റഷ്യയില്‍ വന്‍തോതിലുള്ള വാക്സിന് വിതരണം അടുത്തയാഴ്ച തുടങ്ങാന്‍ ഉത്തരവിട്ട് പുതിന്

മോസ്കോ: റഷ്യയിൽ വൻതോതിലുള്ള കോവിഡ് വാക്സിൻ വിതരണത്തിന് അടുത്തയാഴ്ച തുടക്കം കുറിക്കാൻ പ്രസിഡന്റ് വ്ളാദിമിർ പുതിൻ നിർദ്ദേശം നൽകി. സ്പുട്നിക് 5 വാക്സിന്റെ 20 ലക്ഷം ഡോസുകൾ റഷ്യ നിർമിച്ചുകഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോക്ടർമാർക്കും അധ്യാപകർക്കുമാവും ആദ്യം വാക്സിൻ നൽകുക. വൻതോതിലുള്ള വാക്സിൻ വിതരണം അടുത്തയാഴ്ച തുടങ്ങാനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയാക്കാനാണ് പുതിൻ നിർദ്ദേശിച്ചിട്ടുള്ളത്. സ്പുട്നിക് 5 വാക്സിൻ 95 ശതമാനം ഫലപ്രദമാണെന്ന് ഇടക്കാല പരീക്ഷണ ഫലങ്ങൾ തെളിയിക്കുന്നതായി റഷ്യ നേരത്തെ അവകാശപ്പെട്ടിരുന്നു. ഫൈസർ, ബയോൺടെക് എന്നിവയുടെ വാക്സിന് ബ്രിട്ടൻ അനുമതി നൽകി മണിക്കൂറുകൾക്കുള്ളിലാണ് വാക്സിൻ വിതരണം അടുത്തയാഴ്ച തുടങ്ങുമെന്ന റഷ്യയുടെ പ്രഖ്യാപനം.
റഷ്യൻ പൗരന്മാർക്ക് സൗജന്യമായാവും വാക്സിൻ നൽകുകയെന്ന് എൻഡിടിവി റിപ്പോർട്ടുചെയ്തു. ബ്രിട്ടനിലും അടുത്തയാഴ്ചയാവും കോവിഡ് വാക്സിൻ വിതരണം തുടങ്ങുക. സ്പുട്നിക് 5 വാക്സിന്റെ രണ്ടും മൂന്നും ഘട്ട പരീക്ഷണങ്ങൾ ബന്ധപ്പെട്ടവരുടെ അനുമതിയോടെ ഇന്ത്യയിൽ ഉടൻ തുടങ്ങുമെന്ന പ്രഖ്യാപനം അടുത്തിടെ പുറത്തുവന്നിരുന്നു.

