KSDLIVENEWS

Real news for everyone

തായ്‌വാന്‍ പാര്‍ലമെന്റില്‍ ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടല്‍; പ്രതിപക്ഷം പന്നിയുടെ കുടല്‍മാല വലിച്ചെറിഞ്ഞു

SHARE THIS ON

തായ്പെ: അമേരിക്കയിൽ നിന്ന് പന്നിയിറച്ചി ഇറക്കുമതി ചെയ്യാനുള്ള തീരുമാനം സംബന്ധിച്ച ചർച്ചയ്ക്കിടെ തായ്വാൻ പാർലമെന്റിൽ നാടകീയ രംഗങ്ങൾ. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് മുഖ്യ പ്രതിപക്ഷമായ കുമിംഗ്താങ് (കെ.എം.ടി) പാർട്ടി അംഗങ്ങൾ സഭാനടപടികൾ തടസപ്പെടുത്തി. പന്നിയുടെ കുടൽമാലയും മറ്റും പ്രതിപക്ഷം ഭരണകക്ഷി അംഗങ്ങൾക്ക് നേരെ വലിച്ചെറിഞ്ഞു. ഇതോടെ ഇരുകൂട്ടരും തമ്മിൽ കയ്യാങ്കളിയായി.അമേരിക്കയിൽ നിന്നുള്ള പന്നിയിറച്ചി ജനുവരി ഒന്ന് മുതൽ ഇറക്കുമതി ചെയ്യാൻ അനുമതി നൽകുമെന്ന് തായ്വാൻ പ്രസിഡന്റ് സായ് ഇംഗ്-വെൻ കഴിഞ്ഞ ഓഗസ്റ്റിൽ പ്രഖ്യാപിച്ചിരുന്നു. റക്ടോപാമൈൻ അടങ്ങിയ പന്നിമാസം ഇറക്കുമതി ചെയ്യാനാണ് സർക്കാർ നീക്കം. ഈ പന്നിയിറച്ചി യൂറോപ്യൻ യൂണിയൻ, ചൈന ഉൾപ്പെടെയുള്ള രാജ്യങ്ങൾ നിരോധിച്ചതാണ്. അതിനാൽതന്നെ ആരോഗ്യകാര്യങ്ങളിലെ ആശങ്ക ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിപക്ഷ പ്രതിഷേധം.
സർക്കാർ നീക്കത്തിനെതിരേ ബാനറുകളും പ്ലക്കാർഡുകളും മറ്റും ഉയർത്തിയാണ് പ്രതിപക്ഷം വെള്ളിയാഴ്ച സഭയിലെത്തിയത്. പ്രീമിയർ സു സെങ് ചാങ് സഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോൾ പ്രതിപക്ഷ അംഗങ്ങൾ പന്നിയിറച്ചി വലിച്ചെറിയുകയായിരുന്നു. ഇതോടെയാണ് ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായത്. സെപ്റ്റംബറിൽ സഭ ചേർന്നപ്പോഴും പ്രീമിയർ സു സെങ് ചാങിന്റെ അഭിസംബോധന പ്രതിപക്ഷം തടസപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച സഭയിലെത്തിയ സു സെങിന് ചുറ്റും ഭരണകക്ഷിയായ ഡൊമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി പ്രത്യേക സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ പ്രതിപക്ഷം വലിയ പ്രതിഷേധം ഉയർത്തിയതോടെ സഭാനടപടികൾ വീണ്ടും തടസപ്പെട്ടു.
സർക്കാർ തീരുമാനം ആരോഗ്യരംഗത്തിന് ഭീഷണിയാണെന്ന് കുമിംഗ്താങ് പാർട്ടി വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളുടെ പ്രതിഷേധത്തെ ശക്തമായ ഭാഷയിൽ അപലപിച്ച ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി, പ്രതിപക്ഷം യുക്തിസഹമായ ചർച്ചയിലേക്ക് മടങ്ങിവരണമെന്നും ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!