. കോവിഡ് 19 ദോഷകരമായി ബാധിക്കുന്ന ദുർബല വിഭാഗങ്ങളിൽ പോലും കോവിഡ് വാക്സിൻ കാര്യക്ഷമമായി പ്രവർത്തിക്കുന്നു എന്നുളളത് നമുക്ക് ആത്മവിശ്വാസം നൽകുന്നതാണ്.’ പ്രൊഫസർ പറയുന്നു.

