ട്രംപിനെ സ്ഥിരമായി വിലക്കി ട്വിറ്റര്‍: നിശബ്ദനാക്കാന്‍ ശ്രമമെന്ന് പ്രസിഡന്റ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് എന്നന്നേക്കുമായി ട്വിറ്റർ മരവിപ്പിച്ചു. യുഎസ് പാർലമെന്റ് മന്ദിരമായ കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ കൂടുതൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനാണ് അക്കൗണ്ട് നീക്കിയതെന്ന് ട്വിറ്റർ അറിയിച്ചു.
ഡെമോക്രാറ്റുകളുമായി ചേർന്ന് ട്വിറ്റർ ജീവനക്കാർ അക്കൗണ്ട് നീക്കാൻ ഗൂഢോലാചന നടത്തുകയായിരുന്നുവെന്നും തന്നെ നിശബ്ദനാക്കാനാണ് ശ്രമമെന്നും ട്രംപ് പറഞ്ഞു. ഏഴരക്കോടി ദേശസ്നേഹികൾ തനിക്ക് വോട്ട് ചെയ്തതായും അദ്ദേഹം പറഞ്ഞു
ഡൊണാൾഡ് ട്രംപിന്റെ അടുത്തിടെയുളള ട്വീറ്റുകൾ സൂക്ഷ്മം നിരീക്ഷിച്ചതിന് ശേഷം അദ്ദേഹത്തിന്റെ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാൻ തീരുമാനിച്ചതെന്ന് ട്വിറ്റർ വിശദീകരണത്തിൽ വ്യക്തമാക്കി. ട്രംപിന്റെ ട്വീറ്റുകൾ അക്രമത്തിന് പ്രേരണ നൽകിയേക്കാമെന്ന അപകടസാധ്യത മുന്നിൽ കണ്ടാണ് തീരുമാനം.
കാപ്പിറ്റോളിൽ ട്രംപ് അനുകൂലികൾ നടത്തിയ പ്രക്ഷോഭത്തെ തുടർന്ന് 12 മണിക്കൂർ നേരത്തേക്ക് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ മരവിപ്പിച്ചിരുന്നു. ട്വിറ്ററിന്റെ നയങ്ങൾ തുടർന്നും ലംഘിക്കുകയാണെങ്കിൽ എന്നന്നേക്കുമായി അക്കൗണ്ട് സസ്പെൻഡ് ചെയ്യുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.
വ്യാഴാഴ്ച വൈകീട്ട് അക്കൗണ്ട് തിരികെ ലഭിച്ച ട്രംപ് കലാപത്തെ തളളിപ്പറഞ്ഞും ബൈഡന്റെ വിജയത്തെ അംഗീകരിച്ചും വീഡിയോ സന്ദേശം ട്വീറ്റ് ചെയ്തിരുന്നു. സമാധാനപരമായ അധികാര കൈമാറ്റമാണ് താൻ ആഗ്രഹിക്കുന്നതെന്ന് ട്രംപ് വിശദീകരിച്ചെങ്കിലും ബൈഡനെ അഭിനന്ദിക്കാനോ അദ്ദേഹത്തിന്റെ പേര് പരാമർശിക്കാനോ ട്രംപ് തയ്യാറായില്ല.
ട്രംപിന്റെ വെള്ളിയാഴ്ചത്തെ രണ്ടുട്വീറ്റുകളുടെ പശ്ചാത്തലത്തിലാണ് അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യാനുളള കടുത്ത തീരുമാനത്തിൽ ട്വിറ്റർ എത്തിച്ചേർന്നത്.
അമേരിക്കൻ പ്രസിഡന്റായി ജനുവരി 20-ന് ജോ ബെയ്ഡൺ സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങിൽനിന്ന് വിട്ടുനിൽക്കുമെന്നായിരുന്നു ഒരു ട്വീറ്റ്. ഭരണകൈമാറ്റം സമാധാനപരമായിട്ടായിരിക്കും നടക്കുകയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ട്രംപ് തന്റെ ചടങ്ങ് ബഹിഷ്കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചത്.
അക്രമങ്ങളെ മഹത്വവൽക്കരിക്കുന്നതിനെതിരായ ട്വിറ്ററിന്റെ നയത്തെ ലംഘിച്ചതിന്റെ അടിസ്ഥാനത്തിൽ അക്കൗണ്ട് എന്നന്നേക്കുമായി നീക്കം ചെയ്യുകയാണെന്നും ട്വിറ്റർ വ്യക്തമാക്കി.
കാപ്പിറ്റോളിൽ നടത്തിയ പ്രക്ഷോഭത്തിൽ അസ്വസ്ഥരാണെന്ന് നൂറുകണക്കിന് ജീവനക്കാർ ചീഫ് എക്സിക്യൂട്ടീവ് ജാക്ക് ഡോർസിക്ക് അയച്ച കത്തിൽ ഒപ്പിട്ടതായി ട്വിറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച നടന്ന കലാപത്തിൽ ട്വിറ്റർ പ്ലാറ്റ്ഫോം വിനിയോഗിക്കപ്പെട്ടതിനെ കുറിച്ച് അവലോകനം ചെയ്യാൻ ജീവനക്കാരോട് ട്വിറ്റർ ആവശ്യപ്പെട്ടതായാണ് വിവരം.
ജോ ബൈഡന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് ട്രംപ് വിട്ടുനിൽക്കുകയാണെങ്കിൽ 1869-ൽ അന്നത്തെ പ്രസിഡന്റ് ആൻഡ്രൂ ജോൺസൺ തന്റെ പിൻഗാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്ന് വിട്ടുനിന്നതാണ് ഇതിന് മുമ്പുണ്ടായ സംഭവം
ഇതിനിടെ കാപ്പിറ്റോൾ മന്ദിരത്തിലെ അതിക്രമങ്ങൾക്കുപിന്നാലെ ട്രംപ് ഭരണകൂടത്തിലെ മുതിർന്ന ഉദ്യോഗസ്ഥരുടെ കൂട്ടരാജി തുടരുകയാണ്. വിദ്യാഭ്യാസസെക്രട്ടറി ബെറ്റ്സി ഡിവാസ്, ഗതാഗത സെക്രട്ടറി ഇലെയ്ൻ ചാവോ എന്നിവരാണ് വെള്ളിയാഴ്ച രാജി സമർപ്പിച്ചത്.
വൈറ്റ്ഹൗസ് മുൻ ആക്ടിങ് ചീഫ് ഓഫ് സ്റ്റാഫ് മിക് മുൾവാനെ, വൈറ്റ്ഹൗസിലെ സാമ്പത്തിക ഉപദേശക കൗൺസിൽ ആക്ടിങ് ചെയർമാൻ ടൈലർ ഗുഡ്സ്പീഡ്, ജോൺ കാസ്റ്റെല്ലോ എന്നിവരും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

