വാക്സിന് ഉദ്പാദനത്തില്‍ പിഴവ്; ഓക്സഫഡ് വാക്സിന്റെ വിശ്വാസ്യതയില്‍ സംശയമുയരുന്നു

ലണ്ടൻ: ആസ്ട്ര സനേകയുമായി ചേർന്ന് ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്സിന്റെ വിശ്വാസ്യത സംബന്ധിച്ച് സംശയമുയരുന്നു. വാക്സിന്റെ നിർമാണത്തിൽ പിഴവുണ്ടായതായുള്ള വിവരം പുറത്തുവന്നതോടെയാണ് പരീക്ഷണ ഫലം സംബന്ധിച്ച് സംശയമുയരുന്നത്. തങ്ങളുടെ വാക്സിൻ 90 ശതമാനം വരെ ഫലപ്രദമാണെന്നാണ് ആസ്ട്ര സനേക നേരത്തെ വ്യക്തമാക്കിയിരുന്നത്.
ഒരുമാസത്തിന്റെ ഇടവേളയിൽ ആദ്യം പകുതി ഡോസും പിന്നീട് ബാക്കി പകുതിയും നൽകിയുള്ള പരീക്ഷണം 90 ശതമാനം ഫലപ്രദമായിരുന്നെന്നായിരുന്നു കമ്പനി വ്യക്തമാക്കിയിരുന്നത്. ഒരുമാസം ഇടവിട്ട് രണ്ട് പൂർണ ഡോസുകൾ നൽകിയപ്പോൾ 62 ശതമാനമേ ഫലപ്രാപ്തിയുണ്ടായിരുന്നുള്ളൂ. രണ്ടു പരീക്ഷണങ്ങളുടെയും ശരാശരി നോക്കുമ്പോൾ വാക്സിൻ 70 ശതമാനം ഫലപ്രദമാണെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.
രണ്ടു ഡോസുകളിൽ പരീക്ഷണം നടത്തിയത് സംശയം ഉയർത്തിയിരുന്നു. പകുതി ഡോസ് നൽകിയത് വാക്സിൻ നിർമാണത്തിൽ ഡോസേജിലുണ്ടായ പിഴവ് മൂലമാണെന്ന് അമേരിക്കയിലെ വാക്സിൻ പ്രോഗ്രാം ‘ഓപ്പറേഷൻ വാർപ് സ്പീഡ്’ പിന്നീട് പറഞ്ഞു. മാത്രമല്ല, കൂടിയ ശതമാനം ഫലപ്രാപ്തി കണ്ടെത്തിയത് യുവാക്കളിൽ നടത്തിയ പരീക്ഷണത്തിലാണെന്നും ഇവർ വ്യക്തമാക്കി. പിന്നീട് ആസ്ട്ര സനേകയും പിഴവുണ്ടായതായി സമ്മതിച്ചു.
ഈ വിവരങ്ങൾ പുറത്തുവന്നതോടെയാണ് ഓക്സ്ഫഡ് വാക്സിന്റെ കാര്യത്തിൽ സംശയം ഉയർന്നത്. പരീക്ഷണത്തിൽ ഏതെങ്കിലും തരത്തിലുള്ള സംശയം ഉയർന്നുവരുന്നത് വാക്സിന്റെ വിശ്വാസ്യതയെത്തന്നെ നശിപ്പിക്കുമെന്നാണ് ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ കൂടുതൽ വിശദമായ വിലയിരുത്തലുകൾ ഓക്സ്ഫഡ് വാക്സിന്റെ കാര്യത്തിൽ ആവശ്യമാണെന്നും അവർ പറയുന്നു.
20,000-ത്തോളം പേരിലായിരുന്നു വാക്സിൻ പരീക്ഷണം നടത്തിയത്. ഇതിൽ പകുതി പേർ ബ്രിട്ടനിലും ബാക്കി ബ്രസീലിലുമായിരുന്നു. വാക്സിന്റെ വലിയ തോതിലുള്ള നിർമാണം ലോകത്തെ ഏറ്റവും വലിയ വാക്സിൻ നിർമാതാക്കളിലൊന്നായ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി ചേർന്ന് നടത്താനായിരുന്നു തീരുമാനിച്ചിരുന്നത്.
ഫൈസർ, മോഡേണ വാക്സിനുകളെക്കാൾ ഓക്സ്ഫഡ് വാക്സിന് ഫലപ്രാപ്തി കുറവാണെന്ന് നേരത്തെ വിമർശനമുയർന്നിരുന്നു. യു.എസ്. കമ്പനിയായ മോഡേണയുടെ വാക്സിൻ 94.5 ശതമാനവും ഫൈസർ 95 ശതമാനവും ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. റഷ്യയുടെ സ്പുട്നിക്-5 വാക്സിന്റെ ഫലപ്രാപ്തി 90 ശതമാനമാണ്. എന്നാൽ മറ്റ് രണ്ടു വാക്സിനുകളും ഫ്രീസറിലാണ് സൂക്ഷിക്കേണ്ടതെങ്കിൽ ഓക്സ്ഫഡ് വാക്സിൻ ഫ്രിഡ്ജിൽ സൂക്ഷിച്ചാൽമതി എന്നതായിരുന്നു ഇതിന്റെ മെച്ചമായി ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നത്.

