രണ്ട് മെയ്ഡ് ഇന്‍ ഇന്ത്യ വാക്‌സിന്‍ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാന്‍ ഇന്ത്യ തയ്യാര്‍- മോദി

ന്യൂഡൽഹി: സമ്പദ് വ്യവസ്ഥയെ തകർക്കുകയും പൊതുജനാരോഗ്യ സംരക്ഷണ സംവിധാനങ്ങളെ തകർക്കുകയും ചെയ്യുന്ന കോവിഡിനെതിരെ, ഒന്നല്ല, രണ്ട് ‘മെയ്ഡ് ഇൻ ഇന്ത്യ’ വാക്സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
‘ലോകത്തിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണനിരക്കും ഉയർന്ന രോഗമുക്തി നിരക്കും കൂടുതലുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇന്ന് ഒന്നല്ല, രണ്ട് മെയ്ഡ് ഇൻ ഇന്ത്യ കൊറോണ വൈറസ് വാക്സിൻ ഉപയോഗിച്ച് മനുഷ്യരാശിയെ സംരക്ഷിക്കാൻ ഇന്ത്യ തയ്യാറാണ്’ മോദി പറഞ്ഞു. 16-ാമത് പ്രവാസി ഭാരതീയ ദിവസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോകമെമ്പാടുമുള്ള ഇന്ത്യക്കാരുടെ മനസ്സ് ‘മാ ഭാരതി’ കാരണം ബന്ധപ്പെട്ട് കിടക്കുന്നു. പോയവർഷം വിദേശത്ത് ഇന്ത്യൻ വംശജർ വെല്ലുവിളികളെ നേരിടാനുള്ള ശ്രമങ്ങൾ നടത്തിയതിനെ പ്രധാനമന്ത്രി പ്രശംസിച്ചു.
പി.പി.ഇ കിറ്റ്, മാസ്ക്, വെന്റിലേറ്റർ മുതലായ ഉപകരണങ്ങൾ നേരത്തെ രാജ്യത്തിന് പുറത്ത് നിന്നാണ് വന്നിരുന്നത്. എന്നാൽ ഇന്ന് നമ്മുടെ രാജ്യം സ്വാശ്രയമാണ്. അഴിമതി തടയുന്നതിന് ഇന്ത്യ ഇന്ന് ടെക്നോളജി ഉപയോഗിക്കുന്നു. ലക്ഷങ്ങളും കോടികളും വിലമതിക്കുന്ന പണം നേരിട്ട് ഗുണഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്കെത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു.null
‘ഇന്ത്യ തകരുമെന്നും ജനാധിപത്യം രാജ്യത്ത് അസാധ്യമാകുമെന്നും ചില ആളുകൾ പറഞ്ഞു. എന്നാൽ യാഥാർഥ്യം, ഇന്ത്യ ഇന്ന് ശക്തവും ഊർജ്ജസ്വലവുമായ ജനാധിപത്യരാജ്യമായി ഒന്നിച്ചുനിൽക്കുന്നു’ മോദി കൂട്ടിച്ചേർത്തു.
രാജ്യത്തെ ദരിദ്രരെ ശാക്തീകരിക്കുന്നതിനായി ഇന്ത്യയിൽ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണം ലോകമെമ്പാടും ചർച്ചചെയ്യപ്പെടുകയാണ്. പുനരുപയോഗ ഊർജ്ജമേഖലയിൽ വികസ്വര രാജ്യത്തിനും നേതൃത്വം നൽകാമെന്ന് തങ്ങൾ തെളിയിച്ചെന്നും പ്രധാനമന്ത്രി പറഞ്ഞു.

